ടൗണിൽവന്ന് ബസിറങ്ങുമ്പോൾ രാത്രി പതിനൊന്നേമുക്കാൽ. നാട്ടിലേക്കുള്ള അവസാനത്തെ ബസ് ഒമ്പതേക്കാലിന് പോകും. വരുന്നവഴി ബസിന്റെ ടയർ പഞ്ചറായില്ലെങ്കിൽ ലാസ്റ്റ് ബസ് കിട്ടുമായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റി. രാത്രി വിളിച്ചാൽ ഓട്ടോക്കാർക്ക് ആ വഴിവരാൻ അത്ര താത്പര്യമില്ല. ആരെങ്കിലും തയ്യാറായാൽ മറ്റുള്ളവർ മുടക്കും. മാടൻതറ എന്ന എന്റെ ഗ്രാമം ഇപ്പോഴും പതിനെട്ടാം നൂറ്റാണ്ടിലാണ്. ഈയടുത്തകാലത്തതാണ് ഗ്രാമത്തിൽ വൈദ്യുതിയും റോഡുമെല്ലാം വന്നത്. ബസോടിതുടങ്ങിയിട്ട് ഒരു കൊല്ലം ആവുന്നതേയുള്ളൂ.

കേമന്മാരായ മാന്ത്രികരുടെ ഗ്രാമമായിരുന്നു മാടൻതറ. കുന്നിൻചെരുവിലെ ഒറ്റപ്പനയും അതിലെ അന്തേവാസി നങ്ങേലിക്കുട്ടിയും ഒന്നും കെട്ടുകഥകളല്ലെന്ന് അനുഭവത്തിലൂടെ അറിയാത്ത നിശാസഞ്ചാരികൾ ഗ്രാമത്തിൽ ആരുംതന്നെയില്ലെന്ന അതിശയോക്തി എന്നിലെ നിരീശ്വരവാദിയെ അധീരനാക്കി…!

അല്ലെങ്കിലും പുറമേയ്ക്ക് നിരീശ്വരവാദം പറയുമെങ്കിലും അകമേ ഉറച്ച വിശ്വാസിയായ താൻ ഉറങ്ങുംമുൻപും ഉണർന്നെണീറ്റാലും ചെയ്തുപോയ ഈശ്വര നിന്ദക്കും ചെയ്യാൻ പോകുന്ന ഈശ്വര നിന്ദക്കും ഏറ്റുചൊല്ലി പ്രായശ്ചിത്തം ചെയ്യാറുള്ളത് ആത്മവഞ്ചയാണെങ്കിലും മുടക്കമില്ലാതെ തുടർന്നുപോരുന്ന ദിനചര്യയാണ്….!

തൃശൂരിൽവെച്ച് നടന്ന സംസ്ഥാന നിരീശ്വരവാദികളുടെ സംഗമത്തിൽ പങ്കെടുത്ത് വിശ്വാസങ്ങളിൽക്കലർന്ന അന്ധതയെക്കുറിച്ചും തന്റെ ഗ്രാമത്തിലെ മനുഷ്യരുടെ ഭീതിയേയും വിശ്വാസങ്ങളെയും ചൂഷണംചെയ്തിരുന്നവരുടെ തട്ടിപ്പിനെക്കുറിച്ചും നങ്ങേലി എന്ന കെട്ടുകഥയെക്കുറിച്ചുമെല്ലാം പ്രസംഗിച്ചു കൈയ്യടിവാങ്ങിയതോർത്തപ്പോൾ സത്യത്തിൽ എനിക്കകവും പുറവും വിയർത്തുപോയി…!

പോകുന്ന വഴിയിലുള്ള പേരാലിന്റെ ചുവട്ടിൽ അസമയങ്ങളിൽ കാണപ്പെടുന്ന അവ്യക്തരൂപങ്ങളും അപശബ്ദങ്ങളും പലരെയും ഭയപ്പെടുത്തിയ കഥകൾ ഗ്രാമവാസികൾ പൊടിപ്പും തൊങ്ങലുംവെച്ചു വിവരിക്കുമ്പോൾ എന്നെങ്കിലും ആ വഴിക്ക് നേരംതെറ്റിയനേരത്ത് ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടിവന്നാൽ പേടിച്ച് കാറ്റുപോകുമെന്നു എനിക്ക് ഉറപ്പായിരുന്നു!

ടൗണിൽനിന്ന് ഏകദേശം മൂന്നുകിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേക്ക്. ഓട്ടോറിക്ഷയോ മറ്റുപാധികളോ ലഭിക്കാൻ സാദ്ധ്യതയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് ഞാൻ നടക്കാൻതന്നെ തീരുമാനിച്ചു. വൈകിവന്ന ഏതെങ്കിലും ഗ്രാമീണനെ വഴിക്കൊരു കൂട്ടായി കിട്ടിയിരുന്നെങ്കിലെന്ന് മനസ്സാ തീവ്രമായി ആഗ്രഹിച്ചു.

ടൗണിന്റെ പുറംപോക്കിൽനിന്ന് ഗ്രാമത്തിലേക്ക് തിരിയുന്ന പാതയിലേക്ക് കയറുന്നിടത്തെ കലുങ്കിൽ ആരോ ഇരിക്കുന്നതുപോലെ തോന്നി. നേരിയ നാട്ടുവെളിച്ചമേയുള്ളൂ.
തോന്നലല്ല, ഒരാൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോഴാണ് അതൊരു ഏകദേശം ഇരുപത് വയസ്സോളം പ്രായമുള്ള പെണ്കുട്ടിയാണെന്നു മനസ്സിലായത്. മൊബൈലിലെ ടോർച്ച് മുഖത്തേക്ക് തെളിച്ചുകൊണ്ടു ഞാൻ ചോദിച്ചു, ആരാ, ഈ അസമയത്ത് എന്താ ഇവിടിങ്ങനെ ഇരിക്കുന്നത്….?

ഭീതിയും പരിഭ്രമവും എല്ലാം അവളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. ഈ അസമയത്ത് ഇവിടെ ഒറ്റയ്ക്കിരിക്കുന്നത് ഒട്ടും സുരക്ഷിതമല്ലെന്നറിയില്ലേ…? വല്ലാത്ത കാലമാണ്.

അനിലേട്ടനല്ലേ, എന്നെ മനസ്സിലായില്ലേ…? ഞാൻ വടക്കേലെ ബാലകൃഷ്ണൻ നായരുടെ മോളാണ്. അനു…!

ങേ… അനുവോ, നീയെന്താ ഈ നേരത്തോ…? നിന്നെ ഒരു പത്തു പതിനഞ്ചു വയസ്സുള്ളപ്പോ കണ്ടതാ, ഇപ്പൊ നീ എവിടെയാ…?

ഞാൻ കോയമ്പത്തൂരാണ് അനിയേട്ടാ, ഭാരതിയാർ യൂണിവേഴ്‌സിറ്റിയിൽ Phd ചെയ്യുന്നു. ധാരാളം പടിക്കാനുള്ളത്കൊണ്ട് വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമാണ്. ഇന്നലെ ഫോൺ ചെയ്തപ്പോ അമ്മ ഒരേ പരാതി. ശരി രണ്ടു ദിവസം വീട്ടിൽ നില്ക്കാം എന്നുകരുതി ഇറങ്ങിയതാ, പാലക്കാട് വരേയ്ക്കും കൃത്യമായി ബസ് കിട്ടി. സ്റ്റേറ്റ് ട്രാൻസ്പോട്ട് ബസ്സുകൾ നമ്മുടെ സർക്കാർ വകയാണല്ലോ, സമയത്തോടിയാൽ വല്ല ദോഷവും സംഭവിച്ചാലോ…? ഇവിടെ ഇപ്പോൾ വന്നിറങ്ങിയതേയുള്ളൂ…, കഷ്ടകാലം നോക്കു, മൊബൈലിൽ ബാറ്ററി ഡൗണ്. വീട്ടിലേക്ക് വിളിച്ച് പറയാൻ ഒരു മാർഗ്ഗവുമില്ല. പിന്നെ ആരെങ്കിലും വരും എന്നുള്ള വിശ്വാസത്തിൽ ഇവിടെ ഇരുന്നു.

ആരുടെയോ ഭാഗ്യം. ഓർക്കുമ്പോഴേ ഭയം തോന്നുന്നു. നിന്നെപ്പോലെ പ്രായപൂർത്തിയായ ഒരു പെണ്കുട്ടി…, ങാ ആരുടെയോ നല്ലകാലം. ഒന്നും സംഭവിച്ചില്ലല്ലോ….? വാ, മുന്നിൽ നടക്ക്…

ബാഗുംതൂക്കി അവൾ മുന്നിൽ നടന്നു. നരച്ച നിലാവിൽ കറുത്ത പാത മുന്നിൽ നീണ്ടുനിവർന്നു കിടന്നു. ബാഗിങ് താ, ഞാൻ പിടിക്കാം. ഞാൻ പറഞ്ഞതവൾ നിരസിച്ചു. ഇതിന് ഭാരമൊന്നും ഇല്ല അനിയേട്ടാ, ഞാൻ പിടിച്ചുകൊള്ളാം.
പിന്നെ ഞാൻ നിര്ബന്ധിച്ചില്ല.

ഈ വഴിയേ ഒറ്റയ്ക്ക് നടക്കുന്നതിനെക്കുറിച്ചോർത്തുണ്ടായിരുന്ന ഭയത്തിന് പാതി ആശ്വാസമായി. കൂടെ മിണ്ടിപ്പറയാൻ ഒരു മനുഷ്യ ജീവിയുണ്ടല്ലോ….?!

അനിയേട്ടന് പേടിയുണ്ടോ, വല്യ എത്തീസ്റ്റാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ ആ കൂട്ടങ്ങൾ മിക്കവാറും പേടിക്കുടലന്മാരാണെന്നാണ് എന്റെ അനുഭവം.

പേടിയുണ്ടെങ്കിൽ ഞാനീ രാത്രി നടക്കാൻ ധൈര്യപ്പെടുമോ…? എല്ലാവരെയുംപോലെയല്ല ഞാൻ. അന്ധവിശ്വാസങ്ങൾ അടിസ്ഥാനമായുള്ള ഒരു ഭയവും എനിക്കില്ല. ഇഴജന്തുക്കളെയും മനുഷ്യരെയും മാത്രമേ എനിക്ക്‌ ഭയമുള്ളൂ.

മനുഷ്യരെയോ…, അതെന്താ….?

ഭൂമിയിൽ വിശ്വസിക്കാൻ പാടില്ലാത്ത ഒരു ജീവിവർഗ്ഗമേയുള്ളൂ, അത് മനുഷ്യനാണ്.

അതു ശരിയാ…

പിന്നെ കുറെ നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടാതെ നടന്നു. അവളിൽനിന്ന് അല്പം പിറകിലാണ് ഞാൻ നടക്കുന്നത്.
ബാലകൃഷ്ണൻ നായർ എനിക്കേറ്റവും വേണ്ടപ്പെട്ട ആളാണ്. കൂട്ടുകച്ചവടത്തിൽ വൻ നഷ്ടം വരികയും കൂട്ടുകാർ പിന്മാറുകയും ചെയ്തപ്പോൾ വന്ന സാമ്പത്തിക ബാദ്ധ്യത എങ്ങനെ വീട്ടുമെന്നോർത്ത് വിഷമിച്ചു നടക്കുന്ന കാലത്ത് ദൈവദൂതനെപ്പോലെ തന്നെ സഹായിച്ച ആളാണ്.

ഉള്ളതുപോലെ തിരിച്ചു താടാ എന്നേ ബാലേട്ടൻ പൈസ എടുത്തു തരുമ്പോൾ പറഞ്ഞുള്ളൂ. പലപ്പോഴായി കൊടുത്തു തീർത്തെങ്കിലും അതിന് ഒരുപാട് കാലതാമസം നേരിട്ടു. ഒരിക്കൽപ്പോലും അദ്ദേഹം നീരസം കാണിച്ചില്ല. ആ നല്ല മനുഷ്യന്റെ മകളെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ടത് തന്റെ കടമയാണ്.

മങ്ങിനിന്ന നിലാവ് പെട്ടെന്ന് മാഞ്ഞു. ഒരു കനത്ത മേഘം വന്നു മറച്ചതാണ്. ഇരുണ്ട അതിരിണാപ്പുറത്തുനിന്നേതോ നായ നിർതാതെ ഒരിയിട്ടു. ഞാൻ മൊബൈലിലെ ടോർച്ച് ഓണാക്കി. കാൽക്കൽ നോക്കി നടക്കു, പുതുമഴ പെയ്‌തതാണ്. ഉഷ്ണം കൂടിയിട്ട് ഇഴജന്തുക്കൽ പുറത്തിറങ്ങുന്ന സമയമാണ്.

ഞാൻ ടോർച്ച് അവളുടെ കാൽക്കലേക്ക് അടിച്ചു, ങേ…., ഇവളുടെ കാലുകൾ നിലത്ത് മുട്ടുന്നില്ലല്ലോ…? എനിക്ക് സർവ്വാംഗം വിയർത്തു. കൈയിലിരുന്ന് മൊബൈൽ വിറച്ചു. പണ്ട് മുത്തശ്ശി പറഞ്ഞ കഥകളിൽ പ്രേതങ്ങളുടെ കാൽ ഭൂമിയെ സ്പർശിക്കില്ല എന്നു പറഞ്ഞത് ഓർത്തു. അപ്പോൾ ഇത് അനുവല്ല, ഗ്രാമവാസികളുടെ ഭയം ആസ്ഥാനത്തല്ലല്ലോ ദൈവമേ, നങ്ങേമ…! നാളെ രാവിലെ ഒറ്റപ്പനയ്ക്കുചോട്ടിൽ വിരങ്ങലിച്ചു കരുവാളിച്ച തന്റെ ജഡം കണികണ്ടാവും ഗ്രാമം ഉണരുക….!

നിന്ന നില്പിൽ ഞാൻ ഈശ്വരവിശ്വാസിയായി. സന്ധ്യാനാമത്തോടൊപ്പം മുത്തശ്ശി ചൊല്ലിപ്പഠിപ്പിച്ച അര്ജുനൻ ഫല്ഗുനൻ ഓർത്തെടുത്തു, ഭയംകൊണ്ട് ജപം അല്പം ഉച്ചത്തിലായി.

അവൾ തിരിഞ്ഞുനിന്ന് ചിരിച്ചു, ഇതെന്ത് എത്തീസ്റ്റാണ്, അർജുനൻ, ഫൽഗുനൻ ചൊല്ലുന്ന നിരീശ്വരവാദിയെ ആദ്യം കാണുകയാണ്. അപ്പോൾ അനിയേട്ടനും പേടിത്തൂറിയാണല്ലേ…?

ഞാൻ വലതുകൈയിൽ മൊബൈൽ ഇരുകേപ്പിടിച്ചു, വീണ്ടും അവളുടെ കാൽക്കലേക്ക് ടോർച്ചടിച്ചു…

തനിക്ക്‌ വെറുതെ തോന്നിയതാണോ…? അവളുടെ രണ്ടുകാലുകളും ഭൂമിയിൽ തൊട്ടിട്ടുതന്നെയായിരുന്നു. ഓരോ ഭ്രമങ്ങളേയ്…, ഞാനെന്നേ ശാസിച്ചു. പിന്നെ ഇളിഭ്യതയോടെ പറഞ്ഞു, പണ്ട് മുത്തശ്ശി ചൊല്ലി പഠിപ്പിച്ചതാണ്‌. ഒന്നും മിണ്ടാതെ നടന്നപ്പോൾ വെറുതെ ഓർത്തുപോയി.

ഉം…ഉം…അവളൊന്നു മൂളി, ആ മൂളലിൽ ഒരു കളിയാക്കലിന്റെ ധ്വനിയില്ലേ…?
നമ്മൾ ആലിൻചോട്ടിലെത്താറായി, ഇനി ഇവിടുന്ന് ഒരു പത്തുമിനിറ്റ് നടന്നാൽ വീടായല്ലോ…., അവൾ സംസാരിച്ചുകൊണ്ടേയിരുന്നു.

അനിയേട്ടന് നങ്ങേലിക്കുട്ടിയെ പേടിണ്ടോ…? എന്തൊക്കെ കഥകളാണ്, ഒറ്റപ്പനയിലെ യക്ഷിയെക്കുറിച്ച്. അവളെ തളച്ചത് നിങ്ങടെ കുടുംബത്തിലെ കാരണവരാണ് എന്നുള്ള കഥയൊക്കെ ചെറുതാവുമ്പോ കേട്ട് ഇരുട്ടുവീണാൽ പേടിച്ചിറുകും. ഓരോ കാലങ്ങള്….!

നായ നിർത്താതെ ഓരിയിടുക തന്നെയാണ്….!

ഞാൻ വീണ്ടും അവളുടെ കാലുകളിലേക്ക് ടോർച്ചടിച്ചു, നിലം തൊടുന്നുണ്ട്…, ഹാവൂ, ഓരോ തോന്നലുകൾ…! ഞാനൊരു ദീർഘനിശ്വാസം വിട്ടു.

ആ അമ്മാവൻ ഭയങ്കര പുള്ളിയായിരുന്നു അല്ലേ, എന്നാലും അങ്ങേര് നങ്ങേലിക്ക് ചില ഇളവുകളൊക്കെ കൊടുത്തിരുന്നൂത്രേ…, ശരിയാണോ…?

ഉവ്വെന്ന് ഞാനും കേട്ടിട്ടുണ്ട്. കൊല്ലത്തിൽ നാലുതവണ അവൾക്ക് സ്വതന്ത്രയായി ഊരുചുറ്റാം. പക്ഷേ ആരെയും ഉപദ്രവിക്കാൻ പാടില്ല. തന്റെ പരമ്പരയിൽ ആൺ സന്തതികൾ ഉള്ളിത്തോളംകാലം അവൾ പട്ടിണിയറിയില്ലെന്നൊരു വാക്കും അദ്ദേഹം അവൾക്ക് കൊടുത്തൂപോലും.

ഇപ്പോൾ ആ കുടുംബത്തിലെ ആൺതരി ഞാനാണ്, വലിയ നിരീശ്വരവാദം പ്രസംഗിച്ചു നടന്ന് കാരണവരുടെ വാക്ക് തെറ്റിച്ചിരിക്കുന്നു. വലിയകാരണവരുടെ ഇളമുറക്കാരൻ കാരണവർ, തന്റെ അമ്മാവൻ, മരിച്ചിട്ട് രണ്ടുമാസമായി. കഴിഞ്ഞ മാസത്തിലായിരുന്നു നങ്ങേലിക്ക് കുരുതികൊടുക്കേണ്ടിയിരുന്നത്. അമ്മ പറഞ്ഞപ്പോൾ കളിയാക്കി, വീണ്ടും നിർബന്ധിച്ചപ്പോൾ കയർത്തു. അതോടെ അമ്മ പറച്ചിൽ നിർത്തി.
അനുഭവമുണ്ടാകുമ്പോൾ പഠിക്കും എന്നൊരു താക്കീതും ‘അമ്മ തന്നു.

ആലിന്റെചുവട്ടിലെത്തിയിരുന്നു ഞങ്ങളപ്പോൾ. നിബിഢമായ ഇലകളുമായി വേടുകൾ പാമ്പിനെപ്പോലെ തൂങ്ങിക്കിടക്കുന്ന പേരാൽ. നട്ടുച്ചനേരത്തുപോലും നാട്ടുകാർ ഒറ്റയ്ക്ക് നടക്കാത്ത പ്രദേശം. ഞാൻ വീണ്ടും ടോർച്ച് ഓൺ ചെയ്തു. ഈ ആലിന്റെ മോളിലും ചോട്ടിലും ഒക്കെ ദുർദേവതോള് ണ്ടത്രേ…!

എന്തേ, നിനക്ക് പേടിതോന്നുന്നുണ്ടോ…?
ഹേയ്…എനിക്കങ്ങനത്തെ ഒരു പേടിയും ഇല്ല. ഞാൻ ടോർച്ച് അവൾക്കായി അടിച്ചുകൊടുത്ത് നടന്നു. വീണ്ടും എന്റെ ശ്രദ്ധ അറിയാതെ അവളുടെ കാലുകളിലേക്കുടക്കി. ശരീരത്തെ മൊത്തം വിറങ്ങലിപ്പിച്ചുകൊണ്ടു മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ വീണ്ടും കണ്ണുകൾ ചിമ്മിയടച്ചും തുറന്നും നോക്കീ. ഇല്ല. അവളുടെ കാലുകൾ നിലത്ത് തൊടുന്നില്ല.

സപ്തനാഡികളും തളർന്നു. തൊണ്ട വരണ്ടു. വല്ലാത്ത പരവേശം. പെട്ടെന്ന് ഒരു കറുത്ത നായ ഒരിയിട്ടുകൊണ്ടു ഇരുളിലേക്കോടിപ്പോയി. ഒരടി നടക്കാനാവുന്നില്ല. പെട്ടെന്ന് അവൾ തിരിഞ്ഞു നിന്നു. അവളുടെ വസ്ത്രത്തിന്റെ തുമ്പുകളിൽ തീ പടർന്നിരുന്നു. ഒരു വല്ലാത്ത ചിരിമുഴക്കി അവൾ പതിയെ തന്റെ നേർക്കടുക്കുന്നു. പിന്നെ ഒന്നും ഓർമ്മയില്ല…. !!!

ഓർമ്മവരുമ്പോൾ താൻ തന്റെ കിടപ്പുമുറിയിലാണ്. നേരം വെളുത്തിരിക്കുന്നു. എന്താണ് സംഭവിച്ചത്…? ഓർത്തെടുക്കാൻ ശ്രമിച്ചു. തലേ രാത്രിയിലെ സംഭവങ്ങൾ ഒരു തിരശീലയിലെന്നവണ്ണം തെളിഞ്ഞുതുടങ്ങി. ആലിന്റെ ചുവടുവരെയുള്ള ഓർമ്മകളെയുള്ളൂ. ശേഷം…?

കാപ്പിയുമായി അമ്മ ആകത്തെയ്ക്ക് വന്നു. ഇന്നലെ രാത്രി എന്താടാ പൂതം പിടിച്ചമാതിരി കേറിവന്ന് കാലും മുഖവുംകൂടി കഴുകാതെ കേറിക്കിടന്നുറങ്ങിയത്…?

ബാലന്റെ മോള് അനു നിന്നെതിരക്കി വന്നിട്ടുണ്ട്. നീയാണ് ഇന്നലെ രാത്രി അവളെ വീട്ടിൽ കൊണ്ടു വിട്ടത് എന്നു പറഞ്ഞു. അനു, ഇങ്ങോട്ട് വാ, അമ്മ നീട്ടി വിളിച്ചു.

ഇനീം എണീറ്റില്ലേ മാഷേ…, ദൈവാധീനം ഇന്നലെ അനിയേട്ടനെ കണ്ടത്. അല്ലെങ്കിൽ ഞാൻ ചുറ്റിപോയിട്ടുണ്ടാകും ആന്റി. അതിനൊരു താങ്ക്സ് പറയാനാ രാവിലെതന്നെ വന്നത്.

ശരി. നീയിവനോട് സംസാരിക്ക്, ഇവന് വെട്ടിവിഴുങ്ങാൻ വല്ലതുമുണ്ടാക്കട്ടെ ഞാൻ.

അമ്മ പുറത്തുപോയപ്പോൾ, ഹോ, എന്തൊരു ധീരനായ എത്തീസ്റ്റ്…, അവൾ തുടർന്നു, അമ്പോ, നിങ്ങള് ഭക്ഷണം കഴിക്കണത് ഇത്തിരി കുറയ്ക്കണം ട്ടോ, ഒന്നു താങ്ങിയെടുത്ത് ഈ തിണ്ണയിൽ കൊണ്ടിരുത്താൻ ഞാൻ പെട്ട പാട്…, …ങാ…പിന്നേയ് ഇതാ നിങ്ങടെ മൊബൈൽ. തിരിച്ച് വീട്ടിൽപോവാൻ വെട്ടവും വെളിച്ചവും ഒന്നും വേറെ ഇല്ലായിരുന്നല്ലോ, അപ്പോൾ അനിയേട്ടനെ ഇവിടെ ഇരുത്തി മൊബൈലുമായി ഞാൻ പോയി.

ഞാൻ നങേമയൊന്നുമല്ല, ചോരകുടിക്കില്ല. പേടിക്കണ്ടാ ട്ടോ. അവളുടെ കളിയാക്കലിൽ ഞാനാകെ ചൂളിപ്പോയി. അവൾ ഒന്നിരുത്തിച്ചിരിച്ചു, ഞാനെയ്‌ അടുത്തവട്ടം വരുമ്പോഴും ഇതേപോലെ രാത്രിയിൽ വരാം. എനിക്ക് കൂട്ടു വരണേ…,

ആന്റി നങ്ങേമയ്ക്ക് ഗുരുതി കൊടുക്കണ്ടേ, ഇന്നലെ രാത്രി വരുമ്പോ ഗുരുതിടെ കാര്യം ന്നോട് പ്രത്യേകം പറഞ്ഞിരുന്നു. ആള്പ്പൊ നല്ലവനായി ട്ടോ, നിരീശ്വരവാദം ന്നലെ രാത്രി ആ ആലിന്റെ ചോട്ടില് ഉപേക്ഷിച്ചു. ഉച്ചത്തിൽ അവളമ്മയോട് വിളിച്ചു പറഞ്ഞു.

അതേയ്, അതാങ്ങട് ചെയ്‌തോളൂ, അമ്മയ്ക്കൊരു സന്തോഷോം സമാധാനോം ഒക്കെ ആവൂലോ…?
അല്ല ഇനീം കപട നിരീശ്വരവാദംകൊണ്ട് നടക്കാനാ ഭാവം ച്ചാൽ ഞാൻ നാറ്റിക്കും. ഇന്നലെ രാത്രിണ്ടായത് ഈ നാടുമുഴുക്കെ ഒരു സൈക്കിൾ വാടകയ്ക്കെടുത്ത് മൈക്ക് വച്ച് വിളിച്ചുപറയും…. !

ഇമേജ് വേണോ, മാനംപോണോ…?

ഇമേജ് വേണം, ഒപ്പം മാനമൊട്ട് പോകാനും പാടില്ല, .ഞാനവളെ തൊഴുതു.
തന്നെ നിലംപരിശാക്കിയ സന്തോഷത്തോടെ ഒരു മൂളിപ്പാട്ടും മൂളിക്കൊണ്ടവൾ പുറത്തേയ്ക്ക് പോയി….!

By ivayana