രചന : രഘുകല്ലറയ്ക്കൽ.✍

പാടും മനസ്സൊരു വേദനയായിന്നും..
പാടാനറിയില്ലയെങ്കിലുമെന്റയീ….
പാതിയടഞ്ഞൊരാ ജീവിത യാത്രയും..
പണ്ടില്ലാത്തിനിയുമെൻ മോഹസ്വപ്നങ്ങളും.!
കണ്ടാലറിയാത്ത ചെങ്ങാതിമാരിവർ.
കണ്ടകാലങ്ങളിൽ കൂട്ടത്തിൽ നിന്നവർ.
കാലം കഴിഞ്ഞപ്പോൾ എല്ലാം നശിച്ചുഞാന-
ക്കാലമിന്നില്ലെനിക്കിന്നു ഭിക്ഷാടനം.!!
സമ്പുഷ്ടമായൊരാക്കാലമതോർക്കുമ്പോൾ
സർവ്വവും കൈവന്ന ധാർഷ്ട്യമോടന്നു തൻ.
സൗഹൃദം ചുറ്റിലും;ബാറിലും;ചീറുന്ന കാറിലും…
സർവ്വ നേരം സദാ ഉന്മത്തനാണു താൻ!!
നാട്ടിൽ പ്രമാണിയായ് ഒറ്റമോനാകിലും.
നല്ലവനായുള്ള താതന്റെ വേർപാടിൽ..
നാട്ടിൽ പ്രദേശങ്ങൾ സർവ്വവും തന്റേതായ്..
നാട്ടിൽ വിലസ്സുവാൻ കൂട്ടുകാരേറെയായ്!!
വിറ്റു വിറ്റൊന്നാകെ എല്ലാം നശിച്ചുപോയ്.
വീടും പറമ്പും, തൻ വീട്ടുപാത്രങ്ങളും..
വിട്ടുവീഴ്ച്ചയോടിതെല്ലാം സഹിച്ചുതൻ-
വീട്ടിൽ കിടന്നു തന്നമ്മയും വേർപെട്ടു.!!
ഒറ്റയ്ക്കായ്;പിച്ചയായ് നാട്ടിൻ പുറത്തൂന്ന്.
ഓടിയൊളിക്കുവാൻ താവളമില്ലാതലുഞ്ഞു.
ഒടുവിലായ് ഹോട്ടലിൽ എച്ചിലെടുക്കുവാൻ..
ഒട്ടും മടിയാതെ എത്തിയതങ്ങിനെ.!
കള്ളുകുടിച്ചതാം കാരണത്താലന്ന്…
കരണത്തടിച്ചോരാ മുതലാളിയെത്തല്ലി…
കണ്ടിടത്തേയ്ക്കങ്ങിറങ്ങിയ നേരത്ത്..
കണ്ടിരുന്നില്ല തൻ രൂപമാറ്റത്തേയും.!!
കവിളൊട്ടി കണ്ണുകൾ കുഴിയിലാണ്ടുന്തിയ…
വയറും, മെലിഞ്ഞുള്ള ജീർണ്ണിച്ച ദേഹവും…
കുളിയില്ല തലയിലെ കെട്ടിയ ജടയുമായ്..
ഇടറിയ കാലുകൾ ശോഷിച്ച കൈകളും.
കണ്ടാലറിയാത്ത നാട്ടുകാരുത്തമം ഇന്നിനി-
കണ്ടറിയാത്തവർ തന്നിടും ഭിക്ഷയും.
ആലിൻ ചുവട്ടിലായ് ജീർണ്ണിച്ചവസ്ത്രത്തെ-
ആകെ പുതച്ചങ്ങിരിപ്പായി മിണ്ടാട്ടമില്ലാതെ!!
മൗനിയായ് കാലം കഴിക്കുന്ന തന്നെയും,
മാമുനിയാക്കി തൻ നാട്ടിലെല്ലാവരും..
നാണയത്തുട്ടുകൾ വീഴുന്നു മുന്നിലായ്…
നാവിൽ ഭുജിക്കുവാൻ ഭോജ്യവസ്തുക്കളും.
നാലാളുകൂടിയാലെന്തുമാകാമെന്ന്..
നന്നായി അന്നത് കണ്ടു തൻ മുന്നിലായ്.
കൂടുന്നകൂട്ടരോടെല്ലാം,പണമായ്പിരിക്കുന്നു.
കൂട്ടരെ താനുമറിയുന്ന നാട്ടുകാരവർ!
പ്രാർത്ഥനയ്ക്കായൊരു കൂരയൊരുക്കീട്ട്..
പ്രാർത്ഥിക്കുവാനായി തന്നെയിരുത്തിയും
ചുറ്റിലും ദീപപ്രഭയാലലംകൃതം ധുമംപരക്കുന്നു
മുറ്റും സുഗന്ധം വമിക്കുന്നിതെപ്പോഴും…
നാളുകളേറെയായ് നാവനക്കീട്ടാഴ്ച്ച-
കളേറെയായ് ദേഹ,ശുദ്ധിയില്ലാതെയും.
ഭക്തി നിറഞ്ഞുള്ള പ്രാർത്ഥന നല്ലപോൽ.
ഭക്ത ജനങ്ങളും തമ്പടിച്ചീടുന്നാവേശമോടെയും.
ഭക്തിപ്രഭയാൽ നിറഞ്ഞുള്ള വേളകൾ
ഭക്തരിൽ കേമരായ് കമ്മിറ്റിയും വന്നു….
സിദ്ധനാലനുഗ്രഹമേറ്റവർക്കെല്ലാമെ…
സിദ്ധിനിറഞ്ഞുള്ള ജീവിതമേകുന്നു ഭാവുകം.
കേട്ടവർ,കേട്ടവർ നാട്ടിൻ പുറങ്ങളിൽ…
കേൾക്കാത്തവർക്കായി നാക്കടിച്ചീടുന്നു.
നാട്ടിൽ പ്രചാരമായ് ഒട്ടുകഴിഞ്ഞിതാ മറ്റുള്ള-
നാട്ടിലും സിദ്ധൻ പ്രസിദ്ദനായ്, ആശ്രമങ്ങളനേകമായ്!

രഘുകല്ലറയ്ക്കൽ

By ivayana