രചന : സതീഷ് വെളുന്തറ✍
മരണം മണക്കുമിടനാഴികളുമുണ്ടിവിടെ
ഉപദ്വീപിതിനു ഭാരതമെന്നാന്ന് പേർ
ഇപ്പുരമെരിയ്ക്കാനെണ്ണമുക്കിയ ശീലകൾ
ചുറ്റിയ ദണ്ഡുകൾ പൊക്കിച്ചുഴറ്റുന്നു
അവയൊക്കെയഗ്നി പുതപ്പിച്ചു നീട്ടുന്നു
ദുഷ്ടമാം സംസ്കൃതിയാളിപ്പടരുന്നു
ആത്തീയണയ്ക്കാൻ ജലധാരകൾ തേടി
അലയുന്നു നീറിപ്പിടയുമീ ഭൂമിക
നേരിന്റെ നേർപടം നേരെയുയർത്തുവാൻ
ത്രാണിയില്ലാതെ കിതപ്പും വിയർപ്പുമായ്
തമ്മിലന്യോന്യം പഴി ചാരി നിൽക്കുന്നു
ആലസ്യം വിട്ടുണരാതെ മഹാജനം
തേർനടത്താനൊരു സാരഥിയായ് വേണം
അവതാര പുരുഷനൊരാളെങ്കിലും ക്ഷണം
ചാപം കുലയ്ക്കാൻ നരനായ് പിറക്കണം
വാരുണം കൊണ്ടടക്കേണമീയഗ്നിയെ
അശ്വമേധം നടത്തേണമിപ്പാരിടം
രക്ഷിച്ചു രാജസൂയം നടത്തീടണം
താനേ മുളയ്ക്കുമെന്നാൽ പുതുനാമ്പുകൾ
താരും തളിരും നിറഞ്ഞു നിൽക്കും.