രചന : റാണി സുനിൽ ✍
അതിസാധാരണമായ
ദിവസമായിരുന്നു അന്നും
പുലരിമൊട്ട് വിടരുന്നതിനുമുന്നേ
പാതിയെയുണർത്താതെ
പാതി ഉറങ്ങിയുണർന്നു.
മോഹക്കെട്ടുനിറച്ച്
ബാക്പാക്കെടുത്തിറങ്ങി
കുന്നോളം സന്തോഷമൊളിപ്പിച്ച
മലനിരകളുടെ
മുകളിലെത്താനുള്ള
ദാഹത്തോളമില്ലല്ലോ
മറ്റൊരാവേശവും
ഇന്നോളം താണ്ടിയ
കുരിശുമലകളവിടില്ലന്ന്
വെയിലുപ്പുനനച്ച
വെളുത്ത കുപ്പായത്തിൽ
ഫോസിൽ മലമുകളിലെ
കാറ്റ് തലോടിയിരിക്കണം
ആർക്കും പങ്ക് വെക്കാവുന്ന പൊതിച്ചോറുപോലോരുവൻ
നിന്നെപ്പോലൊരാൾ
എല്ലാവർക്കുമുണ്ടാവണേയെന്ന്….
ലാഘവത്തോടെ
അടുത്തുന്നുണ്ടെന്നു തോന്നിപ്പിച്ച്
ഏറ്റവും സാധാരണമായി അനുഭവിപ്പിക്കുന്ന
മുറിച്ച് മാറ്റപ്പെട്ട കാലുകൾ
വേദനിക്കുന്നില്ലെങ്കിലും
വേദനിക്കുന്നോയെന്ന്
തൊട്ട് തലോടി പരതി
സ്നേഹിക്കുന്നു.
ആഴമുള്ള മെന്റൽമാപ്പിങ്
അവശേഷിപ്പിക്കുന്ന
ഫാന്റം ലിംബാണ് നീ
അന്നുപോലെ ഇന്നും
കൂടെയുണ്ടെന്നുറപ്പിക്കുന്ന
അനായാസത
ഓർമ്മിച്ചെടുക്കേണ്ടതേയില്ലാത്ത
സാധാരണത്തം
അനുഭവിക്കാൻ
കാണലനിവാര്യമല്ലന്നിരിക്കെ..
( നിനക്ക് കാണാമെന്നറിഞ്ഞു ഞങ്ങൾ നിമിഷങ്ങളെ ഫ്രീസ് ചെയ്യാറുമുണ്ട് )
അതിസാധാരണമായി തന്നെ
ഞങ്ങൾക്ക്
ഈ ദിവസവും..