രചന : തോമസ് ആന്റണി ✍
പറക്ക ലക്ഷ്യമർക്കനാം
തുറക്കണം നൽവാതിലും
മുറയ്ക്കു നാം പഠിക്കുകിൽ
മുറകളൊക്കെ മാറിടും.
വസന്തകാലമെത്തീടേ
വാസനപ്പൂ വിരിഞ്ഞപോൽ
സുഗന്ധമേകി നന്മയാൽ
സഹജരൊത്ത് വാണിടാം.
ചിറകു തന്ന ഗുരുവിനെ
മറന്നിടാ വിദ്യാർത്ഥികൾ
അണഞ്ഞിടാ വിളക്കുകൾ
അദ്രിമേലേ തെളിച്ചിടാം.
ഗുരുത്വമുള്ള വഴികളിൽ
സമത്വമോടിരിക്കുവാൻ
മഹത്തരമാം ജീവിതം
പകർത്തിടാം സ്വജീവനിൽ.
അച്ഛനമ്മ മുതിർന്നവർ
ഇച്ഛയോടെ വളർത്തിയ
കൊച്ചു സ്വപ്നമാകിലും
തുച്ഛമല്ലതൊരിക്കലും.
പാഠമേറെ പഠിക്കിലും
പാഠമാകും മനുഷ്യരെ
പഠിക്കുവാൻ തുണയ്ക്കുവാൻ
പണ്ഡിതരായ് തീരണം.
ചങ്കുകീറി പഠിക്കിലും
ചങ്കിലെ ചൂടുചോരയും
പങ്കുവെച്ചു നൽകിടാൻ
തങ്കമനം നാം തീർക്കണം.
കരുത്തു നേടി ബൃഹത്തൊരു
പേരു നാമുയർത്തണം
പരശ്ശതം ജനത്തിനും
പെരുമ നാം കൊടുക്കണം.
കരുണയും കരുതലും
ശരണമായി കൊടുത്തിടാം
കൊരുത്തിടാം പുണ്യമാകും
മരുത്തു നമ്മൾ മാലയിൽ.
സഹസ്രജനയുണ്മ നാം
നിമിത്തമായി തീർന്നിടാം
സരിത്തുപോലൊഴുകിടാം
സർവ്വേശനെ നമിച്ചിടാം.