രചന : ഒ.കെ.ശൈലജ ടീച്ചർ✍

എല്ലാവർഷവും ജൂൺ 19 വായനാ ദിനമായി നാം ആചരിക്കുന്നു. വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തന്ന കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ആദരണീയനായ ശ്രീ പി.എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.


കുഞ്ഞു പ്രായത്തിൽത്തന്നെ വായന ഒരു ശീലമാക്കേണ്ടത് പ്രാധാന്യമത്രെ. പണ്ട് കാലത്ത് മുത്തശ്ശിമാർ കഥ പറഞ്ഞു തന്നിരുന്നത് കേട്ടറിവിലൂടെ മാത്രമല്ല, വായനയിലൂടെയുമാണ്. പുരാണ കഥകളും. മഹാന്മാരായ വ്യക്തികളുടേയും, രാജാക്കന്മാരുടേയും അങ്ങനെ ഒരു പാട് അറിവുകൾ തലമുറയിലേക്ക് പകർന്നു നല്കിയത് അവരുടെ പുസ്തക പാരായണത്തിൽ നിന്നാണ്. കുഞ്ഞുങ്ങളിൽ വായനാ ശീലം വളർത്തിയെടുക്കാൻ മുത്തശ്ശിക്കഥകൾ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.
അക്ഷരങ്ങൾ ചേർന്ന് വാക്കുകളായും . വാക്കുകൾ ചേർന്ന് വാചകങ്ങളായും വാചകങ്ങൾ ചേർന്ന് വലിയ വലിയ അറിവുകളായും മാറുന്നു.


വിദ്യാർത്ഥികൾ പഠിക്കാനുള്ള തിനു പുറമെ കുഞ്ഞുകഥകളും, പാട്ടുകളും. ബാലമാസികകളും . പത്രവാർത്തകളും ഒക്കെ വായിച്ചു ശീലിക്കണം.
കഥകളിലൂടെ നല്ല നല്ല ഗുണപാഠങ്ങളും, പാട്ടുകൾ പാടുമ്പോൾ സന്തോഷവും വാർത്താ വായനയിലൂടെ പുതിയ പുതിയ അറിവുകളും സമ്മാനിക്കുന്നു. വായനയിലൂടെ നേടുന്ന ഈ അറിവുകൾ നമ്മുടെ കഴിവുകൾ വളർത്തുകയും എല്ലായിടത്തും നമുക്ക് അംഗീകാരവും സ്നേഹവും ലഭിക്കാൻ ഇടയാകുന്നു.


കാലം മാറുന്നതിനനുസരിച്ച് വായനയുടെ രീതികൾ മാറുന്നുണ്ടെങ്കിലും വായനയുടെ പ്രാധാന്യം കുറയുന്നില്ല. അതായത് വായന മരിക്കുന്നില്ല.
അക്ഷരങ്ങൾ അഗ്നിയാണ്. വാളിനേക്കാൾ മൂർച്ചയാണ് വാക്കുകൾക്ക അത് കൊണ്ടു തന്നെ വാക്കുകൾ ഇഴ ചേർത്ത് വെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യം. ഒരു നല്ല പുസ്തകം ഒരു നല്ല സുഹൃത്തിന് തുല്യമാണ്.


പണ്ട് കാലത്ത് വായനയ്ക്ക് തൊട്ടടുത്ത ലൈബ്രറിയായിരുന്നു വായനാ വേദി. എന്നാൽ കാലം മാറിയപ്പോൾ വായനയുടെ രീതിയിൽ അല്പം വ്യത്യാസം വന്നെങ്കിലും വായനയുടെ മൂല്യം കുറഞ്ഞിട്ടില്ലെന്നു തന്നെ പറയാം.
ഒരു ഗ്രന്ഥകാരനായി ജീവിതം തുടങ്ങിയ പി.എൻ പണിക്കർ ജനങ്ങളിൽ വായനയുടെ വിത്ത് പാകുന്നതിന് ഏറ്റവും മികച്ച രീതിയിൽ സ്വാധീനം ചെലുത്തി. അദ്ദേഹത്തോടുള്ള ആദര സൂചകമായി ജൂൺ 19 മുതൽ ഒരാഴ്ചക്കാലം നാം വായനാവാരമായി ആഘോഷിക്കുന്നു.


പ്രശസ്തരായ മഹാന്മാരുടെ വാക്കുകളിൽ കൂടി നമുക്ക് കടന്നുപോകാം.” ഒരു വായനക്കാരൻ മരിക്കുന്നതിന് മുമ്പ് ആയിരം തവണ ജീവിക്കുന്നു. ഒരിക്കലും വായിക്കാത്ത മനുഷ്യന് ലഭിക്കുന്നത് ഒരു ജീവിതം മാത്രം”
വായന എന്ന് കേട്ടാൽ ആദ്യം മനസ്സിലേക്ക് ഓടി വരിക” വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും. വായിച്ചാൽ വിളയും. വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ കുറുങ്കവിതയാണ്. ഒരു മനുഷ്യായുസ്സിന്റെ അർത്ഥം മുഴുവൻ അതിലുണ്ട്.


“നമ്മുടെ നാടിനെ ജ്ഞാന പ്രകാശത്തിലേക്ക് നയിച്ച സൂപ്പർവൈസ് ചാൻസലർ” എന്നാണ് സുകുമാർ അഴിക്കോട് പി.എൻ പണിക്കരെ വിശേഷിപ്പിച്ചിരിക്കുന്നത്.
കേരള സർക്കാർ 1996 മുതലാണ് അദ്ദേഹത്തിന്റെ ചരമദിനം വായനാ ദിനമായി ആചരിച്ചു തുടങ്ങിയത്. വായനയുടെ ആചാര്യന് മരണാനന്തര ബഹുമതിയായി നല്കിയതാണ്.


” വായിച്ച് വളരുക. ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു അദ്ദേഹത്തിന്റെ സന്ദേശം.
2017 മുതലാണ് ഈ ദിനം ദേശീയ വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
ഒരു വ്യക്തിയുടെ സമഗ്ര വികസനത്തിന് വായന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പ്രശസ്തരായ പല മഹാന്മാരേയും ഉന്നതങ്ങളിലെത്തിച്ചിട്ടുള്ളത് ആഴത്തിലുള്ള പരന്ന വായനയാണ്. ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ. ആ വെളിച്ചം കണ്ട് വേണം നമ്മുടെ കുട്ടികൾ വളരാൻ .


മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിന് വായന വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എത്ര പുസ്തകങ്ങൾ വായിച്ചുവെന്നല്ല, പുസ്തകങ്ങൾ വായിച്ചിട്ട് എന്ത് നേടി എന്നതിലാണ് നാം ഊറ്റം കൊള്ളേണ്ടത്.
പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയ്യിലെടുത്തോളൂ പുത്തനൊരായുധമാണ് നിനക്ക് പുസ്തകം.


ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം വായനയെ സ്വാധീനിക്കുന്നുണ്ട്.
ഒരു നല്ല പുസ്തകം മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു. തെളിഞ്ഞ വായന മനുഷ്യന്റെ മഹത്വം വിളിച്ചോതുന്നു.
” വേദനയ്ക്ക് മരുന്നുണ്ടോ വൈദ്യരേ …. വേദനയ്ക്ക് മരുന്ന് ഉണ്ട് വായന. ഈ വാക്കുകൾ അക്ഷരം പ്രതി ശരിയാണെന്ന് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ.
” ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുക്കൾക്ക് തുല്യമാണ്. ഒരു നല്ല സുഹൃത്ത് നൂറ് ലൈബ്രറിക്കു തുല്യവും
പുസ്തകം തൊട്ടു തൊഴാത്ത മനുഷ്യരില്ലെന്നു തന്നെ പറയാം. വിജ്ഞാനം പകരുന്ന പുസ്തകങ്ങൾ അമൂല്യ നിധികളാണ്.
” നിയമങ്ങൾ നശിക്കുമ്പോൾ ഗ്രന്ഥങ്ങൾ നിലനില്ക്കുന്നു” ബെർണാഡ് ഷായുടെ വാക്കുകൾ.


മഹാന്മാരായ മഹാന്മാരെല്ലാം ഇറങ്ങിക്കുളിച്ച ഒരേയൊരു പുണ്യതീർത്ഥമാണ് പുസ്തകം.” വാക്കിനോളം തൂക്കമില്ലേ യീ ഭൂമിക്കു പോലുമേ” എന്ന് കുഞ്ഞുണ്ണി മാഷ് പറയു കയുണ്ടായി.
വായനയുടെ ശക്തി അപാരമാണ്. പുസ്തകങ്ങളിലൂടെ അറിയുമ്പോൾ വലിയൊരു ആശയ പ്രപഞ്ചം നമ്മളിലുണ്ടാകുന്നു.
ദിവസവും ഒരു മണിക്കൂർ വായനയ്ക്കായി നിങ്ങൾ മാറ്റി വെക്കൂ. അത് നിങ്ങളെ അറിവിന്റെ കേന്ദ്രമായി പരിണമിപ്പിക്കുമെന്ന് പറഞ്ഞ ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ നമുക്കെന്നും സ്മരിക്കാം.


വളരെയേറെ ചിന്തിക്കുക
കുറച്ചു മാത്രം സംസാരിക്കുക. അതിലും കുറച്ചെഴുതുക. കാരണം എഴുതുന്നത് പല തലമുറകളോളം രേഖയായിരിക്കും. അതിപുരാതന കാലത്തെക്കുറിച്ചു നമ്മൾ മനസ്സിലാക്കിയത് ശിലാലിഖിതങ്ങളിൽ നിന്നും താളിയോലകളിൽ നിന്നുമാണ്.
ഈ വായനാ ദിനത്തിൽ വായനയുടെ പുതിയ വസന്തം തീർത്ത് സ്വർഗ്ഗം സൃഷ്ടിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ഏവർക്കും വായന ദിനാശംസകൾ നേരുന്നു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana