രചന : ബിനു. ആർ.✍

ചോദിച്ചാൽ എന്തും കൊടുക്കുന്ന ദൈവത്തിന്റെ അവതാരങ്ങളെക്കുറിച്ച് കേട്ടിട്ടില്ലേ, അതുപോലെ ആയിരുന്നു കൃഷ്ണന്മാൻ. എന്തുചോദിച്ചാലും കൈവശമുണ്ടെങ്കിൽ കൊടുക്കും. ബീഡികത്തിച്ച് ചുണ്ടോടുവയ്ക്കാൻ തുടങ്ങുമ്പോഴായിരിക്കും ആരെങ്കിലും ഒരു ബീഡി ചോദിക്കുന്നത്. വേറെ കൈയ്യിൽ ഉണ്ടായിരിക്കില്ല. എങ്കിലും അതങ്ങ് കൊടുക്കും.


ഒറ്റ തിരിയിട്ട നിലവിളക്ക് കാറ്റത്തൂയലാടി കത്തുന്നു. പച്ചവാഴയിലയിൽ നിലത്തുകിടക്കുന്ന രൂപം കൃഷ്ണന്മാനെന്നു വിശ്വസിക്കാനാവുന്നില്ല. പ്രായം തൊണ്ണൂറിനോടടുത്തിട്ടുണ്ടെങ്കിലും ഒറ്റ തലമുടിപോലും നരച്ചിട്ടില്ല. തൊണ്ടയിലെ തൊലി പോലും ചുളുങ്ങിയിട്ടില്ല. ആരോഗ്യത്തിന് ഒരേനക്കേടും പറ്റിയിട്ടുമില്ല. ആറടി രണ്ടിഞ്ചുയരം ഒത്ത തടി.


രാവിലെ ഓഫീസിൽ പോകാൻ തുടങ്ങുമ്പോഴായിരുന്നു പോസ്റ്റ്മാൻ വന്നത്. ഒരു ടെലിഗ്രാം. പെട്ടെന്ന് തന്നെ തുറന്നു വായിച്ചു.
‘കൃഷ്ണന്മാൻ പോയി. രവി.’


കഴിഞ്ഞയാഴ്ച ഇവിടെ ഞങ്ങളുടെ സായാഹ്നംകൂടിക്കാഴ്ചക്കിടയിൽ പെട്ടെന്ന് കൃഷ്ണന്മാൻ മൗനിയായി. ഓർമ്മചെപ്പിൽ ഒരിക്കലും തീരാത്ത അനുഭവക്കുറിപ്പുകൾ ചികഞ്ഞെടുത്ത്‌ ഞങ്ങൾക്കിടയിലേക്ക് വിതാനിക്കുന്നതിനിടയിലായിരുന്നു, അല്പനേരത്തെ ആ മൗനം.


കഥപറയാൻ തുടങ്ങുമ്പോൾ എപ്പോഴും കൃഷ്ണന്മാൻ മച്ചിലേയ്ക്കും നോക്കി ഒരുകിടപ്പുണ്ട്. അനുഭവക്കുറിപ്പുകൾ മച്ചിൽ എഴുതിവച്ചതുപോലെ, അത് വായിക്കുന്നതുപോലെ ആയിരുന്നു, അപ്പോഴത്തെ കൃഷ്ണമണികൾ പോലും. പെട്ടെന്ന് കൃഷ്ണമണികൾ നിശ്ചലമായി.


ആദ്യം ഞങ്ങളൊന്നമ്പരന്നെങ്കിലും, പിന്നീട് വീണ്ടും അതിളകിതുടങ്ങിയപ്പോൾ, ഞങ്ങളുടെ മുകളിലേക്ക് പോയ ശ്വാസം തിരിച്ചുവന്നു.
‘എന്തുപറ്റി കൃഷ്ണന്മാവാ ‘!


എന്ന ഞങ്ങളുടെ ചോദ്യത്തിന് മൂപ്പർ ചെറു ചിരിയോടെ പറഞ്ഞു.
‘ ഇപ്പോൾ എന്റടുത്ത് ഒരാൾ വന്നിരുന്നു. ഒരു ചോദ്യം, കൂടെ പോരുവല്ലേ എന്ന്.’
‘ഞങ്ങൾ കാണാത്ത ആരാണയാൾ, ‘


എന്ന ചോദ്യത്തിന് ചിരിയുടെ മേൽക്കൊമ്പ് സൂക്ഷിച്ചുകൊണ്ട് കൃഷ്ണന്മാൻ പറഞ്ഞു.
‘വന്നത് മരണം.ചോദിച്ചത് എന്റെ ജീവൻ. ഇനിയൊരിക്കലാവാം എന്ന് പറഞ്ഞുവെച്ചു.’
ഒരാഴ്ച പിന്നിട്ടപ്പോഴേക്കും വീണ്ടും അയാൾ വന്നു കാണും കൊടുക്കാമെന്ന വാഗ്ദാനം പാലിച്ചും കാണും. എന്റെ തലയുടെ പുറകുവശത്തു അപ്പോഴും ആ മരപ്പ് തുടരുകയിയിരുന്നു.


‘ എന്നാപ്പിന്നെ ഇനി അങ്ങോട്ടെടുക്ക്വ!’
അവിടെയും ഇവിടെയും എല്ലാക്കാര്യങ്ങളും നോക്കി നടത്തിയിരുന്ന കാരണവർ അവിടെ വന്നു പറഞ്ഞു.


കൃഷ്ണന്മാന് സ്വന്തമായിട്ടും ബന്ധുവായിട്ടും ആരോരും തന്നെ ഇല്ല. പതിനാലാം വയസ്സിൽ അമ്മ ദണ്ണം വന്നുമരിച്ചപ്പോൾ ഏറ്റെടുക്കാനാളില്ലാതെ തെരുവുകളിലലഞ്ഞു പുഴവെള്ളവും കുടിച്ച് പട്ടാളത്തിൽ ചേക്കേറിയതിൽ പിന്നെ നാട് എന്നത്, ഈ തറവാടിന്റെ കാരണവർ രാവുണ്ണിമേനോൻ അയാളുടെ എണ്ണിയാലൊടുങ്ങാത്ത സമ്പത്തും ഭൂമിയും നോക്കി നടത്താൻ ഏൽപ്പിച്ചപ്പോൾ ഇവിടമായിതീർന്നു.
നാട്ടിലെ എല്ലാ പ്രമാണിമാരും എത്തിയിട്ടുണ്ട്… രാവുണ്ണി മേനോന്റെ ആൾക്കാരെ ആരെയും കാക്കാനില്ല.. അയാൾ പത്തുമുപ്പതു കൊല്ലം മുമ്പ് ശീമയിലേയ്ക്ക് കുടിയേറിപ്പാർത്തതിൽപിന്നെ ഇങ്ങോട്ടുള്ള വരവുതന്നെ മറന്നതുപോലെ ആയി.


ഒരിക്കൽ കൃഷ്ണന്മാന് അയാളുടെയൊരു കത്തുവന്നൂ പോലും. ശീമയിലെ കുടിക്കിടപ്പവകാശം നേടിയതിനാൽ, നാട്ടിൽ വരാൻ കഴിയാത്തതിനാൽ,തന്റെ സമ്പത്ത് സ്വന്തമെന്നപോലെ കൈകാര്യം ചെയ്യാൻ താങ്കളെ അനുവദിച്ചു കൊള്ളുന്നു.
അന്യന്റെ മുതൽ ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലെന്ന മഹാരാഥന്മാരുടെ അപ്തവാക്യത്തിൽ ഉറച്ചു വിശ്വസിച്ചിരുന്ന കൃഷ്ണന്മാൻ, അണുവിടെ തെറ്റാതെ താൻ വെറുമൊരു കാവൽക്കരനെന്നപോലെ മുറ തെറ്റാതെ ജീവിച്ചു പോന്നു.
കൃഷ്ണന്മാൻ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു, എങ്ങുനിന്നോവന്ന് എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചയാൾ. നാട്ടിലെ ഇനിയുള്ള ഏറെ പ്രായം ചെന്നയാൾ കേശുവേട്ടനാണ്. അയാൾ പൂമുഖത്തെ ബെഞ്ചിലിരുന്നു പറയുന്നു…
‘ഞാനല്ലേ ഈ നാട്ടിലെ ഇപ്പോഴത്തെ കാരണവർ. അവന് (മരണം )എന്നെ അങ്ങു കൊണ്ടുപോകാമായിരുന്നില്ലേ.’


അയാളുടെ മരണത്തോടുള്ള പരിഭവം നീണ്ടു കൊണ്ടേയിരുന്നു.
തറവാടിന്റെ തെക്കുവശത്ത് കൃഷ്ണന്മാവാനുള്ള ചിതയൊരുങ്ങിക്കഴിഞ്ഞു.
കൃഷ്ണന്മാന്റെ വാക്കുകൾ ഇടയ്ക്കിടെ തോരണങ്ങളായി തൂങ്ങിക്കിടന്നാടുന്നുണ്ടായിരുന്നു.
‘എന്നെങ്കിലും ഒരിക്കൽ ഞാനിവിടെ കിടന്ന് മരിക്കുന്നെങ്കിൽ, ഞാനും ഈ തറവാടിന്റെഭാഗമാകും. കഴിഞ്ഞ അമ്പതുകൊല്ലം വന്നുകയറിയവന് അഭയം തന്ന വീടാണിത്. രാജാവിനെപ്പോലെ ഭരിച്ചു നിലയുറപ്പിച്ചയിടം. എന്നാലും എനിക്ക് ഈ മണ്ണിന്റെ ഭാഗമാകാൻ എന്താണ് യോഗ്യത!’
ഒരിക്കൽ ഞങ്ങളുടെ സദസ്സിൽ കൃഷ്ണന്മാൻ പറഞ്ഞതാണിത്. പിന്നൊരിക്കൽ ഇങ്ങനെയും പറഞ്ഞു…


‘എല്ലാവരും വന്നു കയറുന്നവർ തന്നെയാണ് അല്ലേ.’? ഞാനും വന്നു കയറി. നിങ്ങളും, ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വന്നു കയറിയവർ തന്നെയല്ലേ?’
കൃഷ്ണന്മാന്റെ ജഡം ചിതയിൽ വച്ചു. ഞങ്ങൾ മൂന്നുപേർ ചേർന്ന് ചിതകൊളുത്തി. തീ ആദ്യം കത്താൻ ആയാസപ്പെടുന്നതുപോലെ തോന്നി. കൃഷ്ണന്മാന്റെ ബാല്യം ഒരോർമയായി നിറഞ്ഞു.


അന്നൊക്കെ ആശാൻ പള്ളിക്കൂടമായിരുന്നു, പ്രാഥമിക വിദ്യാഭ്യാസം.അന്നൊക്കെ ആശാന്റെ ഭാര്യയെ അമ്മ എന്നാണ് വിളിക്കുക. അവരെയായിരുന്നു ഏറ്റവും ഭയം.അവർ ഒരു പൂതനതന്നെയായിരുന്നു. അവരുടെ മുന്തിയ പല്ലും കൊങ്കണ്ണും കാക്കക്കറുപ്പും കണ്ടാൽ നമ്മുടെയൊക്കെ സങ്കല്പത്തിലെ പൂതന തന്നെ. ഒരു ദിവസം രാവിലെ പള്ളിക്കൂടത്തിൽ ചെല്ലുമ്പോൾ മുറ്റം നിറയെ ആൾക്കാർ!ആൾക്കാരിലിടയിലൂടെ നൂണ് ചെല്ലുമ്പോൾ കാണുന്നത് ഇറയത്തെ അടക്കം പറച്ചിലുകൾ. അകത്തേയ്ക്ക് കടന്നുചേല്ലാൻ തുനിയുമ്പോൾ പലരും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അവരിൽ നിന്നെല്ലാം കുതറി അകത്തേയ്ക്ക് കടന്നപ്പോൾ, ആശാന്റെ പൂതന വെള്ളത്തുണിയിൽ പൊതിഞ്ഞു കിടക്കുന്നു. ചത്തുവെന്ന് പിന്നെ ആരോ പറഞ്ഞറിഞ്ഞു..


അതുകേട്ടു ഞങ്ങൾ കുറെ ചിരിച്ചു.
എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ഓർമയിൽ നീന്നും ഉണർന്നത്. കൃഷ്ണന്മാൻ ചിതയിൽ കിടന്നുപൊട്ടിയെരിയുന്നു.
രാത്രിയിൽ എന്റെ മുറിയിൽ ഡയറിയിൽ കുറിച്ചിട്ടു. കാവൽക്കാരനായി വന്ന് എല്ലാവരുടെയും കാവലാളായി മാറിയ കൃഷ്ണന്മാൻ.. ഓർമ്മകൾ മാത്രമായി.. കഥകളുടെ ഗഹ്വരം മുഴുവൻ കാട്ടിത്തരാതെ.
0

By ivayana