രചന : അനു സാറ✍
അവൾക്കിന്ന് വീണ്ടും ആ വിദ്യാലയത്തിന്റെ പടവുകൾ കയറേണ്ടി വന്നു.
ഇനിയൊരിക്കലും ആ പടികൾ ചവിട്ടില്ല എന്ന് വിചാരിച്ചതാണ്. വിധിയുടെ നിയോഗം പോലെ അവളുടെ മകൾക്ക് ആ വിദ്യാലയത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ.
ചിലപ്പോഴൊക്കെ ബാല്യത്തിന്റെ ഓർമ്മകൾ സന്തോഷത്തിനപ്പുറം സങ്കടം ആകും നൽകുന്നത്.
കാലം ഒരു 29 വർഷം പിന്നോട്ട് സഞ്ചരിക്കുകയാണ്.
ഞാൻ LP school ലെ ഒരു ചെറിയ കുട്ടിയുടെ ഒരിക്കലും മറക്കാനാകാത്ത അനുഭവം നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.
അവളുടെ പേരാണ് സേറ .
ഒരു ഇടത്തരം കുടുംബത്തിലെ മൂത്ത മകളായിട്ടാണ് സേറ ജനിച്ചത്. അവൾക്ക് 2 അനുജത്തിമാർ ഉണ്ടായിരുന്നു. അവളുടെ പപ്പ ഒരു റബ്ബർവെട്ടുകാരനും, അമ്മ ഒരു വീട്ടമ്മയും ആയിരുന്നു. പപ്പ മലപ്പുറം ജില്ലയിൽ ആണ് ജോലി ചെയ്തിരുന്നത്. മാസത്തിൽ ഒരിക്കൽ വരികയും മക്കളുടെ കാര്യങ്ങൾ ഒരു കുറവും വരുത്താതെ ചെയ്തുമിരുന്നു.
പുതിയ അദ്ധ്യായന വർഷം ആരംഭിച്ചു.
ഒരു ജൂൺ 1 ന് കോരിച്ചൊരിയുന്ന മഴയിൽ ഒരു റെയിൽ കോട്ടും, പുതിയ ബാഗും കുടയും വാട്ടർ ബോട്ടിലും പുതുമണമുള്ള പുസ്തകങ്ങളുമായി , പുത്തനുടുപ്പുമിട്ട് സേറ പുതിയ കൂട്ടുകാരെയും സന്തോഷം നിറഞ്ഞ നിമിഷങ്ങളും സ്വപ്നം കണ്ട് ആ വിദ്യാലയത്തിന്റെ പടവുകൾ കയറി.
കയറി വരുമ്പോൾ തന്നെ കാണുന്ന ആ കന്യാസ്ത്രീ മഠം കണ്ടപ്പോൾ അവൾ ഒരു നിമിഷം അവിടെ നോക്കി നിന്നു .
എന്നിട്ട് പതിയെ മുന്നോട്ട് നീങ്ങി. അങ്ങനെ ഒന്നാം ക്ലാസിന്റെ മുറിയിലേക്ക് ക്ലാസ് ടീച്ചർ എല്ലാരേയും വിളിച്ചിരുത്തി. ക്ലാസ് മുഴുവൻ അവൾ ഒന്ന് നിരീക്ഷിച്ചു. പ്രത്യേകിച്ച് ആരും ആരോടും സംസാരിക്കുന്നില്ല.
അന്ന് ഉച്ച വരെ മാത്രം ക്ലാസ് ഉണ്ടായിരുന്നുള്ളൂ.
പിറ്റേ ദിവസം സേറ ക്ലാസിൽ എത്തിയപ്പോൾ ക്ലാസിലെ കുട്ടികൾ എല്ലാം കളിക്കുകയും രസിക്കുകയും ചെയ്യുന്നു. അവളോട് മാത്രം ആരും മിണ്ടുന്നില്ല. അവൾക്ക് സങ്കടമായി.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം ക്ലാസിലെ ഒരു കുട്ടി സേറയെ ആവശ്യമില്ലാതെ അടിച്ചു.
അവൾക്ക് വേദനിച്ചു.
അവൾ തിരികെ ഒരു കടി കൊടുത്തു.
കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. ക്ലാസ് ടീച്ചറോട് അവൾ പറഞ്ഞു
ടീച്ചർ ഈ സേറ എന്നെ കടിച്ചു.
സേറ പറഞ്ഞു എന്നെ അടിച്ചിട്ടാണ് ടീച്ചറെ ഞാൻ കടിച്ചത്.
ടീച്ചർ അവൾ പറഞ്ഞത് ചെവി കൊണ്ടില്ല
പിറ്റേ ദിവസം അസംബ്ലിയിൽ വച്ച്
കണ്ടാൽത്തന്നെ പേടിയാകുന്ന ആ ഹെഡ്മിസ്ട്രസ് സേറയെ വിളിച്ചു.
അത്രയും കുട്ടികളുടെ മുന്നിൽ വച്ച് അവർ അവളെ തല്ലി നോവിച്ചു.
ശേഷം അവൾ കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി. ആ കുഞ്ഞു മനസിലേക്കവർ ഭയത്തിന്റെ വല വീശി.
പിറ്റേ ദിവസം ക്ലാസിൽ ചെന്നപ്പോൾ കുട്ടികളെല്ലാം പലയിടത്തും നിന്ന് അവരുടെ കൈകൾ സ്വയം കടിച്ചു മുറിക്കുന്നത് കണ്ടു.
ഒരാൾ അടുത്തു വന്നു പറഞ്ഞു
നീ എന്റെ കൈ കടിച്ചു മുറിച്ചില്ലേ? ഞാൻ ടീച്ചറോട് പറയും ,
അപ്പോൾ സേറ പറഞ്ഞു ഞാൻ നിന്നെ ഒന്നും ചെയ്തിട്ടില്ലല്ലോ!
പതിവു പോലെ HM ക്ലാസിലെത്തി ചോദിച്ചു
ഇന്ന് സേറ ആരെയൊക്കെ കടിച്ചു.
സേറ ആ കാഴ്ച കണ്ട് അന്തം വിട്ടു പോയി.
ഒരു ക്ലാസിലെ കുട്ടികൾ മുഴുവൻ നിരന്ന് നിൽക്കുന്നു.
ഓരോരുത്തരുടേയും വീതമായി 2 അടികൾ വീതം അവളുടെ കുഞ്ഞു കൈകളിലും, കാലുകളിലുമായി അവർ പെയ്തെറിഞ്ഞു.
അവളെ തല്ലുമ്പോൾ അവരുടെ കണ്ണുകളിൽ സന്തോഷത്തിന്റെ അലകൾ വീശിയടുക്കുന്നത് അവൾ കണ്ടു.
അവളുടെ ദയനീയമായ നിലവിളി ആ ക്ലാസിന്റെ ഭിത്തികളിൽ നിറഞ്ഞു നിന്നു.
ചുറ്റിനും കാഴ്ചക്കാരായി അടുത്ത ക്ലാസ്സിലെ കുട്ടികളും ടീച്ചർമാരും എത്തി. അൽപം കാരുണ്യത്തിന് വേണ്ടി അവൾ ഏവരുടേയും മുഖത്തേക്ക് നോക്കി.
ആരും അവൾക്കു വേണ്ടി സംസാരിച്ചില്ല. ആരിൽ നിന്നും ഒരു കരുണയും ലഭിച്ചില്ല.
55 വയസ്സോളം പ്രായമുള്ള ആ കന്യാസ്ത്രീക്ക് കേവലം 5 വയസ്സ് മാത്രം പ്രായമുള്ള അവളോട് ഇത്രയും പക തോനാനുള്ള കാരണം എന്താണെന്ന് അറിയില്ല.
അവിടെ പഠിക്കുന്ന മറ്റു കുട്ടികളുടെ വീട്ടിലെപ്പോലെ തനിക്ക് സാമ്പത്തികം ഇല്ലാഞ്ഞി ട്ടാണെന്ന് പിന്നീട് അവൾക്ക് മനസിലായി.
ദൈവം ഇല്ല എന്ന് കുഞ്ഞു സേറ മനസ്സിൽ ഉറപ്പിച്ചു .
ശിക്ഷകൾ ദിവസം പ്രതി കൂടി വന്നു. ഒപ്പം അവൾക്ക് ആ സ്കൂളിൽ പഠിക്കുവാനുള്ള ഭയവും.
അവളുടെ അമ്മയോട്, നിങ്ങളുടെ മകൾക്ക് ഭ്രാന്താണ് എന്ന് പറഞ്ഞ് അപമാനിച്ച് വിട്ടു.
അങ്ങനെ ഒരു ദിവസം അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചി അവളുടെ രക്ഷക്കെത്തി.
അവൾ ആരെയും ഉപദ്രവിക്കുന്നില്ല.
ഈ കുട്ടികൾ സ്വയം മുറിവ് വരുത്തുന്നത് ഞാൻ കണ്ടതാണ് സിസ്റ്റർ എന്ന് പറഞ്ഞു.
അപ്പോൾ അവൾക്ക് തോന്നി ദൈവം ഉണ്ട് എന്ന്.
എങ്കിലും ആ കുട്ടികളുടെ വീട്ടിലെ പണക്കൊഴുപ്പ് മൂലം ആ കുട്ടികളെ ഒന്നും ആ സിസ്റ്റർ ഒരു ഉപദ്രവവും ചെയ്തില്ല.
വേദന കൊണ്ട് നീറിയത് സേറക്ക് മാത്രം.
അങ്ങനെ 4 വർഷങ്ങൾ കടന്നുപോയി.
കർത്തവിന്റെ മണവാട്ടിയെന്ന് വിളിക്കപ്പെട്ടിരുന്ന അവരുടെ ഹൃദയം മുഴുവൻ പിശാചിന്റെ ആ വാസ കേന്ദ്രമാണെന്ന് അവൾ മനസ്സിലാക്കി.
അവരുടെ അദ്ധ്യാപന ജീവിതം തീർന്ന അന്നത്തെ ദിവസം അവളുടെ മനസ്സിൽ സന്തോഷത്തിന്റെ ഘോഷയാത്രയായിരുന്നു.
അവർക്ക് പകരമായി വന്ന സിസ്റ്റർ ശരിക്കും ഒരു മാലാഖ ആയിരുന്നു.
വന്നപ്പോൾ തന്നെ അവർ സേറയുടെ അടുത്ത് നിന്ന് എന്തൊക്കെയോ ചോദിച്ചു.
കന്യാസ്ത്രീകളെ കാണുമ്പോൾ അവളെ ഉപദ്രവിക്കാൻ വരുന്നതാകും എന്ന പേടി കൊണ്ട് അവൾ ഒന്നും മിണ്ടാതെ നിന്നു .
മറ്റു കുട്ടികൾ പറഞ്ഞു അവൾ ആരോടും ഒന്നും സംസാരിക്കില്ല സിസ്റ്റർ .
സിസ്റ്റർ അവളുടെ മുഖത്ത് നോക്കി പറഞ്ഞു. കുട്ടി പേടിക്കണ്ട ഇരുന്നോളൂ.
അവർക്ക് സേറയോട് ഒരു വാത്സല്യം തോന്നി.
അവർ സേറക്ക് ഒരുപാട് സ്നേഹവും, സമ്മാനങ്ങളും നൽകി.
സേറയുടെ ഹൃദയത്തിൽ സന്തോഷത്തിന്റെ മാരി ആർത്തലച്ച് പെയ്തു .
എവിടെ ആയാലും അവർ സന്തോഷമായിത്തന്നെ ഇരിക്കട്ടെ എന്ന പ്രാർത്ഥനയോടെ,