രചന : മാഹിൻ കൊച്ചിൻ ✍
സത്യത്തില്‍ നമ്മുടെ ഇന്ത്യ നമ്മൾ കരുതുന്ന പോലെ ഒരൊറ്റ ഇന്ത്യയല്ല. അധികാരവും കയ്യൂക്കും സമ്പന്നനും അടങ്ങുന്നവർക്ക് എന്ത് നെറികേടിനും സാധിക്കുന്ന ഇരുളും വെളിച്ചവും കലര്‍ന്ന ഒരായിരം ഇന്ത്യയാണ് നമ്മുടെ ഭാരതം. കര്‍ഷക ആത്മഹത്യകള്‍ നടക്കുന്ന സംസ്ഥാനത്തെ ജനതയുടെ വോട്ട് വാങ്ങി ജയിച്ചു, ഡല്‍ഹിയില്‍ പോയി ഒരു ദിവസത്തേക്ക് അന്‍പതിനായിരം രൂപ വാടക വരുന്ന ഹോട്ടലില്‍ താമസിക്കുന്ന എം.പി മാരുടെ ഇന്ത്യ. പശുവിനെ കടത്തുന്നവനെയും, പോത്ത് കഴിക്കുന്നവനെയും, അന്യജാതി പെണ്‍കുട്ടിയെ പ്രണയിക്കുന്നവനെയും…. കൊല്ലുകയും, ചത്ത പശുവിനെ സംസ്ക്കരിക്കാത്തതിനു ദളിതനെ കൊല്ലുകയും ചെയ്യുന്ന ഇന്ത്യ..!
ലോക കായിക മാമാങ്കത്തിനയക്കുന്ന രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ക്ക് പച്ചവെള്ളം നല്‍കാന്‍ സാധിക്കാത്ത, അവരുടെ ജഴ്സിയില്‍ രാജ്യത്തിന്റെ പേര് പോലും എഴുതാന്‍ കഴിയാത്ത ഇന്ത്യ. ക്രിക്കറ്റില്‍ ജയിക്കുന്നവരെ നിമിഷങ്ങള്‍കൊണ്ട് കോടീശ്വരന്‍മാരാക്കുന്ന , രാജകീയ സ്വീകരണം നല്‍കുന്ന ഇന്ത്യയില്‍ , കബഡി ലോകകപ്പ് ജയിക്കുന്ന പെണ്‍കുട്ടികള്‍ വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്കു പോകുവാന്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്ന ഗതികെട്ട ഇന്ത്യ.. ഈ രാജ്യത്ത് തന്നെയാണ് “ഇന്ത്യക്ക് വേണ്ടി നേടിയ മെഡലുകൾ ഇന്ന് വൈകിട്ട് 6 മണിക്ക് ഗംഗയിൽ ഏറിയുമെന്ന് രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾക്ക് പറയേണ്ടി വരുന്നതും…
നമ്മുടെ ഈ കായിക താരങ്ങൾ രാജ്യത്തിൻറെ യശസ്സ് വാനോളം ഉയർത്താൻ തങ്ങളുടെ ദേഹവും ദേഹിയും ആത്മാവും സമ്പൂർണ്ണമായി സമർപ്പിച്ചവരാണ്.
അങ്ങനെ ചോര നീരാക്കി അവർ നേടിയ അന്താരാഷ്ട്ര അംഗീകാരങ്ങളാണ് വലിച്ചെറിയാൻ പോകുന്നത്. ബ്രിജ്ജ് ഭൂഷൺ എന്ന ബലാത്സംഗിയായ ബിജെപി റേപ്പിസ്റ്റിനെ സംരക്ഷിക്കാൻ വേണ്ടി മാത്രം രാജ്യത്തിന്റെ മിന്നും താരങ്ങളെ ഈ അവസ്ഥയിലെത്തിച്ച നരേന്ദ്രമോദി – അമിത് ഷാ ഭരണകൂടം നമ്മുടെ രാഷ്ട്രത്തിന്റെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്…
ശമ്പളവും, അലവന്‍സും കൂട്ടാന്‍ പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കുന്ന ഭരണാധികാരികളെ, പാര്‍ലമെന്റ് കാന്റീനില്‍ സൌജന്യം എന്നപോലെ ലഭിച്ചിരുന്ന ബിരിയാണിയുടെ വില വര്‍ദ്ധിപ്പിച്ചതില്‍ മനംനൊന്ത് മുദ്രാവാക്യം മുഴക്കുന്ന പ്രിയപ്പെട്ട MP മാരെ…
നമ്മുടെ ഇതേ രാജ്യത്ത് തന്നെയാണ് നമ്മുടെ അഭിമാന താരകങ്ങൾ തളര്‍ന്നു വീഴാതെ ഡൽഹിയിൽ നീതിക്ക് വേണ്ടി സമരം ചെയ്യുന്നത്.. അല്ലങ്കിലും താഴ്ന്ന ജാതിക്കാരനായ പട്ടാളക്കാരന്റെ ശവമടക്കാന്‍ ഭൂമി നല്‍കാത്ത സവര്‍ണ്ണ മാടമ്പിമാർ വാഴുന്ന ഈ ഇന്ത്യയിൽ ആർക്കും നീതി ലഭിക്കുമെന്നു കരുതാൻ വയ്യ..
സമൃദ്ധമായ, ഐശ്വര്യപൂര്‍ണ്ണമായ ഇന്ത്യയോ..? നിങ്ങള്‍ ആരുടെ രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്..?! അതെന്തായാലും എന്‍റെ രാജ്യമല്ല…!!