രചന : ജോയി നെടിയാലിമോളേൽ ✍
മോഹിച്ചതൊക്കെ വശത്താക്കുമാ-
‘ദശാനനൻ’ – തീണ്ടാതെ,നുകരാതെ,
നുള്ളിനോവിക്കാതെ-
കണ്മണിപോലോളെ-
കൺപാർത്തുകൊണ്ടവൻ!
നുകരുമാ പൂമ്പൊടിക്കൊപ്പമാ-
വണ്ടൊന്നുതൊട്ടാലതിലൊട്ടു-
മേശുംപരിഭവമേതുമാപ്പൂവിനും!
എന്നാലുമേറ്റമിച്ഛാതുരം ഭഞ്ജിച്ചു-
‘ദശഗ്രീവൻ’ മാനിച്ചു,പാലിച്ചാ-
ജാനകി,തന്നശോകവനികയിൽ.
മൂക്കത്തുകോപംചുമക്കുമാ രാവണ-
നെന്തേകെടുത്താഞ്ഞു,മാനമാ സീത-
തന്നോമലാം പെങ്ങൾതൻ-
മൂക്കും മുലകൾ മുറിച്ചീടിലും!
കാലം ശഠിച്ചൊരു,രാവണൻ വേണമെന്ന-
വനെവധിക്കുവാൻ രാമനായും.
ബ്രഹ്മാവുനൽകിയോരമർത്യമാ,മമൃതു-
ദ്രവിക്കുകിൽമാത്രമെ വധിക്കാൻ-
കഴിയുള്ളു ദശഗ്രീവനെയെന്നു-
മന്ത്രിച്ചുവിഭീഷണൻ രാമപക്ഷം !
അർത്ഥത്തെ മോഹിച്ചു വഞ്ചിച്ചു ജ്യേഷ്ഠനെ-
ഹനിക്കുവാൻ കൂട്ടായി രാമനൊത്ത് !
ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഗർജ്ജിച്ചുരാവണ-
നല്പമാം ഭീതിയാൽ രാമനും ശങ്കിച്ചു.
ഇന്ദ്രനയച്ചരഥത്തിൽ വിരാജിച്ച് രാമനാ-
മാതലി തന്നുപദേശത്തിലെയ്തൊരാ-
ബ്രഹ്മാസ്ത്രമറ്റകയ്യേറ്റക്ഷണത്തിൽ
പിടഞ്ഞുമരിച്ചു, ദശാനനൻ ഭൂമിയിൽ!
വിഭീക്ഷണാ,നീ ചെയ്ത ചതികളാണിന്നും-
ധരിത്രിയിൽ നീതിയായ് നടമാടുന്നു….കഷ്ടം? !
***