രചന : ബിനോജ് കട്ടാമ്പള്ളി ✍️

പറയുവാനറിയാത്ത നോവായിവിങ്ങുന്നു
അച്ഛനെൻ ഓർമ്മതൻ ചെപ്പിലിന്നും..
അമ്മ എന്നൊരു വാക്ക് തനിയെയുരഞ്ഞു
ഞാനാദ്യമായ് അമ്മിഞ്ഞയുണ്ടതിനൊപ്പം
അമ്മ പറഞ്ഞു പതം വരുത്തി തന്നു
മെല്ലെ മനസ്സിൽ കുടിയിരുത്തി തന്നു
കടലാഴമുള്ളൊരാ വാക്ക്
നിലാവുപോൽ തെളിമയാംവാക്ക്
അലിവിന്റെ നിറവായ വാക്ക്
നിറവിന്റെ പൊരുളായ വാക്ക്
അച്ഛനെന്നുള്ളോരാ വാക്ക്
കുഞ്ഞിളം കൈപിടിച്ചേറെനടന്നച്ചൻ
കുഞ്ഞിക്കാലടികൾക്ക് താങ്ങായി നിന്നച്ചൻ
കുഞ്ഞിളം കാതിൽ കഥകൾ പറഞ്ഞച്ഛൻ
കഥയിലൊരു രാജകുമാരിയെ തന്നച്ചൻ
കനിവിന്റെ കഥകളാണേറെ…
കരളലിയിക്കും കഥകളേറെ ….
ഒക്കത്തെടുത്തു നടന്നു
അച്ഛനന്നുമ്മകൾ കൊണ്ടുപൊതിഞ്ഞു.
ഇത്തിരിക്കൂടി വളർന്നു
ഞാനെന്റെ സംശയചെപ്പ് തുറന്നു
സൂര്യനെന്താണെന്നു ചോദിച്ചുഞാൻ
അമ്പിളിമാമനെപ്പറ്റി തിരഞ്ഞു
ഭാരതമെന്തെന്നറിഞ്ഞു ഞാൻ
പ്രാണനിൽവെടിയേറ്റ ഗാന്ധിയപ്പൂപ്പനെകണ്ടു.
അക്ഷരചെപ്പ് തുറക്കുവാനാദ്യമായ്
വിദ്യാലയത്തിൻ പടികളേറി,
അച്ഛന്റെ തോളിലിരുന്നു
ഞാനമ്മയുമൊന്നിച്ചു ഉത്സവം കണ്ടു കുളിരുകോരി..
ഇല്ലായ്മ വല്ലാതലട്ടിയെന്നാകിലും
ഉള്ളതുകൊണ്ട് അച്ഛനോണമൂട്ടി …
കോരന്നു കുമ്പിളിൽ കഞ്ഞിവിളമ്പിയ കാലങ്ങൾ എന്നേമറഞ്ഞു
ഏതോ ഒരുരാത്രി ഏകനായച്ഛൻ
ഞാനറിയാതെ ഒരുയാത്ര പോയി
എന്റെ ജീവനിൽ നിന്നുമാ
സൗഗന്ധികപ്പൂ കൊഴിഞ്ഞുപോയി….
ഇന്നീരാത്രിയിൽ ഞാനുറങ്ങുമ്പോൾ
അച്ഛനെൻ ചാരത്തുവന്നിരുന്നെന്നോട് പരിഭവിച്ചു…
ഇന്നലെ എന്തിനാണമ്മയോട്
നീരസം ഭാവിച്ചു നീയിരുന്നു…
അച്ഛനെൻ നെറുകയിൽ തലോടി…
തണുവാർന്ന ചുണ്ടിനാൽ മൂർദ്ധാവിൽ ചുംബിച്ചു…
എന്റെ കാതിൽ ഒരുമന്ത്രമായോതി…
അമ്മ അമ്മയാണൂഴിയിൽ അഖിലം…
✍️

ബിനോജ് കട്ടാമ്പള്ളി

By ivayana