രചന : സി.ഗോപിനാഥൻ..✍
“കലാകാരൻ ഒരു പ്രത്യേക മനുഷ്യനല്ല.
എന്നാൽ ഓരോ മനുഷ്യനും ഒരു പ്രത്യേക കലാകാരനാണ്. “
ജോൺ എബ്രഹാമിനെപ്പറ്റി ഒ.വി വിജയൻ എഴുതിയതാണ്. ധൂർത്തടിക്കപ്പെട്ട ഒരു പ്രതിഭ …. അങ്ങിനെ ആവഴിയേ എത്രയെത്ര പേർ… മധുമാഷ്, സുരാസു , അയ്യപ്പൻ, ലൂയിസ് പീറ്റർ… കൊള്ളിമീൻ പോലെ എരിഞ്ഞു കത്തിപ്പടർന്നു പോയവർ…
സുരക്ഷിതത്വത്തിലിരുന്നു കൊണ്ടേ നാമെന്തും പറഞ്ഞിട്ടുള്ളൂ.. അവർ കൊണ്ട വെയിലുകളെപ്പറ്റി പാടിയിട്ടുള്ളൂ…
പക്ഷെ ലൂയിസ് …..നീ
ഇരിക്കുന്ന കൊമ്പു തന്നെ ആദ്യം മുറിച്ചു കളഞ്ഞു. സൗഹൃദങ്ങളുടെ ആഴങ്ങളിലേക്ക് പിടി വിട്ടുവീഴുവാൻ … ഏതോ അഗാധതയിൽ നിന്നുരുവം കൊള്ളുന്ന ചുഴലി പോലെ മുകൾപ്പരപ്പിലേയ്ക്ക് വരികയായി. കവിതയുടെ തുടികളുമായി.. നിന്റെ മനസ്സ് കവിതയുടെ സർപ്പ ദംശമേറ്റിരിക്കുന്നു.. ആലാപനത്തിന്റെ കടുംതുടികൾ നിന്റെ കണ്ഠനാളങ്ങളിൽ നീലച്ഛവി പടർത്തിയിരിക്കുന്നു..
ഓർമ്മയുടെ കടത്തുവഞ്ചിയിൽ നിറയെ കവിതകളുമായി സൗഹൃദത്തിന്റെ ആഴക്കടലിലേക്ക് ഏകനായി…
. ഒന്നിൽ നിന്ന് ഒന്നിലേയ്ക്ക്.. അവിടെ നിന്ന് എണ്ണമറ്റ ഇടങ്ങളിലേക്ക് …
എങ്ങും അധികനേരം തങ്ങാതെ, വേരുകളാഴ്ത്താതെ ഒരപ്പൂപ്പൻ താടിയുടെ ലഘുത്വത്തോടെ , തൂവൽസ്പർശമായി. പറന്ന് പറന്ന്.. പറന്ന്…
ആദ്യ കവിതയ്ക്ക് ശേഷം രണ്ടു ദശ്ശാബ്ദങ്ങൾ മൗനമായിപ്പോയതെന്തേ…?
ഒടുവിൽ ഉള്ളിലെ കവിത, ജ്വാലയായി സ്വയം ദഹിക്കുമെന്ന അവസ്ഥയിൽ സുരക്ഷിതമായ ബാങ്ക് ജോലിയും വേണ്ടെന്ന് വച്ച് ഏത് നരക വഴിയിലേക്കാണ് ഇറങ്ങി നടന്നത്…?
ഒരു ബൊഹീമിയൻ ഗാനം പാതിയിൽ നിർത്തിപ്പോയ ജോണും കവിതയുടെ ബലിപീഠങ്ങളിൽ തലവച്ചു പോയ അയ്യപ്പനും പോയ അതേ നരക വഴികൾ…
ഏത് സുഖങ്ങളിലും കുളയട്ടയെപ്പോലെ
കടിച്ചു തൂങ്ങുന്ന സ്വാർത്ഥ സന്തതികളായ നമുക്ക് ആ വഴികളിലെ അനുഭവങ്ങൾ താങ്ങുവാനാകുമോ..?
കൊള്ളിമീനുകൾ, മേഘ സംഘർഷങ്ങൾ എന്തിന്, സൗമ്യമാം നിലാവു പോലും….?
എന്തൊരു ശബ്ദമാണത്.. ആലാപനവും.. ചിലപ്പോഴത് വന്യമായ കൊടുംകാടുകളുടെ ഉള്ളിലെവിടെയോ കേഴുന്ന മലമുഴക്കിയുടേ താവും. ചിലപ്പോഴത് ഒറ്റയാന്റെ ചിന്നംവിളി..
മറ്റ് ചിലപ്പോൾ ഏകനായ ഏതോ പക്ഷിയുടെ വിരഹ വേദന പോലെ..
കറുത്ത പെണ്ണും ഏകലവ്യവും, അഹവും.
അയാൾ യാത്രയുടെ ലഹരിയിലായിരുന്നു…
കവിത ക്ഷീണം തീർക്കാനുള്ള തണുത്ത ജലവും..അതയാൾ ഒരു പാട് മനുഷ്യർക്ക് നൽകിയാണിവിടം വിട്ടത്….