രചന : ഹരിദാസ് കൊടകര✍

ആസ്തികനും നാസ്തികനും
ഇലയിട്ട് ഇരിയ്ക്കാൻ വിളിച്ചു.
പ്രാഗ്സസ്യ സാരം-
താളടവു വെച്ച്-
ഉഷക്കഞ്ഞി മോന്തി.

നിത്യവൈരുദ്ധ്യവും,
നിയതി ആദാനവും
സന്ധ്യയ്ക്കിരിയ്ക്കാതെ
പടിവിട്ടിറങ്ങി
പാതയോരം..
രാവുറങ്ങാതെ കൂട്ടിരിക്കാൻ
ഭ്രമണത്വമേകി.

പരിസ്ഥിതി ദിനം..
തലയിൽ മൂന്ന് കപ്പ്
മേലിലും കീഴിലും
രണ്ട്.. മൂന്ന്..
ശൗചവും ചേർത്താൽ
പത്ത്..
ഉറുമ്പിന്നുപോലും
ഇനിയില്ല വെള്ളം.

ഓട്ടക്കാലണ കിലുങ്ങും
ചെമ്പുസമോവറും
വഴിച്ചൂട്ടുമില്ലാതെ..
പച്ചിലയെല്ലാം പഴുത്തു.

തെച്ചി മന്ദാരക്കൂടിൽ
തലതാഴ്ത്തി നോക്കി
പ്രപഞ്ചവിശ്വം തിരിയിട്ട നെഞ്ച്
സ്നേഹപീഠത്തിൽ
കളിമ്പം കുഴിയാന
തൊട്ടിലാടുന്ന വെള്ളപ്പുഴുപ്പാറ്റ

നേരെ നോക്കാത്ത-
കള്ളക്കൊതുകുകൾ;
തളിർ വെട്ടിയിട്ടു.
ഞെട്ടിക്കൊഴിഞ്ഞൂ-
പകൽ പാതിയോളം.

ഹരിദാസ് കൊടകര

By ivayana