രചന : ജിബിൽ പെരേര ✍

ഇഷ്ടമാണെന്ന് പറയാൻ
ഞാൻ നിനക്ക് കത്തു തന്നിട്ടില്ല.
മെസ്സേജ് അയച്ചിട്ടില്ല.
വഴിയിൽ നിന്നെ നോക്കി
വെയിൽ കൊണ്ടിട്ടില്ല.
നിന്റെ പിറന്നാളിന്
സമ്മാനവും ആശംസയുമേകിയിട്ടില്ല.
നീയുടുത്ത പുതിയ ഉടുപ്പിന്
മംഗളഗാനം എഴുതിയിട്ടില്ല.
നിന്റെ ചിരിക്ക്
ഞാൻ കാവ്യഭംഗി പകർന്നിട്ടില്ല
നോട്ടം കൊണ്ട്
കരളിലോ
ചുംബനം കൊണ്ട്
ഹൃദയത്തിലോ തൊട്ടിട്ടില്ല.
ഒരേ നാട്ടുവഴിയിലൂടെ
നടന്ന് പോകുമ്പോളും
ഒരു വിശേഷവും
ഞാൻ തിരക്കിയിട്ടില്ല.
എന്നിരുന്നാലും
നിനക്ക്
ആദ്യത്തെ കല്യാണാലോചന
വരുന്നത് വരെ
കാത്തിരിക്കേണ്ടി വന്നൂ,
നിനക്ക് എന്നെ ഇഷ്ടമാണെന്നും
എനിക്ക് നിന്നെ ഇഷ്ടമാണെന്നും
നമ്മുക്ക് പരസ്പരം അറിയുവാൻ…
എങ്കിലും…
നീയറിയാൻ
അവസാനമായി
ഒരു വരികൂടി കുറിക്കട്ടെ ഞാൻ :
” കൈപ്പിഴവിനാൽ
ഏതോ ഭ്രാന്തന് കെട്ടിച്ചുവിട്ട
അരുമപ്പെങ്ങളെപ്പോലെ
അക്കരെ നിന്ന് നീ വിതുമ്പുമ്പോൾ
ഞാൻ എങ്ങനെയാണ് പ്രിയേ,
സ്വസ്ഥമായ് ഉറങ്ങുക…”

By ivayana