രചന : ഉണ്ണി അഷ്ടമിച്ചിറ ✍
മാനേജ്മെന്റ് ശക്തമായൊരു തീരുമാനമെടുത്തപ്പോൾ തനിക്ക് മൗനം ഭജിക്കേണ്ടി വന്നു. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പാക്കേണ്ടത്. ഒരു അഭ്യുദയകാംക്ഷി ഉയർത്തിയ ആവശ്യം അവിടെ കൂടിയവരിലേറെ പേരും ആവേശത്തോടെ ഉൾക്കൊണ്ടു. സ്കൂൾ ഗ്രൗണ്ടിൽ ആഭാസ പ്രവൃത്തികളും അനാശാസ്യവും നടക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ആവേശം ഒട്ടും കുറയ്ക്കാൻ പാടില്ല, കാരണം സമുദായം വക സ്കൂളിന്റേയും ഗ്രൗണ്ടിന്റേയും കാര്യമാണിത് .ഒടുവിൽ ഭൂരിപക്ഷത്തിന്റെ കൈയ്യടിയോടെ അഭ്യുദയകാംക്ഷിയുടെ പ്രമേയം മാസപൊതുയോഗത്തിൽ പാസായി. ഇനി മുതൽ സ്കൂൾ ഗ്രൗണ്ടിന്റെ ഗേറ്റ് താഴിട്ട് പൂട്ടും. കെെയ്യടിക്കാത്തവരുടെ മുഖത്ത് കണ്ട വിമ്മിഷ്ടം എന്റെ തോന്നലായിരുന്നോ എന്നറിയില്ല.
ഈ അടുത്ത പ്രദേശത്തൊന്നും നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നത് ആലോചിക്കുമ്പോൾ അൽപ്പം വിഷമമുണ്ട്. സ്ക്കൂൾ മൈതാനത്തിന്റെ ഭംഗി അതൊരു കളിയിടമായി മാറുമ്പോൾ തന്നെയാണ്. അല്ലാത്ത സമയങ്ങളിൽ അതൊരു മരുഭൂമിയെ ഓർമ്മിപ്പിക്കും. ഗ്രൗണ്ടിന്റെ വലുപ്പം കൂടുംതോറും ആ ചിന്ത സത്യവുമായി ചേർന്ന് നിൽക്കും. ഉച്ചനേരത്ത് എവിടെ നിന്നോ എത്തുന്ന കാറ്റ് പൂഴി മണ്ണ് വാരി കളിക്കുകയും അകലെ മരീചിക വന്ന് വിസ്മയിപ്പിക്കുകയും ചെയ്യുമ്പോൾ കണ്ടു നിൽക്കാൻപോലും പേടി തോന്നും. ഇത് ഒരു വശം.
വെളുപ്പാൻ കാലത്ത്, ഇരുട്ട് മാറീട്ടുണ്ടാവില്ല , അപ്പോഴേക്കും സ്ക്കൂൾ ഗ്രൗണ്ട് ഉണർന്നിട്ടുണ്ടാവും. പ്രഷറുള്ളോർ, ഷുഗറുള്ളോർ, അമിത ഭാരക്കാർ പിന്നെ പൂർണ്ണാരോഗ്യകാംക്ഷികൾ എന്നിവർ ചേർന്നാവും ഗ്രൗണ്ടിനെ വിളിച്ചുണർത്തുക. കൊച്ചു കൊച്ചു കൂട്ടമായി അവർ ഗ്രൗണ്ടിനെ വലം വയ്ക്കും. അതിനിടക്ക് ലോക കാര്യങ്ങൾ പലതും പങ്കു വയ്ക്കും. ഇനി ഉക്രെെനിൽ റഷ്യ എന്താ ചെയ്യാൻ പോകുന്നതെന്ന് വ്യക്തമാക്കുന്ന നീരീക്ഷണങ്ങൾ പലതും പിറക്കുന്നത് അപ്പോഴാണ്. ലോക വിശേഷങ്ങൾ മാത്രമല്ല ലോക്കൽ വിശേഷങ്ങളും ചർച്ച ചെയ്യും. നമ്മുടെ അമ്മിണ്യേച്ചീടെ മോള് ഒളിച്ചോടീട്ട് മൂന്നാം ദിവസം ബാങ്ക്ലൂര് നിന്നാണ് പിടിച്ചോണ്ട് വന്നത് എന്ന് പറയുമ്പോൾ ഒരാൾ വിയോജിപ്പ് രേഖപ്പെടുത്തും “ബാങ്ക്ലൂർക്കല്ല ഹൈദ്രബാദിനാണ് പോയത് ” .
“എവിടേക്കെങ്കിലും പോട്ടെടോ……. പക്ഷേ ഒളിച്ചോടിയതും ഒരുത്തന്റെ കൂടെ മൂന്നോസം പൊറുത്തതും സത്യം തന്നെയല്ലേ? ” . കൂട്ടത്തിലൊരാൾ ഇങ്ങിനൊരു കോമ്പ്രമെെസ് കൊണ്ടുവരും. അപ്പോഴേക്കും നടത്തത്തിന്റെ വേഗത കുറഞ്ഞിട്ടുണ്ടാവും.
” ന്റെ ബാബൂ……. ഇങ്ങിനെ നടന്നാൽ നിന്റെ കൊളസ്ട്രോളൊന്നും കുറയില്ല. ഒന്ന് സ്പീഡാക്ക് ആ കൊഴുപ്പൊക്കെ കത്തിപ്പോട്ടെ” . ക്യാമറക്കണ്ണ് ഇത്രയും ഒപ്പിയെടുത്തു കഴിയുമ്പോൾ സൂര്യൻ കരിമ്പടത്തിൽ നിന്ന് തല പുറത്തേക്ക് നീട്ടി തുടങ്ങും. പ്രഷർ / കൊളസ്ട്രോളുകാർ കളമൊഴിയും. ഇനി ഗ്രൗണ്ട് ബൂട്ട് കെട്ടിയ പിള്ളേർക്കുള്ളതാ. മെസ്സിയും നെയ്മറുമൊക്കെ വീറോടെ പൊരുതും. വർത്തമാന പത്രവുമായി കിഴക്ക് ചാരുകസേരയിട്ടിരുന്ന് സൂര്യൻ ഭൂമിയിലെ വിശേഷങ്ങൾ നിരീക്ഷിക്കും. നിരീക്ഷണത്തിനിടക്ക് ഗ്രൗണ്ടിലെ കുട്ടികളോട് വിളിച്ചു പറയും.” കളി നിർത്ത് മക്കളേ . നിങ്ങൾക്ക് പഠിക്കാൻ പോണ്ടേ ?…….. പണിക്കു പോണ്ടേ ?”. മെസ്സിയും നെയ്മറും കൂട്ടുകാരും ബൂട്ടഴിക്കും. “നാളെ വൈകല്ല് ട്ടോ ” നാളത്തെ കളി ഉറപ്പാക്കി എല്ലാവരും പിരിയുമ്പോൾ സ്ക്കൂൾ ഗ്രൗണ്ട് വീണ്ടും വിജനം.
“ഇനി ആരാ വരാനുള്ളത് ” എന്റേത് ആത്മഗതമായിരുന്നെങ്കിലും ഗേറ്റിന്റെ കരിങ്കൽ തൂണ് ചാരി നിന്ന കമ്മ്യൂണിസ്‌റ്റ് പച്ച അത് കേട്ടെന്ന് തോന്നുന്നു.
“ഓ……. ഇനി ആരു വരാനാ ?. ഇവിടുത്തെ കുട്ടികൾ ഇവിടെ കളിക്കാറില്ല. അവർക്ക് അതിനെവിടാ സമയം. പഠിത്തം തന്നെ മുഖ്യം… . കുറച്ചു കഴിയുമ്പോൾ ചിലരൊക്കെ ഇവിടെ ഡ്രൈവിങ് പഠിക്കാൻ വന്നേക്കാം “. തിരിഞ്ഞു നടന്നപ്പോൾ കമ്മ്യൂണിസ്റ്റ് പച്ച പുറകീന്ന് വിളിച്ചു.
” ഇരുട്ടിന് കനം വച്ചു കഴിയുമ്പോൾ ഈ ക്യാമറേം കൂട്ടി വാ. കുറേ നല്ല സീനുകൾ കിട്ടും”. പച്ച തന്റെ ചോട്ടിൽ കൂട്ടിയിട്ടിരിക്കുന്ന ഒഴിഞ്ഞ മദ്യക്കുപ്പികളിലേക്ക് ഇല ചൂണ്ടി.
“നല്ലോണം ഇരുട്ടുന്നതു വരെ കാത്തു നിന്നാൽ തെക്കേ മൂലയിലെ മാഞ്ചോട്ടിൽ ഗന്ധർവ്വലീലകളും കാണാം ” . പച്ച നാണിച്ച് ഇലകൾ താഴ്ത്തി.
“ഇനിയൊന്നും നടക്കില്ല പച്ചേ…… മാനേജ്മെന്റ് ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടാൻ പോവാ “. ആ പറച്ചിലിൽ മാനേജ്‌മെന്റിനോടുള്ള എന്റെ ഐക്യദാർഢ്യം വ്യക്തമായിരുന്നു.
“സേട്ടാ…” . ഈ പച്ച ബംഗാളിയായിരുന്നോ? അതോ എന്നെ പുച്ഛിക്കുന്നതാണോ?.
” സേട്ടാ……. മദ്യപനും ഗന്ധർവ്വനും ഉർവ്വശ്ശിമാർക്കുമൊന്നും ഈ മതിലൊരു ഒരു പ്രശ്നമല്ല. അവർ ചാടി കടക്കും ” . പച്ച പറഞ്ഞതും സത്യമാണ്. ഇനിയുള്ള ദിനങ്ങളിൽ പ്രഭാതക്കാഴ്ചകൾ നഷ്ടമാകുന്നതിന്റെ ദുഖവും പച്ച പങ്കു വച്ചു.
“സേട്ടാ….. സേട്ടനെന്നെ പിഴുതെടുത്ത് ആ കനാലിലേക്ക് എറിയുമോ?. എനിക്കിനി ജീവിക്കണ്ട സേട്ടാ”. പച്ചയെ ഒന്ന് സഹായിച്ചാലോ എന്ന് മനസ്സ് സന്ദേഹപ്പെട്ടെങ്കിലും ഉടൽ വേണ്ടാന്ന് പറഞ്ഞു.
” ഗേറ്റ് പൂട്ടാൻ മനേജർ വരുമ്പോൾ നീയിത് പറയൂ. ചിലപ്പോൾ അദ്ദേഹം നിന്നെ സഹായിച്ചേക്കും “. ഞാനിറങ്ങി നടന്നു. കുറേ ശരികളും കുറേ തെറ്റുകളും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മൈതാനമായിരുന്നു അപ്പോൾ എന്റെ മനസ്സ്.