രചന : സന്ധ്യാസന്നിധി✍
നാവും നട്ടെല്ലും
എല്ലാമനുഷ്യര്‍ക്കും ഉണ്ടെങ്കിലും
അതിന്‍റെ ഉപയോഗവും ഉറപ്പും
എല്ലാവരിലുമുണ്ടാകണമെന്നില്ല.
സംസാരശേഷിയും സംവാദശേഷിയും
വൃത്യസ്ത നിലപാടുകളുടെ പ്രവര്‍ത്തനം കൂടിയാണ്.
തന്നെ ബാധിക്കില്ലായെന്നുള്ള
കൊള്ളരുതായ്മകളോടെല്ലാം
ഞാനതഗീകരിക്കുകയാണെന്ന മട്ടില്‍ വളരെവിദഗ്ധമായ്
അതോടൊപ്പം ഒഴുകിനടക്കുന്നവരുണ്ട്.
അതായത് പൂച്ചപാല്കുടിക്കും പോലെ.
കണ്ണടയ്ക്കുന്നയാളിന് അകത്തും പുറത്തും ഇരുട്ടാണ്.
കണ്ടുനില്‍ക്കുന്നവരില്‍
കുറച്ചുപേരെങ്കിലും കാഴ്ചയുള്ളവരാണെന്ന
കാര്യം അത്തരക്കാര്‍ മറന്നുപോകുന്നു.
എന്തുകൊണ്ടോ
അത്തരം ആള്‍ക്കാരോടും ആഘോഷങ്ങളോടും
ഒരുതരം അസ്വസ്‌തതയാണ് അനുഭവപ്പെടുക.
ചവച്ചിറക്കാനാവത്തതെന്തോ
തൊണ്ടക്കുഴിയില്‍ നിന്ന്
പുറത്തേക്ക്ചാടാന്‍
വെമ്പുന്നതുപോലെയാണത്.
അതുകൊണ്ട് തന്നെ, ഇഷ്ടമില്ലായ്മകളില്‍
അനിഷ്ടമോ അഭിപ്രായമോ പ്രകടിപ്പിക്കാറുണ്ട്.
അതുമല്ലെങ്കില്‍
അത്തരം ആളുകളില്‍ നിന്നും സംഘടനകളില്‍ നിന്നും അകലം പാലിക്കുകയോ
അറിയാതെ പെട്ടുപോയാല്‍
തുടര്‍ന്ന്,തൊട്ടുനില്‍ക്കാന്‍ ഇടകൊടുക്കാതിരിക്കുകയോ ചെയ്യാറുണ്ട്.
ആരെങ്കിലും പിണങ്ങുമോ
അവരെ പിണക്കാനാകുമോ അതുവഴി പ്രശസ്തിയും
പ്രമുഖതയും കുറയുമോ
എന്ന് കരുതി അവനവന്‍റെ ആത്മസത്വനഷ്ടപ്പെടുത്തിയുള്ള സ്തുതിപാടലുകളോടും പങ്കുപറ്റലുകളോടും ഒട്ടും താല്പര്യമേയില്ല.
അതുമൂലം ശത്രുതയും വിരോധവും വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നതും അതിശയത്തോടെ വൃക്തമായതാണ്.
മാത്രമല്ല
ആരാധകരുടേയും അഭ്യുദയകാംഷികളുടേയും എണ്ണവും കുറയാം.
എങ്കിലും,
നിലപാട് മറച്ചുവെക്കേണ്ടിവരാത്തതില്‍
അഭിമാനവും മനസാക്ഷിയോട് നീതിപുലര്‍ത്താനാകുന്നതില്‍ സന്തോഷവും ഉണ്ട്.
നടക്കാനേറെ ദൂരമുണ്ടെന്ന് കരുതി
ഉറപ്പില്ലാത്ത ഊന്നുവടികളായാലും മതി എന്നപ്രവണതയോട്
പൊരുത്തപ്പെടാനുമാകില്ല.
നമുക്കുള്ളത് നമ്മളിലേക്ക് വരും
നമുക്കുവേണ്ടതും
നമ്മളെയര്‍ഹിക്കുന്നതും നമ്മളില്‍
നിലനില്‍ക്കും
മറ്റെല്ലാം താല്ക്കാലികമാണെന്ന
ഉറച്ച വിശ്വാസത്തില്‍
ഒരു സംശയവുമില്ല.
ആഘോഷങ്ങളിലും
ചര്‍ച്ചകളിലും
ഏറെപ്പേരുണ്ടാകാം.
ആശയങ്ങളും
അഭിപ്രായങ്ങളും പലവിധവുമുണ്ടാകാം.
ചിന്തയും
പ്രായോഗികബുദ്ധിയും തീരുമാനവും അവനവന്‍റേതാവേണ്ടതുണ്ട്.
അല്ലെങ്കില്‍,
നിലനില്‍പ്പും നലപാടില്ലായ്മയും
നിലംപരിശാകാന്‍ അധികാലം വേണ്ടിവരില്ല.