രചന : ദീപക് രാമൻ ശൂരനാട്✍
അതിരുകളില്ലാത്ത
ആകാശം പോലെ,
സ്വപ്നങ്ങൾക്കും
ചിന്തകൾക്കും മഴവില്ലിൻ്റെ
അഴകുള്ള,
മറയില്ലാത്ത സൗഹൃദം ഒരിക്കൽ
നമുക്കിടയിലുണ്ടായിരുന്നു.
ആകാശത്തിനു കീഴിൽ,
സ്വപ്നങ്ങൾക്ക് ചിറകുമുളച്ച്
പാറിപ്പറക്കുന്ന ശലഭങ്ങളും,
തിരമാലകളടങ്ങിയ ശാന്തമായൊരു
കടലും,
അതിലേക്ക് ഒഴുകിവരുന്ന
സന്തോഷത്തിൻ്റെ ചില പുഴകളും കാണാമായിരുന്നു…
അന്നു നമ്മുടെ ആകാശത്തിൻ്റെയും
കടലിൻ്റെയും നിറം നീലയായിരുന്നു.
ഇടക്കെപ്പഴോ പ്രണയം ഹൃദയത്തിൽ
വിരുന്നു വന്നപ്പോൾ
വാചലതക്കുമീതെ
മൗനം വിറങ്ങലിച്ചുനിന്ന
ചില നിമിഷങ്ങൾ
നമുക്കിടയിലുണ്ടായി…
അരികത്ത് നിന്നിട്ടും
ആരാദ്യം പറയുമെന്ന
സങ്കോചത്താൽ
ഇഷ്ടം പറയാനാകാതെ
നീറി നീറി പിടഞ്ഞ രണ്ട്
ഹൃദയങ്ങളുമായി
എത്രയോ നാളുകൾ
പുറമേ ചിരിച്ചും കളിച്ചും
അകമേ പൊട്ടിക്കരഞ്ഞും
നമ്മൾ തള്ളിനീക്കി…
പറയാതെ പറഞ്ഞതും
അറിയാതെ അനുഭവിച്ചതുമായ
ആ വസന്തകാലത്തിൻ്റെ അവസാനം
ഋതുക്കൾ വിടപറയുമ്പോൾ
വിരഹ നൊമ്പരത്താൽ
നിറഞ്ഞു തുളുമ്പി വീണ
മിഴിനീർ തുള്ളികൾക്കൊപ്പം
നമ്മൾ എന്ന വാക്കും രണ്ടായിപ്പിളർന്നു.
ഇന്ന് നമുക്കിടയിൽ നമ്മളില്ല, പകരം
നീയെന്നും ഞാനെന്നും അർത്ഥമില്ലാത്ത
രണ്ടു വാക്കുകൾ മാത്രം…