രചന : ഗിരീഷ് പി സി പാലം ✍
അങ്ങിനെയങ്ങിനെ
ഒരു ദിവസം
അവൾ അവനോടു പറഞ്ഞു.
നീ ആരോടും പറയില്ലെങ്കിൽ
ഞാൻ നിന്നെ പ്രണയിക്കാം.
അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഒരിക്കലും എന്നെ ഫോണിൽ വിളിക്കരുത് .
സമ്മതം.
എനിക്കായി പ്രണയലേഖനമെഴുതരുത്.
ഓൺലൈൻ ചാറ്റിംങ് ഒന്നും
അരുത്.
ഒരിക്കലുമില്ല -അയാൾ സന്തോഷത്തോടെ അവളെ നോക്കി.
എന്റെ നീല മിഴികളെ ,
തൊണ്ടിപ്പഴത്തിന്റെ ചുവപ്പുള്ള –
ചുണ്ടിണകളെ ,
വാർമുകിൽ മുടിയിഴകളെ ….
ഒന്നിനെ കുറിച്ചും
വർണ്ണിച്ചൊരുവരിയെഴുതരുത്.
അയാൾ ഇല്ലെന്ന് തലയാട്ടി.
എന്റെ ചിലവിലോ
നിന്റെ ചിലവിലോ
ഒരു ചോക്ലേറ്റ് പോലും
തമ്മിൽ പങ്കുവെക്കാൻ പാടില്ല.
നിന്നോടുള്ള പ്രണയത്തേക്കാൾ മധുരം
ഒരു ചോക്ലേറ്റിനുമില്ലെന്ന്
അയാൾ ആത്മഗതം ചെയ്തു.
ഒരിക്കലും നമ്മൾ തമ്മിൽ ചുംബിക്കില്ല ,
കെട്ടിപ്പിടിച്ചൊരുമ്മ പങ്കിടില്ല,
തൊട്ടിരുന്നൊരു കടൽ കാണില്ല.
ആകാശം മറയാക്കി നിലാവിനെ പുതച്ചുറങ്ങില്ല.
ഒരു തീവണ്ടി യാത്രയിൽ പോലും
പരസ്പരം മുഖം നോക്കിയിരിക്കില്ല.
നൂറുവട്ടം സമ്മതം.
നിന്റെ വധുവാകില്ല ,
നിന്റെ കുഞ്ഞുങ്ങളെ പ്രസവിക്കില്ല ,
മറ്റൊരാളോടൊപ്പം
ഞാനെന്റെ ജീവിതം പങ്കിടും ….
പ്രണയവുമായി അതിനെന്തു ബന്ധമെന്നയാൾ ….
ഒരിക്കലും കാണാത്ത അകലത്തിലേക്ക്
നീ എന്നെ വിട്ട് തോണി യാത്ര ചെയ്യണം –
അതിൽ പിന്നെ തിരിച്ചു വരാതിരുന്നാൽ പോരെ??
മതി -അവൾ പറഞ്ഞു ……
എനിക്ക് സമ്മതമാണ്.
പ്രണയത്തിന്റെ
മഹാസമുദ്രം നെഞ്ചിലേറ്റി,
അസ്തമയത്തിലേക്കുള്ള യാത്രാ മദ്ധ്യേ
അയാൾ തിരിഞ്ഞു നോക്കിയില്ല.
അത് അവളോട് ചെയ്യുന്ന അപരാധമായി
അയാൾക്ക് തന്നെ തോന്നി.