രചന : മായ അനൂപ് ✍

സ്വന്തം അറിവ് വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ഒരുവനിൽ, ഏറ്റവും പ്രധാനമായി ഉണ്ടായിരിക്കേണ്ട ഒന്നാണ് വായന. വായനയിലൂടെ, അറിവ്, ആശയങ്ങൾ, പദസമ്പത്ത്, ഭാഷാശുദ്ധി ഇവയെല്ലാം നേടിയെടുക്കുവാനാകുന്നു. വായനാശീലം നമ്മുടെ അറിവുകൾ വർദ്ധിപ്പിക്കുന്നതോടൊപ്പം, നമ്മെ കൂടുതൽ ബുദ്ധിയും വിവേകവും വിനയവുമുള്ളവരാക്കിത്തീർക്കുന്നു. വായനയിലൂടെ ഒരുവന് തന്റെ സ്വഭാവഗുണങ്ങൾ വർദ്ധിപ്പിക്കുക വഴി കൂടുതൽ തെളിച്ചവും തിളക്കവുമുള്ള വ്യക്തിത്വത്തിന്റെ ഉടമയായിത്തീരാൻ സാധിക്കുന്നു. മത്സരപ്പരീക്ഷകളിൽ വായനയിൽ നിന്നുള്ള അറിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നതോടൊപ്പം ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ വർധിപ്പിക്കുവാനും വായന സഹായിക്കുന്നു. വായന ശീലമാക്കിയ ഒരു വ്യക്തിയ്ക്ക് സ്വന്തമായി ഉറച്ച നിലപാടുകളും അഭിപ്രായങ്ങളും ഉണ്ടാവും.


വായന എന്നത് ജീവിതവിജയത്തിലേയ്ക്കും മഹത്വത്തിലേക്കുമുള്ള വാതിൽ തുറക്കുന്നതിനുള്ള താക്കോലാണ്. അതിനാലാവാം “ഒരു തുള്ളി മഷിയ്ക്ക് ഒരു ലക്ഷം പേരെ ചിന്തിപ്പിക്കാനുള്ള കഴിവുണ്ടെന്നും അത് 1000 വെടിയുണ്ടയെക്കാൾ ശക്തമാണ്” എന്നും പറയപ്പെടുന്നത്.


ഇന്നിപ്പോൾ വായന എന്നത് ഓൺലൈൻ വായനയായി രൂപാന്തരപ്പെട്ടിരിക്കുന്നു. പുസ്തകവായനയേയും ഓൺലൈൻ വായനയേയും ഒരു നാണയത്തിന്റെ തന്നെ രണ്ടു വശങ്ങളായി പറയാം. രണ്ടിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. എങ്കിലും കണ്ണിന്റെയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനും മറ്റു നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാതെ സ്വസ്ഥമായി വായനയുടെ ലോകത്തിലൂടെ അനുസ്യൂതം സഞ്ചരിക്കുവാനും പുസ്തകവായന തന്നെയാണ് കൂടുതൽ അഭികാമ്യം.
അറിവുകളുടെ മാത്രമല്ല, ഓർമ്മകളുടെയും സ്വപ്നങ്ങളുടെയുമെല്ലാം കാവൽക്കാരാണ് വാക്കുകൾ. ജീവിതത്തിന്റെ സംഗീതമാണ് വായന.


ഒരിക്കൽ വായിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ അത് പിന്നെയൊരു ലഹരിയായി മാറും. ഒരിക്കലും മോചനം ആഗ്രഹിക്കാത്തയൊരു ലഹരി. അനുഭവിച്ചവർക്ക് മാത്രം അറിയാവുന്നൊരു മാസ്മരിക ശക്തിയുണ്ട് വായനക്ക്. വായന പോലെ, നമ്മെ തിരുത്തുന്ന, നേർവഴിയ്ക്ക് നടത്തുന്ന മറ്റൊരു ചങ്ങാതിയില്ല.


ഇന്ന്, ജൂൺ 19. “വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക” എന്ന ആപ്തവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മഹാനായ ശ്രീ പി എൻ പണിക്കരുടെ ഓർമ്മദിനം…. “വായനാ ദിനം. ” ഈ ഒരു ദിനം മാത്രമല്ല, ജീവിതത്തിലെ എല്ലാ ദിനങ്ങളും വയനാ ദിനങ്ങൾ ആയിരിക്കട്ടെ.

മായ അനൂപ്

By ivayana