രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ഞാൻ വരച്ച ചിത്രത്തിലെ
എന്റെ പ്രതിരൂപത്തിന്
ഭംഗിയുണ്ടായിരുന്നു.
കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.
പക്ഷേ അതിന് ജീവനില്ലായിരുന്നു.
ജീവനില്ലാത്ത എന്റെ ചിത്രം.
അതെന്റെ തോൽവിയായിരുന്നു.
പിന്നെ ഞാൻ നിർമ്മിച്ച
എന്റെ ശിൽപം.
നല്ല മിഴിവുണ്ടായിരുന്നു.
കണ്ടവരെല്ലാം പറഞ്ഞു.നന്നായിട്ടുണ്ട്.
പക്ഷേ അതിനും ജീവനില്ലായിരുന്നു.
ജീവനില്ലാത്ത എന്റെ ശിൽപം.
അതും എന്റെ തോൽവിയായിരുന്നു.
അതിനു ശേഷം ഞാൻ രചിച്ച ഗാനത്തിന്
മധുരിമയുണ്ടായിരുന്നു.ശ്രുതിയും
താളവുമുണ്ടായിരുന്നു.
കേട്ടാവരെല്ലാം പറഞ്ഞു. നന്നായിട്ടുണ്ട്.
പക്ഷേ അതിനും ജീവനില്ലായിരുന്നു.
ജീവനില്ലാത്ത എന്റെ കവിത.
അതും എന്റെ തോൽവിയായിരുന്നു.
ഇന്നു നീ എന്റെ കൈവെള്ളയിൽ
വെച്ചു തന്ന എന്റെ സ്വന്തം രൂപത്തിന്
ഭംഗിയുണ്ട്.മിഴിവുണ്ട്.മാധുര്യവുമുണ്ട്.
അവന് ജീവനുമുണ്ട്. ഇത് നീയെനിക്കു
തന്ന വിജയം.എന്റെ എല്ലാ പരാജയങ്ങളേയും
നീ വിജയമാക്കി മാറ്റിയ വിജയം.
എന്റെ എല്ലാ തോൽവികളേയും
ഞാൻ വിജയമാക്കി നടിച്ചപ്പോൾ
നിന്നെ ഞാൻ ഓർത്തില്ല.
നിന്റെ ഈ വിജയത്തെ എനിക്കു
ചാർത്തിത്തന്ന് നീ എന്നെ
വിജയശ്രീയാക്കിയിരിക്കുന്നു.
നിന്റെ വിജയത്തിലും നീ തോൽക്കുന്നു.
എന്റെ തോൽവിയിലും ഞാൻ ജയിക്കുന്നു.
ഇല്ല…..എനിക്കുറക്കെ വിളിച്ചു പറയണം.
ഇത് നിന്റെ വിജയം. .നീ എനിക്കു തന്ന
വിജയം.