കോവിഡിനോട് പൊരുതുന്ന ലോകത്തിന് പുത്തന്‍ പ്രതീക്ഷയായി വാക്‌സിന്‍. ആദ്യത്തെ വാക്‌സിന്‍ റഷ്യയില്‍ പരീക്ഷിച്ചു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു.

റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണത്തിന്റെ ഈ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞു. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്‌സിന്‍. ഇപ്പോള്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള വാക്‌സിനുകളുടെ അതേ സുരക്ഷിതത്വം ഈ കോവിഡ് വാക്‌സിനും അവകാശപ്പെടാമെന്ന് ലുക്കാഷെവ് പറഞ്ഞു.

അതേസമയം ആദ്യ ബാച്ചില്‍പരീക്ഷണത്തിന് വിധേയരായ രോഗികളെ ഈ വരുന്ന ബുധനാഴ്ച്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. അടുത്ത ബാച്ചിന് ജൂലായ് ഇരുപതിനും ഡിസ്ചാര്‍ജ് ചെയ്യും. മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം നേടുന്ന ആദ്യ കോവിഡ് വാക്‌സിനാണ് റഷ്യയിലേത്. ആദ്യമായി വാക്‌സിന്‍ വിജയകരമായി പരീക്ഷിക്കുന്ന രാജ്യമെന്ന നേട്ടവും ഇതോടെ റഷ്യക്ക് സ്വന്തമായി. ജൂണ്‍ 18 മുതല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചിരുന്നതായി മറ്റൊരു ശാസ്ത്രജ്ഞനായ വാദിം തരാസോവ് സ്ഥിരീകരിച്ചു.

റഷ്യയില്‍ കോവിഡ് കാലത്ത് ഏറ്റവും മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് സെഷനോവ് കാഴ്ച്ചവെച്ചത്. ഇതിനിടയിലാണ് അവര്‍ വാക്‌സിനും വികസിപ്പിച്ചത്. അതേസമയം വാണിജ്യപരമായി ഈ വാക്‌സിന്‍ നിര്‍മാണം എപ്പോള്‍ ആരംഭിക്കുമെന്ന് ഇതുവരെ ഇവര്‍ പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ 21 വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്.

By ivayana