രചന : എം പി ശ്രീകുമാർ✍
മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽ
മാണിക്യം പോലൊരു വിത്തുണ്ട് !
മാനമൊരുങ്ങി മഴ ചാറുമ്പോൾ
വിത്തിന്റെ യുള്ളിൽ തിരയിളക്കം !
പുറന്തോടു പൊട്ടി പുറത്തു വരും
വിസ്മയ മാസ്മര മുകുളങ്ങൾ !
മണ്ണറിഞ്ഞ് മരമറിഞ്ഞ്
മലരറിഞ്ഞ് മധുവറിഞ്ഞ്
വെയിലറിഞ്ഞ് കാറ്ററിഞ്ഞ്
മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്
ചെടിയായ് മരമായതു വളരും
ചേലോടെ പൂത്തുലഞ്ഞാടും പിന്നെ
പൂമണം നീളെ പരന്നൊഴുകും
പൂമഴത്തുള്ളികൾ പെയ്തിറങ്ങും !
നല്ല പൂക്കാലങ്ങൾ നാടിനേകി
നല്ല കിനാവു നമുക്ക് നൽകി
നൻമകൾ പാകി, പിന്നെയവകൾ
കാലഗതിയിൽ ലയിച്ചു ചേരും !