രചന : വാസുദേവൻ. കെ. വി✍
“അച്ഛാ വിശക്കുന്നു. പൊറോട്ട വേണം. “
മൂത്തവൾ ചിന്നവളെ കൊണ്ടാണ് എന്നും നിവേദനം നൽകാറുള്ളത്.
പുറത്തിറങ്ങിയാൽ മക്കൾക്ക് നിർബന്ധം അമ്മക്ക് ഉണ്ടാക്കാൻ ആവാത്തതൊന്ന് രുചിക്കാൻ.
തെങ്ങിൽ കേറാനും ടാങ്കർ ലോറി ഓടിക്കാനും തുനിഞ്ഞിറങ്ങുന്ന നമ്മുടെ മല്ലൂസഹോദരിമാർക്ക് പൊറോട്ടയുണ്ടാക്കൽ ഇന്നും കിട്ടാക്കനി.
മല്പ്പിടുത്തം കുഴച്ചു തുടങ്ങുമ്പോൾ തന്നെ. പിന്നെയൊരു വീശിയടിയും.. അതൊന്നും ഞങ്ങൾ പെണ്ണുങ്ങൾക്ക് പറഞ്ഞതല്ലെന്ന് ഭാവം. ആൺവിഭവ രുചി പിള്ളേർക്ക് കൗതുകം. അടുക്കള അമ്മയ്ക്ക് സ്വന്തം എന്ന് കണ്ടു വളരുന്ന മക്കൾക്ക് ആണിന്റെ പെൺകർമ്മങ്ങൾ അത്ഭുതം. ഗോഷ്ടികളും, ദ്വയാർത്ഥ പ്രയോഗവും കൊണ്ടല്ലാതെ ശൃംഗാരവും ലാസ്യവും പ്രകടിപ്പിച്ചാണല്ലോ കലാഭവൻ മണിയുടെ സഹോദരൻ ശ്രദ്ധ നേടിയത്.
ദേശീയപാതയിൽ ചരക്കു ഗതാഗതം സർവത്രികമായതോടെ അതിർത്തികൾ താണ്ടി പൊറോട്ട കേരകേദാര ഭൂവിൽ എത്തി എന്നത് ചരിത്രം. കുളിക്കാതെ നീണ്ട മുടിയിൽ കടുകെണ്ണ പുരട്ടി ലോറിയോടിച്ചെത്തിയ സിങ്ങുസോദരരെ “വിരുന്നൂട്ടി” പണം പിടുങ്ങാൻ മല്ലു പഠിച്ചു. അതിൽ ഒരു ഭാഗമായി ഇവിടെ പൊറോട്ട പൊരിഞ്ഞു. ഒരു നേരം മാത്രം വയറുനിറച്ചു കഴിക്കുന്ന അവർക്ക് വിശപ്പിന്റെ വിളി പിടിച്ചു നിർത്താൻ പൊറോട്ട. പെണ്ണിന്റെ കാമനകൾ പോലെ കാലം മാറുമ്പോൾ പൊറോട്ടയ്ക്കും വിവിധ രൂപങ്ങൾ, രുചികൾ.. ആലു, ഗോബി, കീമാ, അണ്ഡാ,ലച്ചാ ഒക്കെ കടന്നിപ്പോൾ കിഴിപൊറോട്ട. ആർഷ ഭാരത കണ്ടെത്തലാണ് പൊറോട്ട എന്നോർക്കുമ്പോൾ രോമാഞ്ചം.
കുക്കുടബിരിയാണി ക്കൊപ്പം ഓർഡർ പട്ടികയിൽ മുന്നിൽ നിൽക്കുന്ന പൊറോട്ട സ്വിഗി കണക്കുകൾ,
പിള്ളയ്ക്ക് മാത്രമല്ല തള്ളകൾക്കും പ്രിയങ്കരമെന്ന് ചൂണ്ടിപ്പറയുന്നു. തീൻ മേയിൽ എത്താത്ത പുത്രൻമാർക്കുമുമ്പിൽ പൊറോട്ടാ ദൂഷ്യം വിളമ്പി ഭദ്രകാളിപ്പട്ടം എങ്കിലും.
മാവും എണ്ണയും നിറഞ്ഞ വൃത്തിഹീന തോർത്താണ് പൊറോട്ടയ്ക്ക് കംബളം.
പാറ്റയും പ്രാണിയും വിരഹിച്ച് സദാ തുറന്ന് കിടക്കുന്ന കല്ലിൽ വീശിയടിച്ച് ഉണ്ടകളാക്കി കാത്തിരിപ്പ്. പരത്തി ചുട്ടെടുത്തൊരു കഴുകാത്ത കൈകൾ കൊണ്ടൊരു പീഡനവും.
നെല്ലുപോലൊരു ചെടി വിളയിക്കുന്ന ധാന്യം പൊടിച്ച് മൈദ എന്ന ധാരണ ഇപ്പോഴും പലർക്കും. ഗോതമ്പു പൊടിച്ച ചണ്ടിയാണ് മൈദയെന്ന് അറിയുമ്പോൾ അതിശയം. യാതൊരു പോഷക മൂല്യങ്ങളുമില്ലാത്ത മൈദ പല രാജ്യങ്ങളിലും കാലിത്തീറ്റയ്ക്ക് ഉപയോഗിക്കുന്ന ഇനം. നാരുകൾ ഇല്ലാതെ പോസ്റ്റർ ഒട്ടിക്കാൻ മികച്ച പശ യാക്കുന്ന മൈദ വിഭവങ്ങൾ ആമാശയ ഭിത്തികൾ ചുരുങ്ങാൻ ഇടയാക്കുന്നു..
രുചി കൂട്ടാൻ പൊറോട്ടയിൽ ചേർക്കുന്ന സോഡാ പൌഡർ അൾസർ ക്ഷണിച്ചു വരുത്തുന്നു.രുചി കൂട്ടാനും അമ്മിഞ്ഞ കണക്കെ മാർദ്ദവമാക്കാനുംനിരോധിത ബെൻസോയിൽ പെറോക്സൈഡ്, അലോക് സാൻ എന്നിവയും ചേർക്കപ്പെടുന്നു. പാൻക്രിയാസ് പ്രവർത്തനത്തെ ബാധിച്ച് ഡൈബറ്റിക് ആവാൻ അലോക് സാൻ ധാരാളം.
ഒരു ഗ്രാം കാർബോ ഹൈഡ്രെറ്റിൽ ഒമ്പത് ഗ്രാം കലോറിയെന്ന് ശാസ്ത്രം.
കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഈ വിഭവം ഉപയോഗിക്കപെടാത്ത കലോറിയാൽ സമ്മാനിക്കുന്നത് കൊളസ്‌ട്രോളും ഹൃദ്രോഗവും.
കാൻസർ പെരുകുന്ന കാരണങ്ങളിൽ ഒന്ന് പൊറോട്ട തീറ്റയുമെന്ന് കണ്ടെത്തൽ..
ഇതൊക്കെ അറിഞ്ഞിട്ടും മക്കൾ പൊറോട്ടയും ഇറച്ചിയും കടിച്ചു വലിക്കുന്ന കാഴ്ച നിർവൃതിദായകം.
ആൺ നിർമ്മിത വിഭവമല്ലേ അതോണ്ടാവും ആക്ഷേപം രൂക്ഷമായി കുറിച്ചിടാൻ ആവാത്തതും.അത് പൊറോട്ടയാണ് താരം. ഇഷ്ടതാരം.