രചന : ഷാജി നായരമ്പലം ✍

വറ്റിടാ,ത്തോരു മുറ്റിടും ദിക്കിലാ-
ണച്ഛ,നന്നാക്കിണര്‍ കുത്തിവച്ചതും,
ചുറ്റിലും ഭിത്തിക്കെട്ടിപ്പടുത്തതില്‍
ചെറ്റു ചാന്തു തേച്ചൊക്കെ മിനുക്കിയും,
കപ്പി കെട്ടിക്കയറിട്ടു പാളയും –
കുത്തി കുമ്പിളില്‍ വെള്ളം വലിച്ചതും,
വേലികെട്ടിത്തിരിക്കാത്ത വീടിന്റെ
നാലു ദിക്കില്‍ നിന്നാളുകള്‍ വന്നതും
അച്ഛനോര്‍ക്കുന്നു, കത്തിടും വേനലില്‍
സ്വച്ഛമായ് ജലം തന്നതാണാ കിണര്‍….

എങ്കിലും കാലചക്രത്തിരിച്ചിലില്‍
സങ്കടങ്ങളില്‍പ്പെട്ടുപോയക്കിണര്‍
ആള്‍മറയ്ക്കുള്ളിലാളടുക്കാതെയായ്
ഓളമില്ലാതുറഞ്ഞുപോയ് നീരിടം

‘അച്ഛനൊറ്റക്കിരിക്കേണ്ട, ഞങ്ങളോ
ബുക്കു ചെയ്യുന്നു കാലേ, യഥാവിധി
പാര്‍ത്തിടാം; പാര്‍പ്പിടം, സുഖ സൗകര്യം
നോക്കുകില്‍ വൃദ്ധ ഗേഹം മനോഹരം.’

അങ്ങനെ വൃദ്ധ,രന്യരായ് രണ്ടുപേര്‍
മങ്ങി മായുന്ന കാലപ്പകര്‍ച്ചകള്‍….

പിന്നെയെന്നോ പകല്‍വെന്തു, നീരിനായ്
തല്ലുകൂടി പോല്‍ നാട്ടുകാ,രപ്പൊഴും
ചീര്‍ത്തു ജീര്‍ണ്ണം വിഴുപ്പും ചുമന്നു, വേ-
രറ്റുപോകാത്ത നീരും ചുരത്തിയും
കാത്തിരുപ്പുണ്ടു കാണാക്കിണര്‍, പുറം-
‘പൊട്ട’യെങ്കിലും തണ്ണീര്‍ത്തടം ചിരം.

ഷാജി നായരമ്പലം

By ivayana