രചന : ജനാർദ്ദനൻ കേളത്ത്✍

ആദ്യന്തം നൊന്തു പ്രസവിച്ച മരണം
ദുഃഖത്തിൻ്റെ ഈർപ്പം പെടാത്ത
അപ്പൂപ്പൻ താടി പോലെ,
കാറ്റിൽ സ്വതന്ത്രം
പാറിപ്പറന്നു!
മറുജന്മത്തിൻ്റെ മാസ്മരികത
നോവിൻ്റെ നൂൽപാലങ്ങളിൽ
മതവിഭ്രാന്തികളുടെ
നീർപോളകളായ
ജീവൽസ്മൃതികൾ!
വാക്കിൻ്റെ വെളിപാട്കളിൽ
അന്ധമായ പ്രകമ്പനങ്ങൾ
സൃഷ്ടിച്ച സന്ദിഗ്ദ്ധ –
വൈകൃതങ്ങളുടെ
വൈതരണികൾ!
അറവിൻ്റെ ചോരക്കറ വറ്റിയ
അലിവിൻ്റെ നിർഝരികളിൽ
ഗുരുത്വാകർഷണാതീതമായ
മരണത്തിൻ്റെ പേറ്റുനോവെത്ര
ശാന്തം!

(ജനാർദ്ദനൻ കേളത്ത് )

By ivayana