രചന : സതീഷ് വെളുന്തറ✍

അവൾ വിലപിച്ചു
നിലവിളിച്ചു ഉച്ചത്തിൽ
എന്നുപറഞ്ഞാൽ പോരാ
പൊട്ടിപ്പൊട്ടിക്കരഞ്ഞു
ഒടുവിൽഅവളെയോർത്ത്
എല്ലാവരും പൊട്ടിക്കരഞ്ഞു
അച്ഛൻ പറഞ്ഞു
സ്റ്റേറ്റ് സിലബസല്ലായിരുന്നെങ്കിൽ
സി.ബി.എസ്.ഇ ആയിരുന്നെങ്കിൽ
കിട്ടിയേനെ എൻട്രൻസ് വിജയം
അമ്മ പറഞ്ഞു കുഴപ്പം സ്റ്റേറ്റിന്റെയല്ല
ഞാനുമാലോചിച്ചു
താടിയ്ക്ക് കൈയ്യും കൊടുത്ത്
ചതിച്ചതാര്
സ്റ്റേറ്റ് സിലബസോ
അതോ സി.ബി.എസ്.ഇ -യോ
സ്വാതന്ത്ര്യ ദിനം സി.ബി.എസ്.ഇ -യിൽ
ആഗസ്റ്റ് 15
സ്റ്റേറ്റിലുമതുതന്നെ
രാഷ്ട്രപിതാവ് ഗാന്ധിജി
സ്റ്റേറ്റിലും സി.ബി.എസ്.ഇ – യിലും
എ പ്ലസ് ബി ദി ഹോൾ സ്ക്വയർ
ഈസ് ഈക്വൽ ടു
മുഗൾ സാമ്രാജ്യ സ്ഥാപകൻ
അന്താരാഷ്ട്ര വനിതാ ദിനം
ലോക പരിസ്ഥിതി ദിനം
നൈട്രജൻ ഫോസ്ഫറസ്
കാർബൺ ഡൈ ഓക്സൈഡ്
ഇവയൊക്കെ ചെയ്യുന്നത്
കാന്തിക പ്രസരണത്തിന്റെ
പ്രത്യേകതകൾ
വേരിന്റെയും കാണ്ഡത്തിന്റെയും ധർമ്മം
എന്താണ് ആഗ്നേയശില
എന്താണ് അവസാദ ശില
എന്താണ് കായാന്തരിത ശില
എല്ലാ ചോദ്യങ്ങളും എത്തുന്നത്
ഒരേ ഉത്തരത്തിൽ
പിന്നെ എവിടെ പിഴച്ചു
ആർക്കു പിഴച്ചു
ചോദ്യകർത്താവിനോ
ഉത്തരമെഴുതാനുപയോഗിച്ച
പേനയിലെ മഷിയ്ക്കോ
ആർക്കു തെറ്റിയാലും
എവിടെ തെറ്റിയാലും പക്ഷേ
നീ കാണിച്ചത് സാഹസം
ഒരുപാട് ജീവനുകൾക്കും
ജീവിതങ്ങൾക്കും
സാന്ത്വനമാകേണ്ടവളായിരുന്നു നീ
മറ്റൊരു വഴി നിനക്ക് തേടാമായിരുന്നു
ഒരു തുണ്ട് കയറിൽ
അഭയം തേടും മുമ്പ്.

സതീഷ് വെളുന്തറ.

By ivayana