രചന : കൃഷ്ണമോഹൻ കെ പി ✍
വരിനെല്ലുകൊത്തുവാൻ പാടത്തണയുന്ന
ചകിതനാം തത്ത തന്നുൾത്തടത്തിൽ
ഉണരുന്ന ഭാവത്തിന്നുയിരായിട്ടുയരുന്നു
ഒരുമയോടിവിടെയാചേതനകൾ
അനഘമാം മുത്തുകളാകുന്നവാക്കുകൾ
അലയാഴിയാകുന്ന മാനസത്തിൽ
അലസം കിടക്കുന്ന നേരത്തു,മഗ്നനായ്
അവയിൽ ചിലതു തെരഞ്ഞെടുത്ത്
അതിലോലമാകുമീ താളിൽ നിരത്തുവാൻ
അതിമോഹമോടെ തുടങ്ങിടുമ്പോൾ
അരികത്തണയുന്ന ഭാവനാവീചികൾ
അമൃതമഥനം നടത്തിടുന്നൂ
അവയുടെ മൊഴിമുത്തു സാധകംചെയ്യുകിൽ
അനിതര സുന്ദര ഗാനമാകാം
അവയിലെ മധുബിന്ദുവൂറിഘനീഭവി-
ച്ചവയൊരു കവിതയായ് മാറിയേക്കാം
ഇവയൊക്കെ ചിത്തത്തിൻ താമരനൂലിനാൽ
ഇഴചേർത്തുനിർത്തുവാനായി മെല്ലേ
ഒരു ചെറുതൂലിക മഷിയുംപുരട്ടിയാ
കവി, തൻറെ കനവിൽ മുഴുകിനില്ക്കേ
കരവീണ മീട്ടിയില്ലൊരു വരംതന്നില്ല
കമലതൻ സോദരി, പോയ് മറഞ്ഞൂ
കദനത്താൽ വിങ്ങുന്ന ധരയുടെമോഹങ്ങൾ
കരതാരിലേറ്റി വിതുമ്പിനില്ക്കും
കവിയുടെ വേദന കരളിൽപ്പകുത്തൊരാ
പവനനും, ദൂരേയ്ക്കകന്നു പോയീ.