രചന : രജീഷ് കൈവേലി✍

തീരങ്ങളിൽ എത്തിയാൽ
കടലിന്റെ നീലിമയിൽ
ഞാനെന്നും കണ്ണ് നട്ടിരിയ്ക്കാറുണ്ട്…
അഗാധമായ അനന്തതയിൽ
തിരകളോടൊപ്പം
സഞ്ചരിക്കാൻ എന്ത്
സുഖമാണെന്നോ…
പ്രണയം പോലെ സുന്ദരമാണ് കടൽ…
ഇന്ന് പക്ഷെ
കരയിൽ നമ്മൾ
മറ്റൊരു കടലായ്…
തിരകൾ തീർത്തപ്പോൾ
മുന്നിലെ കടൽ ഞാൻ
കണ്ടതേയില്ല….
നിന്റെ കണ്ണിലെ
നീല കടലായിരുന്നു
എന്റെ കാഴ്ച്ചയിൽ മുഴുവൻ…
നിന്റെ ചുണ്ടിലെ മന്ദസ്മിതങ്ങളിൽ
ഭൂമിയിലെ
മുഴുവൻ ചരാചരങ്ങളും
എന്റെ കാഴചയിൽ
നിറഞ്ഞൊഴുകി..
നിന്നിൽ പൂത്തുലഞ്ഞ
വസന്തം ചൊരിയുന്ന
മധുര ഗന്ധം എന്നെ
ഉന്മത്തനാക്കുന്നുണ്ടായിരുന്നു.
നമ്മെ തലോടി
കടന്നു പോയതിരൾക്ക്
ഈ ഭൂഖണ്ഡത്തിലെ
മുഴുവൻ പ്രണയവും,
ഒഴുക്കിയമിഴിനീർ തുടയ്ക്കാനുള്ള
കരുത്തുണ്ടായിരുന്നു..
ഒരേ കടലായ്
ഒഴുകി നമ്മൾ
കാതങ്ങൾക്കപ്പുറം
തിരകളായ് വിലയം കൊണ്ടപ്പോൾ..
നൂറ്റാണ്ടുകൾക്കപ്പുറം
നിന്ന് ദേശാടനം ചെയ്തു
വന്ന കാറ്റിനു പോലും
പ്രണയത്തിന്റെ
സുഗന്ധമായിരുന്നു…
ആയിരം ഗ്രീഷ്മങ്ങൾ
പൊള്ളിച്ച
മണൽതിട്ടകളെ
കുളിരണിയിച്ചത്
നമ്മിലെ
തിരകളായിരുന്നോ…
വേലിയേറ്റങ്ങളിൽ നിറഞ്ഞും
ഇറക്കങ്ങളിൽ ഉൾവലിഞ്ഞും
ഒരൊറ്റ കടൽ കനവായി
നമ്മളന്യോന്യം
ചേർന്ന് നിൽക്കും

By ivayana