രചന : കുറുങ്ങാട്ട് വിജയൻ ✍
2009 മെയ് 31ന് പ്രണയത്തിന്റെ അക്ഷരക്കൂട് അടച്ചിട്ട് അസ്തമിച്ചുപോയവള്‍ മാധവിക്കുട്ടി…..
“മാധവിക്കുട്ടി”യുടെ ഓര്‍മ്മയ്‌ക്കു മുമ്പില്‍…….
നാലപ്പാട്ട് നാലുകെട്ടിലെ നീര്‍മാതളം വീണ്ടും പൂക്കുന്നു!
മലയാളാക്ഷരങ്ങളുടെ രാജകുമാരിയുടെ കഥയിലൂടെ…
വരികളിലെ സ്നേഹത്തിന്‍റെ മുഖം പുഞ്ചിരിക്കുന്നു!
വര്‍ണ്ണനയിലെ സന്തോഷപ്പൂക്കള്‍ വീണ്ടും വാസന്തംതേടുന്നു!
വായനയില്‍ നിറയുന്ന കണ്ണീര്‍ക്കടലില്‍ വീണ്ടും അലയുയരുന്നു!!
ഓര്‍മ്മകളുടെ നീര്‍മാതളം വീണ്ടും പൂക്കുന്നു!
പ്രണയദീപ്തത നഷ്ടപ്പെട്ട പ്രണയിനിയിലൂടെ…
പ്രണയകപടതയുടെ മുമ്പിലെ നിരാലംബയിലൂടെ….
പ്രണയസാഫല്യം കൊതിക്കുന്ന കാമുകിയിലൂടെ…
കൃഷ്ണസാമിപ്യം കൊതിക്കുന്ന രാധയിലൂടെ…
സ്വയം സമർപ്പിതയാകുന്ന ഉന്‍മാദിനിയിലൂടെ…
അലിഞ്ഞലഞ്ഞില്ലാതാകുന്ന അമ്മമലയാളത്തിലൂടെ..
ജീര്‍ണ്ണസദാചാരങ്ങളോടുള്ള കലാപിയിലൂടെ….
ദീപ്തമായ ഹൃദയത്തുടിപ്പുകളുടെ കൂട്ടുകാരിയിലൂടെ…
ഓർമ്മകളിലെന്നുംപൂക്കുന്ന അക്ഷരങ്ങളുടെ “നീര്‍മാതളം”..!!
ഇവിടെ എവിടെയോ…
ആമിയെ സ്നേഹിച്ച, ആമി സ്നേഹിച്ച, മധുരമലയാളമായി,
കമലയെ സ്നേഹിച്ച, കമലദാസ് സ്നേഹിച്ച, കമലദളങ്ങളായി,
മാധവിയെ സ്നേഹിച്ച, മാധവി സ്നേഹിച്ച, മാധവിക്കുട്ടിയായി,
സുറയ്യയെ സ്നേഹിച്ച, സുറയ്യ സ്നേഹിച്ച, കമലാ സുറയ്യയായി,
നാലപ്പാട് നാലുകെട്ടിന്‍റെ, മലയാളത്തിന്‍റെ, ജീവചരിത്രമായി,
മലയാളസാഹിത്യത്തറവാടിന്റെ സുവര്‍ണ്ണപുരാവൃത്തമായി,
ചിന്തയുടെ ശുദ്ധി പരിണമിച്ചൊഴുകിയ ഒരു കുളിനീരരുവിയായി,
മനോസഞ്ചാരങ്ങളുടെയും പകല്‍ക്കിനാവുകളുടെയും ഇഷ്ട്ടതോഴിയായി,
സ്നേഹത്തിന്‍റെ, ആത്മബലിയുടെ, ഹൃദയത്തുടിപ്പിന്‍റെ രാജകുമാരിയായി,
മനുഷ്യബന്ധങ്ങളുടെ അപരിമേയമായ സൗന്ദര്യത്തിന്‍റെ അലങ്കാരവുമായി,
പൈതൃകത്തിന്‍റെ ഉമ്മറത്ത്, നീര്‍മാതളപ്പുക്കള്‍ വിരിച്ചിട്ട പരവതാനിയില്‍,
സര്‍ഗ്ഗസമസ്യയായി, നിര്‍ഭയയായി, കൈരളിയുടെ പൂമുഖത്ത് അവരുണ്ട്!!
മോഹങ്ങളോടൊപ്പം സുരക്ഷിതതാവളങ്ങളും തേടിനടന്ന പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്ക്!
പ്രകടമാക്കാത്ത സ്നേഹം, നിരര്‍ത്ഥകമാണെന്നു വിളിച്ചുപറഞ്ഞ കഥാകാരിയുടെ ഓര്‍മ്മയ്ക്ക്!
ഏകാന്തതയെ കണ്ണെത്തുംദൂരത്ത് ഒരു കഴുമരംപോലെ കണ്ട ഏകാകിയുടെ ഓര്‍മ്മയ്ക്ക്!
പ്രകടമാക്കാത്ത സ്നേഹം, ക്ലാവുപിടിച്ച നാണ്യശേഖരംപോലെ ഉപയോഗശൂന്യമാണെന്ന് പരിതപിച്ചവളുടെ ഓര്‍മ്മയ്ക്ക്!
എന്റെ പ്രണയം കാട്ടുതേൻ പോലെയാണ് അതിൽ വസന്തങ്ങൾ അലിഞ്ഞു ചേർന്നിരിക്കുന്നു.’ എന്നുപറഞ്ഞ ഭിഷാപ്രണയനിയുടെ ഓർമ്മയ്ക്ക്!
അദൃശ്യമായ ചിറകുകളും ഒരു സ്വപ്നാടകയുടെ കാൽവയ്പുകളും ഉണ്ടായിരുന്ന കവയിത്രിയുടെ ഓര്‍മ്മയ്ക്ക്!
സ്നേഹംകൊണ്ടുതന്നെ ജീവിതത്തിനും സൃഷ്ടികള്‍ക്കും അര്‍ത്ഥവും വർണ്ണങ്ങളും നല്‍കിയ ആമിയുടെ ഓര്‍മ്മയ്ക്ക്!
വലിയ ആത്മാക്കളുടേയും മിത്തുകളുടേയും ഇടയില്‍ ജീവിച്ച, മനസ്സിലെ സ്നേഹത്തിന്‍റെ മാനദണ്ഡങ്ങളില്‍ സ്വന്തമായ കൈയൊപ്പുണ്ടായിരുന്ന കമലാദാസിന്‍റെ ഓര്‍മ്മയ്ക്ക്!
കൊതിതീരെ സ്നേഹം ലഭിച്ചില്ലയെന്ന് ആവലാതിയുണ്ടായിരുന്ന പ്രതിഭാധനയായ മാധവിക്കുട്ടിയുടെ ഓര്‍മ്മയ്ക്ക്!
കൈയടികളോടൊപ്പം അല്ലറചില്ലറ പരിഹാസവും വാരിക്കെട്ടിയ ധിക്കാരിയുടെ ഓര്‍മ്മയ്ക്ക്!
ബാഹ്യലോകത്തിന്‍റെ അദൃശ്യമായ വര്‍ണ്ണപ്രപഞ്ചങ്ങള്‍ മനസ്സിനുള്ളിലുണ്ടായിരുന്ന കഥാകാരിയുടെ ഓര്‍മ്മയ്ക്ക്!
പ്രപഞ്ചത്തിന്‍റെ, സ്നേഹത്തിന്‍റെ നിലാവൊഴുകുന്ന ഗോളാന്തരവഴിത്താരയിലൂടെ ഒറ്റയ്ക്കുനടന്ന സഞ്ചരിയുടെ ഓര്‍മ്മയ്ക്ക് !
കൃഷ്ണസര്‍പ്പങ്ങളും സ്വര്‍ണ്ണവര്‍ണ്ണമുള്ള നാഗങ്ങളും നിർഭയരായിഴഞ്ഞ, രചന
പുസ്തകത്താളുകളില്‍നിന്നിറങ്ങി, മനസ്സുകളിലൂടെ സ്വച്ഛന്ദമലയുന്ന കഥാപാത്രങ്ങളുടെ കൂട്ടുകാരിയുടെ ഓര്‍മ്മയ്‌ക്ക്!
ഉറക്കം വരാത്ത രാത്രികളില്‍ മാധവിക്കുട്ടിയുടെ പുസ്തകത്തിന്‍റെ താളുകളില്‍നിന്നുള്ള നനുത്ത ഏറനാടന്‍ കാറ്റേറ്റുകുളിരാത്ത മലയാളികള്‍ വിരളം!
പ്രണാമം!!!
(ചിത്രത്തോട് കടപ്പാട്: Anil Muttar)