രചന : പട്ടം ശ്രീദേവിനായര്‍✍
‘” ലോക പരിസ്ഥിതി”” ദിനാശംസകൾ 🙏
ഞാനൊരു മരം !
ചലിക്കാനാവതില്ലാത്ത,
സഹിക്കാന്‍ ആവതുള്ള മരം!
വന്‍ മരമോ? അറിയില്ല.
ചെറുമരമോ? അറിയില്ല.
എന്റെ കണ്ണുകളില്‍ ഞാന്‍
ആകാശം മാത്രം കാണുന്നു!
നാലുവശവും,തഴെയും,
മുകളിലുമെല്ലാം ആകാശം മാത്രം!
സമയം കിട്ടുമ്പോഴെല്ലാം ഞാന്‍
എന്റെ ശരീരത്തെയും നോക്കുന്നു!
ഞാന്‍ നഗ്നയാണ്.എന്നാല്‍
ഇലകളെക്കൊണ്ട് ഞാന്‍ എന്റെ
നഗ്നത മറച്ചിരിക്കുന്നു!
ഗോപ്യമായ് വയ്ക്കാന്‍ എനിയ്ക്ക്
ഒന്നുമില്ല.
എങ്കിലും അരയ്ക്കുമുകളില്‍ ഞാന്‍
ശിഖരങ്ങളെക്കൊണ്ട് നിറച്ചു.
അരയ്ക്ക് താഴെ ശൂന്യത മാത്രം!
അവിടെ,നിര്‍വ്വികാരത!
ഇലകളെക്കൊണ്ട് മറയ്ക്കാന്‍ അവിടെ
ശിഖരങ്ങളില്ല.
അതുകൊണ്ട് തന്നെ ഇലകളുമില്ല!
എന്റെ മനസ്സില്‍ നിന്നും ഒലിച്ചിറങ്ങിയ
കണ്ണുനീര്‍കൊണ്ട്,
ഞാനെന്റെ പുറം തൊലിയ്ക്ക്
കടുപ്പമേകി….
പ്രകൃതിയെനിയ്ക്ക് തൊലിക്കട്ടി
ഉണ്ടാക്കി
തലയുയര്‍ത്തിനില്‍ക്കാന്‍ കഴിവു
നല്‍കി.
ഞാന്‍ എന്നില്‍ സംഭവിക്കുന്നത്
ഇപ്പോള്‍ അറിയുന്നതേയില്ല.
കാപാലികന്മാര്‍ എന്റെ മേനിയെ
നഗ്നയാക്കി എന്റെ ശിഖരങ്ങള്‍ വെട്ടി.
അവര്‍ എന്റെ നഗ്നതയില്‍ ആഹ്ലാദിച്ചു!
നഗ്നതമറയ്ക്കാന്‍ ഞാന്‍ എന്റെ
കൈകള്‍ താഴ്ത്തി.
അവര്‍ അപ്പോള്‍ ഒടിഞ്ഞ ശിഖരങ്ങള്‍
ആയിക്കണ്ട് എന്റെ കൈകളെയും
വെട്ടിമാറ്റി
എന്റെ ശിഖരങ്ങളില്‍,
പൂത്ത് ,കായ്ച്ച് നില്‍ക്കുന്ന
മനോഹരനിറം പൂണ്ടഫലങ്ങള്‍,
എന്റെ ഈ നിസ്സഹായ അവസ്ഥയിലും
എന്നില്‍ പ്രതീക്ഷയുണര്‍ത്തുന്നു!
ജനങ്ങള്‍ എന്റെ മുഖത്തുനോക്കുന്നു.
കണ്ണുകള്‍ പിന്‍ വലിക്കുന്നില്ല.
മുകളിലോട്ട് നോക്കി നിശ്ചേഷ്ടരായി
നില്‍ക്കുന്നു…..
അനങ്ങാതെ,അനങ്ങാന്‍ കഴിയാതെ!
മിണ്ടാതെ,മിണ്ടാന്‍ കഴിയാതെ!
കണ്ണുകള്‍ അടയ്ക്കാതെ!
അടയ്ക്കാന്‍ കഴിയാതെ!