ശ്രീകുമാർ ഉണ്ണിത്താൻ✍

ന്യൂ യോർക്ക്: യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ചടുലവും സുന്ദരവുമായ നൃത്തച്ചുവടുകൾ കൊണ്ട് സാത്വിക ഡാൻസ് അക്കാഡമിയിലെ കുഞ്ഞു കുട്ടികൾ കാണികളെ മനം കുളിര്‍പ്പിച്ചു. ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ പൊൻതിളക്കം പകര്‍ന്നു നല്‍കി കലാകാരികൾ വിസ്മയം തീർത്തപ്പോൾ, അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

ഉടലിന്റെ കവിതയാണ് നൃത്തം. ചടുലമായ ചലനങ്ങളില്‍ മുദ്രകള്‍കൂടി കൊരുക്കുമ്പോള്‍ അഴകിന്റെ ആഴങ്ങളില്‍ ഭാവങ്ങള്‍ തെളിയിച്ചു. പ്രണയവും വിരഹവും വിഷാദവും വിദ്വേഷവും ക്രോധവുമൊക്കെ ഞൊടിയിടയില്‍ മിന്നിമറയുന്ന മുഖഭാവങ്ങള്‍ ഗഹനമായ ആശയങ്ങളെ ലളിതമായി ആവിഷ്‌കരിച്ച് കുഞ്ഞുങ്ങള്‍ നിറഞ്ഞാടിയ ആഘോഷരാവ്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന സാത്വിക ഡാൻസ് അക്കാഡമിയുടെ വാര്‍ഷികാഘോഷം ചരിത്രമായി മാറുകയായിരുന്നു.

നടനകലയെ ഉപാസിക്കുന്ന കൊച്ചു കലാകാരികളുടെ കാൽച്ചിലമ്പൊലി വേദിയിൽ ഉയർന്നപ്പോൾ സാത്വിക ഡാൻസ് അക്കാഡമിക്കും അതിന്‍റെ സാരഥി ഗുരു ശ്രീമതി ദേവിക നായർക്കും അഭിമാന നിമിഷങ്ങളായിരുന്നു.

ജൂൺ 17, ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് നിലവിളക്ക് കൊളുത്തി ആരംഭിച്ച്, 4 മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്റെ മഹത്തായ വിരുന്നാണ് നൽകിയത്. സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി ഗുരു ശ്രീമതി ദേവിക നായരുടെ സ്വാഗത പ്രസംഗത്തിന് ശേഷം ഗുരു ശ്രീമതി ചന്ദ്രിക കുറുപ്പ്, റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ, ശ്രീ K.R. കുറുപ്പ്, ഗുരു ശ്രീമതി ലക്ഷ്മി കുറുപ്പ്, ഗുരുസ്വാമി ശ്രീ പാര്‍ത്ഥസാരഥി പിള്ള, ശ്രീ ശ്രീകുമാർ ഉണ്ണിത്താൻ, ശ്രീ ഗണേഷ് നായർ, മിത്രാസ് ശ്രീ രാജൻ ചീരൻ, മിത്രാസ് ശ്രീ ഷിറാസ് യൂസഫ്, ശ്രീ വിനേഷ് നായർ എന്നിവർ നിലവിളക്ക് തെളിയിച്ചതിന് ശേഷമാണ് കുട്ടികളുടെ നൃത്തച്ചുവടുകൾ ആരംഭിച്ചത്. ഗണപതി സ്തുതിയോടു കൂടിയായിരുന്നു തുടക്കം.

ശരീര ഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും കാണികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിക്കുന്ന ക്ലാസിക്കൽ നൃത്ത രൂപങ്ങൾ ആണ് കുട്ടികൾ കാഴ്ചവെച്ചത്. ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന നൃത്തങ്ങളാണ് ഓരോ കുട്ടികളും അവതരിപ്പിച്ചത്. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ ഈ കുഞ്ഞു കലാകാരികൾക്ക് കഴിഞ്ഞു.

സാത്വിക ഡാൻസ് അക്കാഡമി 2016 മുതൽ ന്യൂ യോർക്കിലെയും ന്യൂ ജേഴ്സിയിലെയും കുട്ടികൾക്ക് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് പകർന്നു നൽകിക്കൊണ്ടിരിക്കുന്നു. ഏത് പ്രായത്തിലുള്ള കുട്ടികൾക്കും തന്റേതായ അഭിനയ മികവോട് മുദ്രകൾ പറഞ്ഞുകൊടുക്കാനും ചിട്ടയായ പരിശ്രമം അവരെ മികവുറ്റ കലാകാരികൾ ആക്കാനും ഗുരു ശ്രീമതി ദേവിക നായരുടെ പ്രവർത്തനം പ്രശംസനീയമാണ്. സമ്പന്നമായ സാംസ്കാരിക പൈതൃകമായ ക്ലാസിക്കൽ ഡാൻസ് അമേരിക്കയിലും വേരറ്റിട്ടില്ലെന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങൾ ആണ് ഈ കുട്ടികൾക്ക് ഇത്ര മികച്ച രീതിയിൽ നിറഞ്ഞാടുവാൻ കഴിഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് തന്റെ വരദാനമായ നൃത്തകലയുടെ അറിവുകൾ ഈ കുരുന്നുകൾക്ക് പകർന്നു നൽകി അവരെ പ്രാപ്തരാക്കിയ ഗുരു ശ്രീമതി ദേവിക നായരെ ഏവരും അഭിനന്ദിച്ചു.

ഈ പ്രോഗ്രാമിന് ലൈറ്റ് ആൻഡ് സൗണ്ട് നൽകിയത് ഫെനു മോഹൻ , വീഡിയോ ഗ്രാഫി സോജി മീഡിയ , ഫോട്ടോ ഗ്രാഫി ബിനു സാമുവേൽ . ഭക്ഷണം ക്രമീകരിച്ചത് നമസ്തേ ന്യൂ യോർക്ക് ഇന്ത്യൻ റെസ്റ്ററെന്റും ആണ്.

ഗുരു ശ്രീമതി ദേവിക നായർ എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയാണ്. ഗുരു ശ്രീമതി കലാമണ്ഡലം സുമതി ടീച്ചറുടെ കീഴിൽ ഇരുപത്തഞ്ചോളം വർഷം നൃത്തം അഭ്യസിച്ചു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം, തിരുവാതിര കളി, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ് എന്നീ നൃത്തകലകളിൽ പ്രാവിണ്യം നേടിയ കലാകാരിയാണ്. ന്യൂ ജേഴ്സിയിൽ ഭർത്താവ് ശ്രീ വിനേഷ് നായർ, രണ്ട് കുട്ടികളും ഒത്താണ് താമസം.

സാത്വിക ഡാൻസ് അക്കാഡമി ഇപ്പോൾ ന്യൂ യോർക്കിലെ ഈസ്റ്റ്ചെസ്റ്റർ, ന്യൂ ജേഴ്സിയിലെ പരാമസ്, ലിവിങ്സ്റ്റൺ എന്നിവടങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു.

By ivayana