രചന : അൽഫോൻസ മാർഗരറ്റ്✍

ഫ്ലൈറ്റിൽ നിന്നും ഇറങ്ങിവന്നപ്പോഴേ കണ്ടു. അങ്കിളും അളിയനും തന്റെ പ്രീയ സുഹൃത്ത് അശോകനും തന്നെ കാത്തു നിൽക്കുന്നത്.
അടുത്തെത്തിയപ്പോൾതന്നെ അശോകൻ തന്നെ കെട്ടിപിടിച്ചു……
നിയന്ത്രിക്കാനായില്ല…..
തേങ്ങിപ്പോയി.


അങ്കിളും അളിയനും മനോജിന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു ….
ആരും ഒന്നും തന്നെ സംസാരിച്ചില്ല. ദുഃഖം തുളുമ്പി നിൽക്കുമ്പോൾ വാക്കുകൾ മുങ്ങിപ്പോകും.
കാറിൽ ഇരിക്കുമ്പോഴും മനോജിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
തന്റെ പൊന്നു മകൾ …. ഏഞ്ചൽ….
പപ്പാ എന്ന് കൊഞ്ചിയുളള ആ വിളി കേട്ടു മതിയായില്ല…..
ഓ…. ഗോഡ്…..
മനോജ് തേങ്ങിപ്പോയി….


ഫ്രണ്ട് സീറ്റിൽ കാറോടിച്ചിരുന്ന അളിയൻ മാമച്ചനും അങ്കിളും തിരിഞ്ഞു നോക്കി.
അശോകൻ മനോജിനെ തന്റെ ചുമലിലേക്ക് ചായ്ച്ചു ചേർത്തുപിടിച്ചു……
ആരും ഒന്നും മിണ്ടിയില്ല ……
അല്ലെങ്കിൽ തന്നെ ആശ്വാസവാക്കിന് ഈ സമയം എന്തു പ്രസക്തി…..
ഒന്നരമണിക്കൂർ വേണം നെടുമ്പാശേരിയിൽ നിന്നും കൊച്ചിയിലെത്താൻ .
റോഡിൽ നല്ല ബ്ലോക്കായിരുന്നു…
മനോജ് തളന്ന് അശോകന്റെ ചുമലിൽ ചാരിയിരുന്നു …..
മയക്കമാണോ …..


ഏതായാലും ആൾ ശാന്തനായിട്ടുണ്ട് പാവം.
അശോകന്റെ ചിന്തകൾ വർഷങ്ങൾക്കു പുറകിലേക്കു പോയി….
താനും മനോജും എത്സയും റീനയും കളിക്കൂട്ടുകാരും അയൽക്കാരുമായിരുന്നു.
റീനയുടെ പപ്പാ ദു:ബായിയിൽ വലിയ ബിസിനസ്സ് കാരനായിരുന്നു. എങ്കിലും സാധുമനുഷ്യൻ.
തന്റെ അച്ഛനും എത്സയുടെ അപ്പനും റ്റാറ്റാക്കമ്പനിയിൽ ജോലിയായിരുന്നു. മനോജിന്റെ അപ്പനു പലചരക്കുകടയും. എങ്കിലും നാലുകുടുംബവും ഉറ്റ സുഹൃത്തുക്കൾ …
മക്കളും അതുപോലെ തന്നെ.


എൽ കെ ജി മുതൽ ഒന്നിച്ചു പഠിച്ചവർ. കൂട്ടത്തിൽ പ്രായം കൂടിയത് എത്സയായിരുന്നു.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ താനും മനോജും മഹാരാജാസിലും എത്സയും റീനയും പ്രൈവറ്റ് കോളേജിലും തുടർന്നു പഠിച്ചു.
മനോജായിരുന്നു പഠനത്തിൽ കേമൻ . സുന്ദരനും സൗമ്യശീലനും അവൻ തന്നെ.
പതിയെപ്പതിയെ … എത്സയുടെയും മനോജിന്റേയും മനസ്സുകളിൽ പ്രണയത്തിന്റെ കുളിർ കാറ്റു വീശിത്തുടങ്ങി…..
ആരുമറിഞ്ഞില്ലെങ്കിലും ആത്മസുഹൃത്തായ താനെല്ലാം മനസ്സിലാക്കുന്നുണ്ടായിരുന്നു….. മനോജിനേക്കാൾ ഒരു വയസ് മൂത്തതായിരുന്നു എത്സ. എങ്കിലും സുന്ദരിയായിരുന്നു അവൾ……


പക്വതയുള്ളതും തീവ്രവുമായിരുന്നു അവരുടെ പ്രണയം ….
ഡിഗ്രികഴിഞ്ഞ് മനോജ് ജോലിയന്വേഷിക്കുന്ന സമയം. ഒരു ദിവസം റീനയുടെ പപ്പാ മനോജിന്റെ വീട്ടിൽ വന്ന് മനോജിന്റേയും റീനയുടേയും വിവാഹത്തെക്കുറിച്ചു സംസാരിച്ചു. ജോലി ശരിയാകാതെ എങ്ങനെ വിവാഹം നടത്തും എന്ന മനോജിന്റെ പപ്പായുടെ സംശയത്തിനും മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ് ….
മനോജ് പല തടസ്സങ്ങളും പറഞ്ഞു നോക്കി.


എത്സയോടു പറഞ്ഞപ്പോൾ ഏറെ ദു:ഖത്തോടെയാണെങ്കിലും മനോജിന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന അവളും മനോജിനെ നിർബ്ബന്ധിച്ചു ……
അങ്ങനെ …..
ആരുമറിയാതെ അവരുടെ മനസ്സിൽ തളിരിട്ടു പൂത്തു നിന്ന അവരുടെ ദിവ്യ പ്രണയത്തിനെ …. അവർ തങ്ങളുടെ മനസ്സിൽ തടവിലിട്ടു.
ദുബായിയിലെ ബിസ്സിനസ്സിൽ റീനയുടെ പപ്പയോടൊപ്പം മനോജും ചേർന്നു…..
ആറുമാസത്തിനു ശേഷം റീനയുടേയും മനോജിന്റേയും വിവാഹവും കഴിഞ്ഞു……
കഞ്ഞുന്നാൾ മുതൽ ….. ഒന്നായി വളർന്നവർ ….. മുറ്റത്തെ മഴവെള്ളത്തിൽ കടലാസ്സു തോണികൾ ഉണ്ടാക്കിക്കളിച്ചവർ ……
ഇണപിരിയാത്ത കൂട്ടുകാർ ……


അവരിൽ രണ്ടു പേർ മാത്രം ഒരേ ജീവിതത്തോണിയിൽ യാത്രക്കാരായിത്തീർന്നു……
കാലചക്രം കറങ്ങിക്കൊണ്ടേയിരുന്നു ..
അഞ്ചു വർഷം കഴിഞ്ഞു. ഒരു കുഞ്ഞിനുള്ള ഭാഗ്യം മനോജിനും റീനയ്ക്കും ഉണ്ടായില്ല. തന്റെയും വിവാഹം കഴിഞ്ഞു. എത്സ മാത്രം വിവാഹം വേണ്ട എന്ന തീരുമാനത്തിൻ ഉറച്ചു നിന്നു. കാരണം അവൾ ആരോടും പറഞ്ഞില്ല. മനോജിനും തനിക്കും മാത്രമറിയാം കാരണം…..
അവൾ അത്രയധികം മനോജിനെ പ്രണയിച്ചിരുന്നു…..മനോജിന്റെ നന്മയും സന്തോഷവും മാത്രമാണ് എത്സയുടേയും സന്തോഷം…..
തന്റെ മനോജിനൊരു കുഞ്ഞുണ്ടാവാൻ അവൾ എത്ര നോമ്പുനോറ്റു ….
എത്ര നൊവേനകൾ കൂടി….


എല്ലാം ദുഃഖത്തോടെ കാണുകയും അറിയുകയും ചെയ്യുന്നവൻ താൻ മാത്രം …..
ഭാര്യയോടു പോലും പറഞ്ഞിട്ടില്ല…..
വല്ലപ്പോഴും മനോജ് ചോദിക്കുമ്പോൾ അവനോടുമാത്രം പറയും ; എത്സയെ കുറിച്ച്…..
ചെറുപുഞ്ചിരിയോടെ …… സൗമ്യതയോടെ ….. മനസ്സിന്റെ ആഴങ്ങളിൽ ചിറകു കുടയുന്ന …. പ്രണയവും സ്നേഹവും ഒതുക്കി നിശബ്ദയായി ജീവിക്കുന്ന എത്സ; മുമ്പത്തേക്കാൾ സുന്ദരിയായി …..
അഞ്ചു വർഷങ്ങൾക്കുശേഷം റീന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചതും എത്സയായിരുന്നു.


ഗർഭിണിയായപ്പോൾ റീന നാട്ടിലേക്കുപോന്നു….. പിന്നെ ദുബായിലേക്ക് പോയിട്ടില്ല. മനോജ് ഇടക്കിടെ വന്നു പോകും ……
കുഞ്ഞിനു നാലുവയസ്സായി. റീനയുടെയും എത്സയുടെയും സ്നേഹത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. അവളുടെ മനോജിന്റെ ഭാര്യയാണ് റീന …..
അവളെ എത്സയ്ക്കെങ്ങനെ സ്നേഹിക്കാതിരിക്കാനാവും ……
അവളുടെ മനോജിന്റെ കുഞ്ഞിനെ പ്രസവിച്ചവളാണ് റീന …..
എങ്ങനെ റീനയെ സ്നേഹിച്ചാലും എത്സയ്ക്ക് തൃപ്തി വരില്ല…..
ആ കുഞ്ഞിനെ കളിപ്പിക്കാനും ഒരുക്കാനും എത്സക്ക് വല്ലാത്തൊരിഷ്ടമാണ് ……
അതു കാണുമ്പോൾ റീന പറയും നീയും ഒരു വിവാഹം കഴിക്കണം എത്സാ…. എന്ന് .


താനുംനിർബ്ബന്ധിച്ചിട്ടുണ്ട് അവളെ . അവൾക്ക് ഒരു ചിരിയുണ്ട് അപ്പോൾ …… സുന്ദരമായ ചിരി …… അതിൽ അടങ്ങിയിരിക്കുന്ന ദു:ഖസാഗരത്തിന്റെ ആഴമറിഞ്ഞവർ താനും മനോജും മാത്രം……
ഒരിക്കൽ മനോജ് ഹൃദയം നുറുങ്ങി തന്നോട് പറഞ്ഞതോർത്ത് തന്റെ ഹൃദയംതേങ്ങിപ്പോയി….
അവളുടെ ഹൃദയത്തിൽ എന്നോട് ഇത്രമാത്രം പ്രണയമുണ്ടെന്ന് ഞാനറിഞ്ഞില്ലെടാ …..എങ്കിൽ …….
അന്നൊരു പാട് പാടുപെട്ടു അവനെ ആശ്വസിപ്പിക്കാൻ. ഒരിക്കലും റീന അറിയാനിടയാക്കല്ലേടാ എന്ന് താനാണവനെ സമാധാനിപ്പിച്ചത്…..
അവന്റെ കുഞ്ഞിന് എത്രമാത്രം കടലാസ്സു തോണികളാണവൾ ഉണ്ടാക്കി കൊടുക്കുന്നത്……


നിനക്കുവട്ടാണോ എത്സാ എന്ന് റീന ചോദിക്കുമ്പോൾ …. അവൾ ചിരിക്കും ……
നമ്മൾ എത്രമാത്രം കടലാസ്സുതോണികൾ ഉണ്ടാക്കിയിട്ടുണ്ട്. നമ്മുടെ മോളും കളിക്കട്ടേടീ എന്നു പറഞ്ഞവൾ ചിരിക്കും …..
കഴിഞ്ഞ ദിവസംനിനച്ചിരിക്കാതെ പെയ്ത മഴയിൽ മുറ്റത്തു നിറഞ്ഞ വെള്ളത്തിൽ കടലാസു തോണികൾ ഉണ്ടാക്കി എത്സയും മോളും ചവിട്ടുപടിയിലിരുന്നു കളിക്കുകയായിരുന്നു.


മുറ്റത്തു പന്തുകളിച്ചു കൊണ്ടിരുന്ന കുട്ടികൾ അടിച്ച പന്ത് മുറ്റത്തെ കിണറ്റിൽ വീണു.
കുട്ടികൾ അതെടുക്കാൻ കിണറ്റിൽ നോക്കി നിന്നപ്പോൾ ഏഞ്ചൽ മോളും ഓടിപ്പോയി . കിണറ്റിനരികിൽ കിടന്ന ഒരു പ്ലാസ്റ്റിക് ബക്കറ്റ് കമഴ്ത്തിയിട്ട് അതിൽ കയറിനിന്ന് കിണറ്റിലേക്ക് എത്തി നോക്കിയതാണ് പെട്ടെന്ന് ബക്കറ്റ് പിറകിലേക് തെന്നി ഏഞ്ചൽ മോൾ കിണറ്റിൽ വീണു.


എല്ലാം ഞൊടിയിടയിൽ സംഭവിച്ചു. മോളെ വേണ്ട എന്ന് റീനയും എത്സയും പറയുമ്പോഴേക്കും എല്ലാം കഴിഞ്ഞു……
ഒന്നും നോക്കാതെ എത്സയും പിന്നാലെ കിണറ്റിലേക്ക് ചാടി …..
റീനയുടേയും കണ്ടു നിന്നകുട്ടികളുടേയും കരച്ചിൽ കേട്ട എല്ലാവരും ഓടിയെത്തി നോക്കുമ്പോൾ എത്സയുടെ വെള്ളത്തിൽ നിന്നും ഉയർത്തിപ്പിടിച്ച കൈകളിൽ ഏഞ്ചൽ മോൾ …….
അതിസങ്കീർണ്ണമായ കാഴ്ച …..
പത്തുപതിനഞ്ചുമിനിറ്റെടുത്തുരണ്ടു പേരേയും കിണറ്റിൽ നിന്നും കേറ്റാൻ ……


കിണറ്റിൽ നിന്നും എടുത്തപ്പോഴും രണ്ടു പേർക്കും നേരിയ ചലനമുണ്ടായിരുന്നു……
പക്ഷേ ….. ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിയിൽ ആ ചലനങ്ങൾ നിലച്ചു ……
ഏഞ്ചൽ മോൾ അവളുടെ എച്ചാമമ്മിയോടെപ്പം പോയി ……
അപ്പോഴും ആ വീടിന്റെ മുറ്റത്ത് നനഞ്ഞു കുതിർന്ന കടലാസ്സു തോണികൾ ചിതറിക്കിടപ്പുണ്ടായിരുന്നു…..
കാർ വീട്ടുമുറ്റത്തെത്തി ….
മനോജിനെ അശോകൻ താങ്ങി പിടിച്ച് കാറിൽ നിന്നും ഇറക്കി …..
അവനെ കണ്ടപ്പോൾ …..


ആ വീട്ടിൽ നിന്നും കൂട്ടക്കരച്ചിൽ ഉയർന്നു……
രണ്ടു പേർ മാത്രം ചുണ്ടിൽ അഭൗമമായ പുഞ്ചിരിയോടെ ……
ഇനി ഒരിക്കലും ഉണരാതെ …. മനോജിനെ കാത്ത് ……. രണ്ടുപെട്ടികളിൽ യാത്രയ്ക്കൊരുങ്ങി കിടപ്പുണ്ടായിരുന്നു ….
ഒന്നവന്റെ പ്രാണന്റെ പ്രാണനായ ഏഞ്ചൽ മോളും ….
ഒന്ന് ….. ജന്മജന്മാന്തരങ്ങളോളം
മനോജിനെ മാത്രം പ്രണിയിക്കാൻ കൊതിച്ച അവന്റെ ആത്മാവിന്റെ ആത്മാവായ എത്സയും ………..
………..ശുഭം …..

അൽഫോൻസ മാർഗരറ്റ്

By ivayana