Hand choosing green happy smiley face paper cut, product, user, service feedback rating and customer reveiw, experience, satisfaction survey, psychology mental health test concept

ഒരു ചെറുപ്പക്കാരൻ. പാലക്കാടുകാരനാണ്, സുന്ദരൻ, ആരോഗ്യവാൻ, ഗൾഫിൽ നല്ല ജോലി.
വെക്കേഷന് നാട്ടിൽ വന്നപ്പോൾ സുഹൃത്തുക്കളോടൊപ്പം കറങ്ങാൻ ഇറങ്ങിയതാണ്. ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഒരാൾക്ക് ഓംലറ്റ് കിട്ടാൻ വൈകിയതിന് കടക്കാരനുമായി ചെറുതായൊന്ന് ഉടക്കി.


ഭക്ഷണം കഴിക്കാൻ വന്ന വേറൊരു ‘ടീം’ ആ ഉടക്കിൽ പങ്കുചേർന്നു. വാഗ്വാദങ്ങൾ തുടർന്ന് കൊണ്ടിരിക്കെ കാശ് കൊടുത്ത് കാറിൽ കയറിയതാണ്. ‘ശത്രുക്കളിൽ’ ഒരുത്തൻ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസിലെ വെള്ളം കാറിന് മുകളിലേക്കൊഴിച്ചു.
കോപം ഇരച്ചു കയറിയ ‘നായകൻ’ ഇറങ്ങിച്ചെന്ന് അവന്റെ കുത്തിന് പിടിച്ചു. ഇത്തിരി തരിപ്പിലായിരുന്ന വേറൊരുത്തൻ സോഡാക്കുപ്പിയെടുത്ത് നായകന്റെ തലക്കടിച്ചു.
ചോര ചീറ്റി, ബോധം പോയി. മൂന്ന് മാസം കഴിഞ്ഞാണ് ആശുപത്രിയിൽ നിന്നിറങ്ങിയത്.


കടുത്ത തലവേദന തുടരുന്നു, തുടർച്ചയായി കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്നില്ല. വെയിലുകൊള്ളാൻ ഒട്ടും പറ്റില്ല.
ജോലി നഷ്ടപ്പെട്ടു, പ്രവാസം മതിയാക്കി. വീട്ടുകാർക്ക് ഒരു ബാധ്യതയാവാതിരിക്കാൻ ഒരു സുഹൃത്തിന്റെ കൂടെ റിയൽ എസ്റ്റേറ്റ് ‘ബിസിനസുമായി’ തേരാപാരാ നടക്കുന്നു.
അയാളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് ലൈഫ് കുരുതി കൊടുത്തു.


താങ്ങാൻ വയ്യാത്ത സ്ട്രെസ്സിന് പരിഹാരം തേടി വന്നപ്പോഴാണ് ഈ സംഭവം പറഞ്ഞത്.
ഇയാൾ ഒരു വ്യക്തിയല്ല, എല്ലാ ദിവസവും നമ്മൾ ഇത്തരം മനുഷ്യരെ കണ്ടുമുട്ടുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നുമുണ്ട്.
‘കാര്യമില്ലാത്ത കാര്യത്തിന് ‘ കോപം വരികയും തെറിപറയുകയും അടികൂടുകയും പരിക്കേൽക്കുകയും കേസാവുകയും ചെയ്ത്
ലൈഫ് കോഞ്ഞാട്ടയായിപ്പോകുന്ന
നിരവധി മനുഷ്യരെ നമ്മൾ ദിവസവും കണ്ടു മുട്ടുന്നുണ്ട്.
നമ്മൾ നടന്നു പോകുമ്പോൾ മറ്റൊരാളെ ഒന്ന് തട്ടിപ്പോയാൽ പരിഷ്കൃത രാജ്യങ്ങളിൽ എന്താണ് ചെയ്യുക എന്നറിയാമോ..? ഇരുവരും ‘സോറി’ പറയും.
ആരുടെ ഭാഗത്താണ് പിഴവ് എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് രണ്ടാളും ഉത്തരവാദിത്വം ഏറ്റെടുക്കും.


ഒരു അപരിഷ്കൃത രാജ്യത്ത് ആണെങ്കിലോ..? ഉത്തരവാദിത്വം അപരന്റെ തലയിൽ വെച്ച് കൊടുക്കും. ഇരുവരും പരസ്പരം തുറിച്ചു നോക്കും.
ചിലർ അല്പം കൂടി കടന്ന് “നിൻറെ മുഖത്ത് കണ്ണില്ലേ..?” എന്ന് ചോദിക്കും. “എന്നെ കേറി മുട്ടിയിട്ട് നീ ഇങ്ങോട്ട് ഒണ്ടാക്കാൻ വരുന്നോ…?”
എന്ന് ചോദിക്കും. ഇരുഭാഗത്തും ആളുകൂടും. ബാക്കി പറയേണ്ടതില്ലല്ലോ..?
വാഹനങ്ങൾ പരസ്പരം ഒന്നുരസിയാലുള്ള സീൻ കണ്ടിട്ടില്ലേ..? പരിഷ്കൃത രാജ്യങ്ങളിൽ ഡ്രൈവർമാർ പരസ്പരം വിഷ് ചെയ്ത് കൈ കൊടുക്കും. എന്നിട്ടാണ് പരിഹാരം ആലോചിക്കുക.


അപരിഷ്കൃത നാടുകളിലോ…? കൈകൊടുക്കുന്നതും ചിരിക്കുന്നതും സങ്കൽപ്പിക്കാൻ പറ്റുമോ..?
“എവിടെ നോക്കിയാണ് @#@@— വണ്ടിയോടിക്കുന്നത്” എന്ന ചോദ്യത്തോടെയാണ് പുറത്തിറങ്ങുക.
നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും പല കാര്യങ്ങളിലും നമ്മൾ അപരിഷ്കൃതരായ മനുഷ്യരാണ്.
ജാതിയും മതവും പണവും ഉൾപ്പടെ പല പ്രിവിലേജുകളും മലീമസമാക്കിയ മനസ്സുകളാണ് നമ്മുടേത്.
പണമുള്ളവന് തോന്നുന്ന അഹങ്കാരത്തോളം ശക്തമാണ് ഇല്ലാത്തവന്റെ അസൂയയും മുറുമുറുപ്പും.


അക്കാര്യത്തിൽ ഉള്ളവനും ഇല്ലാത്തവനും സമമാണ്.
ഒരു വാഹനം ഓവർടേക്ക് ചെയ്തു പോകുമ്പോൾ മലയാളി പറയുന്ന ഡയലോഗുകൾ എന്തൊക്കെയാണ്…! ആരുടെ പതിനാറടിയന്തിരത്തിന്…
അപ്പന് വായുഗുളിക വാങ്ങാൻ…
അമ്മയുടെ താലികെട്ടിന്… എന്തെല്ലാം വിശേഷങ്ങളാണ് മലയാള ഭാഷയിൽ ഉള്ളത്…?
ഒരു മനുഷ്യന് എന്തെല്ലാം അത്യാവശ്യങ്ങൾ ഉണ്ടാകും.
നമ്മളൊക്കെ പല അത്യാവശ്യങ്ങൾക്കും എത്ര തവണ വണ്ടി ‘ചവിട്ടി’ വിട്ടിട്ടുണ്ട്. പക്ഷേ ഈ ആനുകൂല്യമൊന്നും അപരന് കൊടുക്കില്ല.


അയാൾക്ക് എന്തോ അത്യാവശ്യം ഉണ്ടാകും എന്ന് വിചാരിച്ച് ഒഴിവാക്കേണ്ട സന്ദർഭങ്ങളെ തലയിൽ വലിച്ചു കയറ്റി തെറി പറഞ്ഞ് ക്ഷോഭിച്ച് ഹൃദയ മിടിപ്പ് കൂട്ടി cortisol ഹോർമോൺ ഉൽപാദിപ്പിച്ച് സ്വയം പീഡിതനാകുന്ന മനുഷ്യരല്ലേ ഭൂരിപക്ഷം മലയാളികളും…?
വിദ്യാഭ്യാസവും സംസ്കാരവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് നിരന്തരം തെളിയിക്കുന്ന സന്ദർഭങ്ങൾ ഓരോരുത്തരുടെ ജീവിതത്തിലും നിരന്തരം ഉണ്ടാകുന്നുണ്ട്.


ആളുകൾ pedestrian ക്രോസ് ചെയ്യുമ്പോൾ പെട്ടെന്ന് അതിനിടയിൽ കൂടി കടന്നുപോകാൻ നോക്കുന്നതും, ഹോണടിച്ചു ബുദ്ധിമുട്ടിക്കുന്നതും കണ്ടിട്ടുണ്ട്.
സിഗ്നൽ ഓൺ ആയതിന് ശേഷം pedestrian cross ചെയ്യുമ്പോൾ ഞങ്ങളൊക്കെ പോയതിന് ശേഷം പോയാൽ മതിയെന്ന ഭാവത്തിൽ തുറിച്ചുനോക്കി പതുക്കെ പോവുന്നതും നാം മലയാളികൾ തന്നെ.
ഓവർ ടേക്ക് ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനം ഡ്രൈവറുടെ ഭാഗത്തേയ്ക്ക് അടുപ്പിച്ചു ഹരാസ് ചെയ്യുന്നതും നമ്മൾ തന്നെ.
ടേൺ ചെയ്യുമ്പോൾ അതിനിടയ്ക്ക് കയറി ഞാനാദ്യം എന്ന ഭാവത്തിൽ ഇടയിൽ കയറി പാസ് ചെയ്യുന്നതിലും നമ്മളാണ് മുന്നിൽ.


എംപതി എന്ന വികാരം ചുരുക്കം പേരിലേയുള്ളൂ.
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ പോലും വിദ്യാർത്ഥികളുടെ മുദ്രാവാക്യങ്ങൾ,
“കയ്യും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടും” എന്നാണ്.
വിദ്യാർത്ഥി നേതാവ് അധ്യാപകനോട്
“നിന്റെ കാൽമുട്ട് ഞാൻ തല്ലിയൊടിക്കും” എന്ന് ഭീഷണിപ്പെടുത്തുന്നതിനെയാണ് നാം രാഷ്ട്രീയ പ്രവർത്തനം എന്ന് വിളിക്കുന്നത്.
താനെന്തോ ആണെന്ന ഒരു തോന്നൽ പല മലയാളികൾക്കുമുണ്ട്. നമ്മളോടാ കളി, ഞാൻ ആരാണെന്നാ അവന്റെ വിചാരം.. നമ്മുടെ നാട്ടിൽ വന്നാണ് വേലയിറക്കുന്നത്…, എവിടെയും ഉണ്ട് ‘ഞാൻ’. ഏതു ഞാൻ.


തലക്കൊരടികിട്ടിയാൽ, മൂക്കിൽ അല്പം വെള്ളം കയറിയാൽ നിമിഷാർദ്ധം പിടഞ്ഞു മരിക്കുന്ന ‘ഞാൻ’.
കാര്യമില്ലാത്ത കാര്യത്തിന് അപരന്റെ നെഞ്ചത്ത് കയറി സ്വന്തം ജീവിതം നശിപ്പിക്കുന്നത് ഒരു ധീരതയായി കൊണ്ട് നടക്കുന്നവർ ഓംലെറ്റ് രണ്ടു മിനിറ്റ് വൈകിയതിന് ലൈഫ് കോഞ്ഞാട്ടയാക്കിയ യുവാവിനെ ഓർത്തുവെക്കുക.

By ivayana