മാത്യുക്കുട്ടി ഈശോ✍
ന്യൂയോർക്ക് : ന്യൂയോർക്ക് മലയാളികൾ ആവേശത്തോടെ ആസ്വദിക്കാൻ കാത്തിരിക്കുന്ന കലാവേദി സംഗീത സായാഹ്നം ശനിയാഴ്ച വൈകിട്ട് 6 മണിക്ക് അരങ്ങേറാൻ തയ്യാറായിരിക്കുന്നു. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ (Irwin Altman Auditorium (PS 172) 81-14 257th Street, Floral Park, NY) നവീന സാങ്കേതിക വിദ്യകളോടെ വ്യത്യസ്ത ശൈലിയിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെയാണ് സംഗീത മാമാങ്കം ക്രമീകരിച്ചിരിക്കുന്നത്.
മനുഷ്യ ഹൃദയങ്ങളിൽ ഉരുവായിരിക്കുന്ന സംഗീതകലയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഹൃദയഭേദക ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് ചെറിയ കൈത്താങ്ങലാകുവാൻ കൂടി ഉദ്ദേശിച്ചും കൊണ്ട് ന്യൂയോർക്കിൽ ഉടലെടുത്ത സംഘടനയാണ് കലാവേദി. ഈ പരിപാടിയിലൂടെ മിച്ചം ലഭിക്കുന്ന മുഴുവൻ തുകയും കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതിനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
കോവിഡ് കാലത്ത് സൂം പ്ലാറ്റുഫോമിലൂടെ ഫോമയുമായി സഹകരിച്ച് കലാവേദി അവതരിപ്പിച്ച “സാന്ത്വന സംഗീതം” എന്ന പരിപാടി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. അതിലൂടെ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇവിടെത്തന്നെ ജനിച്ചുവളർന്ന സംഗീത വാസനയുള്ള ധാരാളം കുട്ടികളെ കൈപിടിച്ചുയർത്തുവാൻ കലാവേദിക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്.
പഴയകാല മലയാള സംഗീതജ്ഞരുടെ ഗാനങ്ങളിലൂടെ ഊഴ്ന്നിറങ്ങി അതിലെ താളലയങ്ങളെ അപഗ്രഥിച്ച് സംഗീത വിരുന്നൊരുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ, മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ശബ്ദത്തെ മറികടക്കുന്ന ശബ്ദസാന്ദ്രതയുള്ള ഗായിക അപർണ്ണ ഷിബു, അനുഗ്രഹീത ഗായികമാരായ സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയ ഭാവിയുടെ വാഗ്ദാനങ്ങളായ ഗായകരാണ് ഈ സംഗീത മാമാങ്കം നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.
വിജു ജേക്കബ് (കീ ബോർഡ്), ജോർജ് ദേവസ്സി (വയലിൻ), ക്ലെമൻറ് (ഗിറ്റാർ), വിനോയ് ജോൺ (ബാസ്സ് ഗിറ്റാർ), സന്തോഷ് മാടമ്പത്ത് (ഫ്ലൂട്ട്), ജോൺ വി.സി. (ഡ്രംസ്), നോയൽ മണലേൽ (സാൿസാഫോൺ), ലാൽജി (തബല) എന്നീ പ്രഗത്ഭരുടെ മേൽനോട്ടത്തിലുള്ള ലൈവ് ഓർക്കസ്ട്ര ടീം സംഗീത സായാഹ്നത്തെ കൂടുതൽ ഉണർവുള്ളതാക്കുന്നു.
നല്ലൊരു കലാകാരനായ സിബി ഡേവിഡിന്റെ നേതൃത്വത്തിൽ മുന്നേറുന്ന കലാവേദി “അതിരുകൾക്കുമപ്പുറം” എന്ന ആപ്ത വാക്യത്തോടെ കലയും കാരുണ്യവും സമന്വയിപ്പിച്ച് 2004-ൽ സ്ഥാപിച്ച് കഴിഞ്ഞ രണ്ടു പതിറ്റാണ്ടോ ളമായി ലോങ്ങ് ഐലൻഡ് ഭാഗത്ത് പ്രവർത്തിച്ചു വരുന്നു. നമ്മുടെ പുതു തലമുറയിൽപ്പെട്ട വളർന്നു വരുന്ന കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിനും അവർക്കു വേണ്ടി കൂടുതൽ വേദികളൊരുക്കി അവരുടെ സർഗ്ഗ വാസനകളെ വളർത്തിയെടുക്കുന്നതിനും അവരെ പൊതു സമൂഹത്തിലെത്തിക്കുന്നതിനും കലാവേദി പ്രത്യേകം ഊന്നൽ കൊടുക്കുന്നു.
കലാവേദിയുടെ ശനിയാഴ്ചത്തെ സംഗീത മേളയ്ക്ക് മുൻ വർഷങ്ങളേക്കാൾ കൂടുതൽ പിന്തുണയുമായി കലാസ്നേഹികൾ മുന്നോട്ടു വരുന്നതിന്റെ ആവേശത്തിലാണ് സംഘാടകർ. പരിപാടിയുടെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കിയ ധാരാളം കലാസ്നേഹികൾ കൂടുതൽ താൽപ്പര്യത്തോടെ പരിപാടിയുടെ ക്രമീകരണങ്ങളെപ്പറ്റി അന്വേഷിച്ചു വരുന്നു എന്നത് പ്രോത്സാഹജനകമാണ്. ട്രൈ സ്റ്റേറ്റ് ഏരിയയിൽ നിന്നും ധാരാളം ആളുകൾ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്.
പതിവിൽ നിന്നും വ്യത്യസ്തമായി പൂർണമായും ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിപാടിയായിട്ടാണ് ഈ പ്രോഗ്രാം അണിയറയിൽ ഒരുങ്ങുന്നത്. അതിനാൽ സ്റ്റേജിൽ ആങ്കറിങ് തികച്ചും ഒഴിവാക്കി വലിയ എൽ.ഇ.ഡി സ്‌ക്രീനിൽ എല്ലാം മുൻ കൂട്ടി ക്രമീകരിച്ചിരിക്കുന്നു. ഇത് ഇടമുറിയാതെ സമയക്രമീകരണം നടത്തുന്നതിന് സഹായകരമാണ്. ഓരോ സെക്കൻഡും വളരെ പ്ലാൻ ചെയ്തു കൃത്യമായി ഉപയോഗിക്കുന്നതിനാൽ സംഗീത പ്രേമികൾക്ക് നിരാശയ്ക്ക് ഇടയില്ലാതെ മുഴുവൻ സമയവും സംഗീതം ആസ്വദിക്കാൻ സാധിക്കും. അമേരിക്കയിൽ ജനിച്ചു വളരുന്ന കലാകാരന്മാർക്കും കലാകാരികൾക്കും പ്രോത്സാഹനമായി ഇത്രയും വലിയ തോതിലുള്ള ക്രമീകരണങ്ങളോടെ കലാമേളകൾ സാധാരണമല്ല. എന്നാൽ കലാവേദി മുൻപും സമാനമായ കലാമേളകൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്.
പരിപാടിയുടെ നടത്തിപ്പിലും പ്രേത്യക ശ്രദ്ധ കൊടുക്കുന്നതിനാൽ കൃത്യമായും ആറു മണിക്ക് തന്നെ സംഗീത മേള ആരംഭിക്കാനാണ് പ്ലാൻ. ആദ്യം വരുന്നവർക്ക് ആദ്യം സീറ്റുകൾ എന്ന ക്രമത്തിലായിരിക്കും പ്രവേശനം. അതിനാൽ സമയത്തിനു മുമ്പ് തന്നെ എല്ലവരും എത്തിച്ചേരണമെന്ന് സഘാടകർ ആഗ്രഹിക്കുന്നു. ഏതായാലും കൃത്യം 6 മണിക്ക് തന്നെ ഗാന സന്ധ്യ ആരംഭിക്കുന്നതായിരിക്കും.
ടിക്കറ്റ് ഹാജാരാക്കി പ്രവേശനം നേടുന്നവർക്ക് മാത്രമായി ഒരു റാഫിൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറ് ഡോളർ വില മതിപ്പുള്ള ഒരു പ്രേത്യക സമ്മാനമാണ് റാഫിൾ സമ്മാനമായി കൊടുക്കുന്നത്. ടിക്കറ്റ് ഹാജരാക്കാത്തവർക്കും, ടിക്കറ്റെടുത്തിട്ടും പരിപാടിയിൽ പങ്കെടുക്കാത്തവർക്കും റാഫിളിൽ പങ്കെടുക്കാൻ അവകാശമില്ല.
കലാവേദിയുടെ പ്രവർത്തന ലക്ഷ്യം മാനവികതയാണ്. കലയിലൂടെ സേവനവും മാനവികതയും എന്ന ആശയം അടിസ്ഥാനമാക്കി അമേരിക്കയിലും കേരളത്തിലും വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ കലാവേദിയുടെ നാൾവഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിബി ഡേവിഡാണ് കലാവേദിയുടെ ചെയർമാൻ. ഈ വർഷത്തെ ഭാരവാഹികൾ: സജി മാത്യു (പ്രസിഡൻറ്), മാമ്മൻ എബ്രഹാം (വൈസ് പ്രസിഡൻറ്) ഷാജി ജേക്കബ് (സെക്രട്ടറി), ലാലു മാത്യു (ജോയിൻറ് സെക്രട്ടറി), മാത്യു മാമ്മൻ (ട്രഷറർ), ബിജു ശാമുവേൽ (ജോയിൻറ് ട്രഷറർ), ഷാജു സാം (ഫിനാൻഷ്യൽ അഡ്വൈസർ), ക്രിസ് തോപ്പിൽ (എക്സ് ഒഫിഷിയോ). കൂടുതൽ വിവരങ്ങൾക്ക്: 917-353-1242.