രചന : എം പി ശ്രീകുമാർ✍
പൂവ്വിനു നിർവൃതി വിരിയുമ്പോൾ
പുലരിയ്ക്കു നിർവൃതി പുലരുമ്പോൾ
ചന്ദ്രനു നിർവൃതി പൗർണ്ണമിയിൽ
ഇരുളിനു നിർവൃതിയമാവാസി
കുഞ്ഞിനു നിർവൃതി നുകരുമ്പോൾ
അമ്മിഞ്ഞപ്പാലു നുകർന്നീടുമ്പോൾ
അമ്മയ്ക്കു നിർവൃതി പകരുമ്പോൾ
അമ്മിഞ്ഞപ്പാലുപകർന്നീടുമ്പോൾ
പ്രണയിയ്ക്കു നിർവൃതി ചേരുമ്പോൾ
പ്രണയിനിയ്ക്കൊപ്പം ചേരുമ്പോൾ
ഭക്തനു നിർവൃതി ലയിയ്ക്കുമ്പോൾ
ദൈവീക ഭക്തിയിൽ ലയിയ്ക്കുമ്പോൾ
മുകിലിനു നിർവൃതി പെയ്യുമ്പോൾ
മഴയായൂഴിയിൽ പെയ്യുമ്പോൾ
കുയിലിനു നിർവൃതി പാടുമ്പോൾ
മയിലിനു നിർവൃതിയാടുമ്പോൾ
ത്യാഗിയ്ക്കു നിർവൃതി ത്യജിയ്ക്കുമ്പോൾ
കർമ്മിയ്ക്കു നിർവൃതി ശ്രമിയ്ക്കുമ്പോൾ
ജീവിത നിർവൃതി ലയിയ്ക്കുമ്പോൾ
നിത്യ ചൈതന്യത്തിൽ ലയിയ്ക്കുമ്പോൾ
നൻമതൻ പാതയിലൂടൊഴുകി
സത്ചിതാനന്ദത്തിൽ ലയിയ്ക്കുമ്പോൾ.