രചന : മധുമാവില✍

അന്യൻ്റെ ദാഹംമാറ്റാനന്തി
യുറങ്ങാതലഞ്ഞവരന്ന്
നടന്നുപോയ രണാങ്കണങ്ങളിൽ
നാമുയർത്തിയ തോരണങ്ങൾ
പണിതുതന്ന തണൽമരങ്ങൾ
ഉയരണം ജ്വാലയായ് കൊടികളായ്
വിജയഭേരികൾ ഉയരണം.
ഒരുപാതി നിറയാത്ത പാത്രങ്ങൾ
കൂടെയുള്ളവർക്കായ് പകുത്തവർ
അർദ്ധനഗ്നരായ് വടികുത്തിനടന്നവർ
തപംചെയ്ത നെഞ്ചിലെചൂട്
പല ഹൃദയങ്ങളിലൊന്നായ്
ഉറങ്ങിയനാളിലവർ പണിത
രുധിര സ്വപ്നങ്ങളാണിന്ന്
ചൂടുള്ള പുലരികളായ് ചുകന്നത്.
ഇരു ഹൃദയങ്ങളൊന്നായ്
കോർത്ത കൈവിരലുകളഴിയാതെ
സ്വതന്ത്രമുദ്രമോതിരങ്ങൾ
നമ്മളെന്നോ മറന്നിടത്താണ്
മാരീചനായ് ചൂഷകരന്തകരായ്
തമ്മിൽ കണ്ടാലറിയാത്തവർ
കുതികാൽവെട്ടിയും കൂട്ടിക്കൊടുത്തും
പങ്കിട്ടെടുത്തവർ പാട്ടുകാരായ്
കൊട്ടാരകെട്ടിനുള്ളിൽ വിദൂഷകരായ്.
മർദ്ദനത്തിൻ്റെ ചരിത്രഗാഥകൾ
കൊന്നുതള്ളിയശ്വമേധങ്ങൾ
പുതിയകാലത്തെ തമ്പുരാൻ
ഹൃദയങ്ങളിലൊന്നായതെല്ലാം
കൂട്ടിയിട്ട് കത്തിച്ചില്ലാതാക്കി
പകൽ മൂടിയാപുകയിൽ
മാരീചനായ് മാറിയ മേഘങ്ങൾ
കരിമ്പനക്കാട്ടിനുള്ളിൽ
നിലാവായ് കാത്തിരുന്ന
മുല്ലമാലയണിഞ്ഞ
കാലമേ സാക്ഷി.

മധുമാവില

By ivayana