രചന : ശ്രീനിവാസൻ വിതുര✍
പെയ്തൊഴിയാത്തൊരാ പെരുമഴക്കാലവും
കാർമുഖിൽ മൂടിയിരുണ്ടൊരാകാശവും
ഇടിമിന്നൽവെട്ടം പരക്കുന്നനേരം
ഞെട്ടിയുണർന്നു കരയുന്നകുട്ടികൾ
പുഴയുടെയാരവം കൂടിവരുന്നതാ
ഇടനെഞ്ചിൽത്താളതുടിമുഴങ്ങീടുന്നു
ഹുങ്കാരശബ്ദംമുഴക്കിയോ മാരുതൻ
ആടിയുലച്ചു രസിച്ചുമരങ്ങളെ
നിദ്രയെപുൽകാൻ കഴിയാതിരിക്കവേ
പ്രകൃതിയും ഭീകരഭാവംപകരുന്നു.
കലപില ശബദങ്ങളെങ്ങോ മുഴങ്ങുന്നു
ചുറ്റിലുമാരോ ചലിയ്ക്കുന്നൊരൊച്ചയും.
പേടിയതെന്നെ വരിഞ്ഞുമുറുക്കവേ
ഉച്ചത്തിലാരോ വിളിക്കുന്നകേൾക്കുന്നു
മുറ്റത്തിറങ്ങിഞാൻ ചുറ്റിലും വീക്ഷിച്ചു
മിന്നൽ വെളിച്ചത്തിൽ കണ്ടുവല്ലോ
ഇരുളിൽ ചലിക്കുന്ന രൂപങ്ങളൊക്കയും
ഭീതിയാൽ വീടുകൾതട്ടിവിളിക്കുന്നു.
കിട്ടിയതെല്ലാമേ ഭാണ്ഡമായ് തൂക്കിയോർ
പാലായനം ചെയ്തു രക്ഷതേടാൻ.
കെട്ടിപടുത്തതുപേക്ഷിച്ചു പോകുവാൻ
മനസ്സൊരുമാത്രയും ശങ്കിച്ചുവോ?
കരയെവിഴുങ്ങുവാനാർത്തി പൂണ്ടെത്തുന്ന
പുഴയുടെകാഹളം കേട്ടനേരം
ചിന്തകളെല്ലാമുപേക്ഷിച്ചു ഞാനുമേ
ഓടിയിരുളിലായ് രക്ഷതേടാൻ.