രചന : എം പി ശ്രീകുമാർ✍

എവിടെ നീ കലയുടെ
കനകവസന്തമെ !
എവിടെ നീ കവിത
കവിയും ലാവണ്യമെ !
നിറപീലി നീർത്തിയാടുന്നതും
നൻമ പൂവർഷമായ് പെയ്യുന്നതും
വർണ്ണങ്ങൾ വാരി വിതറുന്നതും
കണ്ണിനു പൂരമായ് തീരുന്നതും
നറുംതേൻ നിറഞ്ഞു ശോഭയോടെ
പരിമളം തൂകി നില്ക്കുന്നതും
സർഗ്ഗകവാടം തുറക്കുന്നതും
സ്വർഗ്ഗമായ് സുസ്മിതം തൂകുന്നതും
പൊന്നുഷസ്സായ് താലമേന്തുന്നതും
സന്ധ്യയായ് സിന്ദൂരം ചാർത്തുന്നതും
വാസന്തദേവികെ പ്രൗഢോജ്ജ്വലം
മണ്ഡപമേറിയെങ്ങു വരുന്നു?
ചിന്തകൾ പൂത്തുലഞ്ഞാടിക്കൊണ്ടും
ചന്തത്തിൽ ചന്ദനക്കാപ്പണിഞ്ഞും
ചാരുപതംഗമായ് പാറുന്നതും
ഇന്ദ്രിയങ്ങളിൽ മധു പകർന്നും
ഇമ്പത്തിൽ ചിത്തങ്ങളൊത്തു ചേർന്നും
ഇളനീരു പോലെ തെളിഞ്ഞു നിന്നും
ഇളംമധു പോലെ നിറഞ്ഞു നിന്നും
ഇളംമഞ്ഞു പോൽ കുളിർപകർന്നും
ഇളം വെയിൽ പോൽ പ്രഭ ചൊരിഞ്ഞും
ഇമയടച്ചാലും മിന്നിമിന്നി
എവിടെ നീ കലയുടെ
കനകവസന്തമെ !
എവിടെ നീ കവിത
കവിയും ലാവണ്യമെ !
ഏഴു വർണ്ണങ്ങളിൽ പൂത്തുലഞ്ഞ്
ഏഴഴകോടെ നീയ്യെത്തിടുമ്പോൾ
ഏഴുതിരിയിട്ട വിളക്കുമായ്
എതിരേല്ക്കുവാനായ് നില്പൂ കാലം.

എം പി ശ്രീകുമാർ

By ivayana