കള്ളക്കറുക്കിടക മാസമാണേങ്ങൾക്കു
പഞ്ഞമിഴയുന്ന മാസം
കഞ്ഞിക്കരിക്കാടിപോലുമേയില്ലാത്ത
തുള്ളിതോരാത്തതാം മാസം
വട്ടിയും, കുട്ടയും, കുട്ടിച്ചാക്കൊക്കെയും
കുത്തിയൊഴിയുന്ന കാലം
കെട്ടാപ്പുരയ്ക്കുള്ളിൽ പട്ടിണി,പാമ്പുപോൽ
പത്തിവിടർത്തുന്ന മാസം
കൊട്ടൻചുക്കാദി പുരട്ടിത്തഴപ്പായി –
ലൊട്ടിക്കിടക്കുന്നുണ്ടമ്മ
ഒട്ടുംചുരത്താത്തയമ്മിഞ്ഞപ്പാലിനായ്
നട്ടംതിരിയുന്നു മക്കൾ
വെട്ടിക്കിളയ്ക്കേണ്ട തൂമ്പ,തുരുമ്പിട്ടു
ഭിത്തിൽച്ചാരിയിരിപ്പൂ
ഒച്ചയുണ്ടാക്കില്ല, താളും തകരയും
ഭക്ഷ്യമായ് കിട്ടിയാലാരും
ചാണകം തേച്ചുമെഴുകും പുരയ്ക്കാത്തു
ഞാഞ്ഞൂലിന്നോട്ടം നടക്കും
കെട്ടാപ്പുരയ്ക്കകം കുത്തിക്കുഴിച്ചിടാ-
നെത്തും മഴത്തുള്ളി വീറാൽ
കിണ്ണത്തിലൊക്കെയും താളംപിടിച്ചിടും,
ചോരുന്ന വീട്ടിലായ് വർഷം
ഏറുന്ന ശീതത്തിൽ മോന്തുന്ന കഞ്ഞിത-
ന്നാവിയാണപ്പോൾ പ്രതീക്ഷ!
ഞണ്ടായിറുക്കുന്ന കർക്കടമാസത്തെ
നന്നായ് വെറുത്തു ഞാനന്ന്
ഇന്നുമെന്നോർമ്മയിൽ കീറപ്പഴമ്പായ
പോലാണ് കർക്കടമാസം !
കള്ളംപറയാൻ പഠിക്കാത്ത ഞാനെൻ്റെ –
യുള്ളതു ചൊല്ലുന്ന നേരം
വല്ലായ്മ തോന്നുന്നുവെങ്കിലീയെന്നോട്
നന്നായ് പൊറുക്കണേ നിങ്ങൾ
എൻ.കെ.അജിത്ത് ആനാരി