രചന : മൻസൂർ നൈന✍

കർണ്ണാടക , ഗോവ , മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന , 720 കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഒരു തീരപ്രദേശമാണ് ഏറെ മനോഹരമായ കൊങ്കൺ പ്രദേശം . കൊങ്കൺ പ്രദേശത്ത് ജീവിക്കുന്നവർ കൊങ്ങിണി ഭാഷയാണ് സംസാരിക്കുക ഇവരെ കൊങ്ങിണികൾ എന്ന് വിളിക്കപ്പെടുന്നു . കൊങ്ങിണികളിൽ ഹിന്ദു , മുസ്ലിം , കൃസ്ത്യൻ മതസ്ഥരുണ്ട്. ദേവനാഗരി ലിപി ഉപയോഗിച്ചാണ് ഇപ്പോൾ കൊങ്ങിണി ഭാഷ എഴുതുന്നത്.


ഈ കൊങ്കൺ പ്രദേശത്താണ് ഉത്തര കന്നഡയിലെ ബട്ക്കൽ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് . ബട്ക്കൽ പ്രദേശത്തെ മുസ്ലിം സമൂഹത്തെ കുറിച്ചാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത് . ഈ ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിം മതസ്ഥരാണ്.
കൊങ്കൺ പ്രദേശത്താണ് ബട്ക്കൽ ഗ്രാമമെങ്കിലും ഇവിടുത്തെ സംസാര ഭാഷ നവായത്താണ് . ഈ ഭാഷക്ക് ലിപിയില്ല ഇവർ അറബിയിലും ഉർദുവിലുമാണ് എഴുതുക. ഉർദു , അറബി , മറാത്തി കലർന്നതാണ് നവായത്ത് ഭാഷ . ബട്ക്കൽ മുസ്ലിംകൾ മാത്രമാണ് ഈ ഭാഷ സംസാരിക്കുക .


ബട്ക്കലിനെ മിനി ദുബായ് എന്നും അൽ നവായത്ത് എന്നുമൊക്കെ വിളിക്കപ്പെടുന്നു . കൊച്ചിയിലും , കോഴിക്കോടും ബട്ക്കലികൾ വർഷങ്ങൾക്ക് മുൻപ് തന്നെ കച്ചവടാവശ്യാർത്ഥം കുടിയേറിയിരുന്നു . കൊച്ചിയിൽ നിരവധി ബട്ക്കലി കുടുംബങ്ങളുണ്ട് ഇവരെല്ലാം കച്ചവടക്കാരാണ് .


കോഴിക്കോട് മിഠായിത്തെരുവിൽ ( SM Street ) ബട്ക്കലികളായ ഷാബന്ദ്രി കുടുംബത്തിലെ എസ്.എച്ച്. ബാദുഷസാഹിബ് 1914 -ൽ ആരംഭിച്ച ടെക്സ്റ്റെൽ ബിസ്നസ് സ്ഥാപനമാണ് കൊളംബോ സ്റ്റോർ . അതിനും പതിറ്റാണ്ടുകൾക്ക് മുൻപെ അവർ കോഴിക്കോട്ട് കച്ചവട രംഗത്തുണ്ട് .പിന്നീട് ഈ സ്ഥാപനം സിങ്കപ്പൂർ , സിലോൺ , മദ്രാസ് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിച്ചു .


എസ്.എച്ച് ബാദുഷയുടെ ഗ്രേറ്റ് ഗ്രാന്റ് സൺ ( കൊച്ചുമകൻ ) എസ്.എം. ഇബ്രാഹിം ആരംഭിച്ചതാണ് കോഴിക്കോട് പന്നിയങ്കരയിലെ യുനൈറ്റഡ് സ്റ്റീൽ എന്ന സ്ഥാപനം .
തമിഴ്നാട്ടിലും , കേരളത്തിലും ഏറെ പ്രശസ്തമായ മൗലാന ലുങ്കിയുടെ പിന്നിലും ബഡ്ക്കൽ കുടുംബമാണ്.


എറണാകുളത്തെ കാനറ സ്റ്റോർ , എസ്.എം.ബി. ഫാമിലിയുടെ ലോഹമാർട്ട് എന്നീ സ്ഥാപനങ്ങൾ ബഡ്ക്കൽ കുടുംബങ്ങൾ പതിറ്റാണ്ടുകൾക്ക് മുൻപ ആരംഭിച്ചതാണ്.
കോഴിക്കോട് കൊളംബൊ സ്റ്റോറിന്റെ സ്ഥാപകൻ എസ്.എച്ച് ബാദുഷയുടെ ഗ്രേറ്റ് ഗ്രാന്റ്സൺ എസ്.എം. ബാദുഷയും കുടുംബവും 1966 -ൽ എറണാകുളത്ത് ആരംഭിച്ചതാണ് പ്രശസ്ത സ്റ്റീൽ ഡീലറായ മെറ്റലക്സ് എന്ന സ്ഥാപനം . എറണാകുളത്തെ എസ്.എം. ബാദുഷ കുടുംബത്തിന്റേതാണ് മദ്രാസിലെ ഐഷ ഹോസ്പിറ്റൽ .
വർഷങ്ങൾക്ക് മുൻപ് മട്ടാഞ്ചേരിയിൽ ബഡ്ക്കൽ സ്വദേശിയായ സത്താർ ഭായി നടത്തിയിരുന്ന ഒരു ബോംബെ ഹോട്ടലുണ്ടായിരുന്നു .


അറേബ്യൻ കൊങ്കൺ വിഭവങ്ങളുടെ മിശ്രിതമാണ് ബട്ക്കൽ പാചകരീതി. ഇതിൽ പ്രധാനമാണ് ബട്ക്കൽ ദം ബിരിയാണി . ഖരം മസാലയോടൊപ്പം കുങ്കുമപ്പൂവും ചേർത്താണ് ബിരിയാണി തയ്യാറാക്കുക . മട്ടനാണെങ്കിലും , കോഴിയാണെങ്കിലും മീനാണെങ്കിലും അത് വേറിട്ട് നിൽക്കുമെങ്കിലും ഇവയുടെ ഫ്ലേവർ ബിരിയാണിയെ ഏറെ രുചികരമാക്കും . പകുതി വേവായ ബസുമതി അരി മസാല ചേർത്തു തയ്യാറാക്കിയ ഇറച്ചിയോടൊപ്പം ഇട്ട ശേഷം വേവിക്കും ഏറ്റവും മുകളിലായി നെയ്യും , കുങ്കുമപ്പൂവും ചേർക്കും .


അതു പോലെ തന്നെ ബസുമതി അരിക്ക് പകരം സേമിയ ചേർത്തുണ്ടാക്കുന്ന ദം ബിരിയാണിയുണ്ട് ഇതിനെ ശയ്യ ബിരിയാണി ( Shaiya Biriyani ) എന്നാണ് പറയുക.
പ്രാതലിന് കഴിക്കുന്ന ഷോഫാപാന ( Shofapana ) എന്നൊരു വിഭവമുണ്ട്. ദിൽ ഇല ( Dill Leaves ) കൊണ്ടു തയ്യാറാക്കുന്ന ഒരു വിഭവമാണിത്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാക്കപ്പെട്ട ഒരു ഔഷധ ഇലയാണിത് . ശരീരത്തിൽ ഒരുപാട് വൈറ്റമിൻസും മിനറൽസും ബൂസ്റ്റ് ചെയ്യാനും , രക്തകുഴലുകളിലെ ബ്ലോക്കുകളെ മാറ്റാനും , ഹൃദയത്തിന് ആരോഗ്യം നൽകാനും ഈ ഇലയ്ക്ക് കഴിയുമെന്ന് ഭിഷഗ്വരന്മാർ അഭിപ്രായപ്പെടുന്നു . ബട്ക്കൽ പ്രദേശത്തും , കർണ്ണാടകയിലും ഈ ഇലകൾ ധാരാളം ലഭ്യമാണ്. ബട്ക്കലികളുടെ പ്രാതൽ ഈ ഇല കൊണ്ടുള്ള വിഭവമാണ് . ദിൽ ഇലകൾ , നെയ്യ് , പഞ്ചസാര , മുട്ട എന്നിവ കൊണ്ടു തയ്യാറാക്കുന്ന ഷോഫാപാന അതീവ രുചികരമാണത്രെ.


മറ്റൊരു പ്രാതൽ വിഭവം മസാല ചേർത്തുണ്ടാക്കുന്ന പുട്ടാണ്. മുട്കൽ ( Mudgal )എന്നൊരു വിഭവമുണ്ട് . അരിയും , തേങ്ങയും , തേങ്ങാപാലും , ചിക്കനൊ ചെമ്മീനൊ ചേർത്തുണ്ടാക്കുന്ന ഒരു വിഭവമാണിത്. ഗുഡിയൊ ( Gudio) എന്ന മറ്റൊരു വിഭവമുണ്ട് . ഇത് മധുരത്തിലും , എരിവിലും ഉണ്ടാക്കും . അങ്ങനെ നിരവധി അറേബ്യൻ , കൊങ്കൺ വിഭവങ്ങൾ കൊണ്ടു ഇവരുടെ തീൻമേശകൾ അലങ്കരിക്കും.


ബട്ക്കലിന്റെ ചരിത്രം….
AD 1688 – ൽ എഴുതപ്പെട്ടതെന്ന് വിശ്വസിക്കുന്ന അഖുൻ സീതി മുഹമ്മദിന്റെ പുരാതന കൈയ്യെഴുത്തു പ്രതിയിൽ ബട്ക്കലിനെ ജനവാസമുള്ള കോട്ട എന്നർത്ഥം വരുന്ന അബദക്കില്ല ( Abadaqilla ) എന്ന് രേഖപ്പെടുത്തുന്നു . അബദക്കില്ല പരിണമിച്ച് തന്നെയാവണം പിന്നീട് ബട്ക്കലായത് . അറബികൾ തന്നെയാവണം ഇത്തരമൊരു പേരിനു പിന്നിൽ .


ജൈന മത വിശ്വാസികളായിരുന്നു ബട്ക്കൽ ഗ്രാമത്തിൽ ആദ്യ കാലങ്ങളിൽ ഇവിടെ താമസിച്ചിരുന്നത് . അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിരവധി രാജവംശങ്ങളുടെയും , ഭരണാധികാരികളുടെയും ഉദ്ധാന പതനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. AD 1291 മുതൽ 1343 വരെ വിജയനഗര സാമ്രാജ്യത്തിന്റെ കൈകളിൽ വീഴുന്നതിന് മുൻപ് ഇത് ഹൊയ്സാല സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു . പിന്നീട് ഹഡുവള്ളി ( Haduvalli ) ആസ്ഥാനമായുള്ള സാലുവ ( ജൈന ) ഭരണാധികാരികളുടെ കൈകളിലായിരുന്നു .


സുഗന്ധ വ്യജ്ഞനങ്ങൾ , തുകൽ , ആഭരണങ്ങൾ , അറേബ്യൻ കുതിരകൾ എന്നിവയുടെ വ്യാപാരാവശ്യാർത്ഥം ഇറാഖ് , ഇറാൻ , യമൻ , അൾജീരിയ , ഈജിപ്ത് , മൊറോക്കൊ …… തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നു ബട്ക്കലിൽ എത്തപ്പെട്ടവർ അവിടെ സ്ഥിര താമസമാക്കി . കൂടുതൽ അറബികളും യമനിൽ നിന്നും ഇറാഖിൽ നിന്നുമാവാമെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു . വന്നെത്തിയ വ്യാപാരികളുടെ സത്യസന്ധത , സദ്സ്വഭാവം കണ്ടു ഇഷ്ട്ടപ്പെട്ട ജൈന കുടുംബങ്ങൾ ഇവരുമായി വിവാഹ ബന്ധത്തിലേർപ്പെട്ടു . അങ്ങനെ ഒരു പുതിയ സമൂഹം ഇവിടെ ജന്മമെടുത്തു. ഇവർ സുന്ദരന്മാരും സുന്ദരികളുമാണ് …


ഇവരുടെ പഴയ തറവാടു വീടുകൾ ജൈന മതസ്ഥരുടെ വീടുകൾ പോലെ തന്നെയാണ്. തല കുനിച്ച് വീടിനകത്തേക് കയറുന്ന രീതിയിലാണ് അതിന്റെ നിർമ്മാണം . ഇപ്പോഴും അത്തരം കുറച്ചു തറവാടു വീടുകൾ ബട്ക്കലിൽ
നിലനിൽക്കുന്നുണ്ട്.
ഇവരുടെ വിവാഹാഘോഷങ്ങൾ 3 – 4 ദിവസം നീണ്ടു നിൽക്കുന്നതാണ് . രാത്രികാലങ്ങളിലാണ് കല്യാണങ്ങൾ ഏറെയും നടക്കുക . നിക്കാഹ് കഴിഞ്ഞു ആ രാത്രി തന്നെ വരനും ബന്ധുക്കളും പുതു വസ്ത്രങ്ങൾ , സുഗന്ധ ദ്രവ്യങ്ങൾ അടങ്ങുന്ന സമ്മാന പൊതികളുമായി വധുഗൃഹത്തിലേക്ക് പോകും . ഇവർക്കിടയിൽ സ്ത്രീധനം എന്ന ദുരാചാരമില്ല. പകരം പുരുഷൻ സ്ത്രീക്ക് മഹർ എന്ന വിവാഹ മൂല്യം നൽകുന്നു . നവായത്തിൽ വരനെ വറൈത്ത് എന്നും വധുവിനെ വക്കൽ എന്നുമാണ് വിളിക്കുക. ശാഫി മദ്ഹബിനെ ആദർശമായി പിൻപറ്റുന്ന ഇവർ ഇപ്പോഴും വ്യാപാര സമൂഹമായി തുടരുന്നു .


രണ്ടറ്റവും തുന്നിച്ചേർത്ത മുണ്ടാണ് ( മൂട്ടിയ മുണ്ട് ) ഇവർ ഉടുക്കുക. മുണ്ട് മടക്കി കുത്തുന്നത് ഇവിടെ വലിയൊരു തെറ്റായി അതിനെ കാണുന്നു . വലിയൊരു അറബ് അധിവാസ മേഖലയായ ദക്ഷിണേന്ത്യയിലെ കായൽപ്പട്ടണത്തും ഇങ്ങനെ തന്നെയാണ് . സ്ത്രീകൾ ഹിജാബ് ധരിച്ചു മാത്രമേ പുറത്തിറങ്ങു .


ടിപ്പു സുൽത്താന്റെ പിതാവ് ഹൈദർ അലി ബട്ക്കലിനെ കാനറ തീരത്തെ പ്രധാന താവളമാക്കി മാറ്റി . പിന്നീട് ടിപ്പു സുൽത്താൻ ബട്ക്കലിനെ ഒരു പ്രധാന തുറമുഖമാക്കി മാറ്റി. ടിപ്പു സുൽത്താന്റെ ഭാര്യമാരിൽ ഒരാൾ ബട്ക്കൽ സ്വദേശിനിയായിരുന്നു . ബട്ക്കലിലെ ഒരു പ്രധാന പള്ളിയുടെ പേര് സുൽത്താൻ മസ്ജിദ് എന്നാണ് .

മൻസൂർ നൈന

By ivayana