രചന : ഷബ്‌ന ഷംസു ✍
കൽപ്പറ്റ ടൗണിൽ നിന്നും വീട്ടിലേക്ക് രണ്ടര കിലോ മീറ്ററോളം നടക്കണം, ഇല്ലേൽ ഓട്ടോ വിളിക്കണം. ഒരുപാട് വീടുകളോ ആളുകളോ ബഹളങ്ങളോ ഒന്നും ഇല്ലാത്ത വിജനമായ സ്ഥലമാണ്.
പോവുന്ന വഴിക്കൊരു പുഴയുണ്ട്.
ആ ഭാഗം ഒക്കെ എത്തുമ്പോ ഒന്ന് അലറി വിളിച്ചാൽ പോലും ആരും കേൾക്കില്ല.
ഇപ്പോ എല്ലായിടത്തും കേൾക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് തെരുവ് നായ ശല്യം..
റോഡിലൂടെ ഒറ്റക്ക് നടന്ന് പോവാനും വീടിന് തൊട്ട് താഴെയുള്ള മദ്‌റസയിലേക്കോ കടയിലേക്കോ മക്കളെ ഒറ്റക്ക് പറഞ്ഞയക്കാനും സത്യത്തിൽ പേടിയാണ്..
കൂട്ടമായി റോഡിലൂടെ അലഞ്ഞ് നടക്കുന്ന ഈ നായ കൂട്ടങ്ങൾക്കിടയിലേക്ക് എങ്ങനെ മക്കളെ ഇറക്കി വിടും.
ഇന്നലെ കണ്ട ഒറ്റ വീഡിയോ മതി, എന്റെ മക്കൾ സ്വന്തം വീട്ട് മുറ്റത്ത് വരെ ഇറങ്ങേണ്ട എന്നും പറഞ്ഞ് നെഞ്ചോട് ചേർത്ത് പിടിക്കാൻ,
ഉള്ള് പിടയില്ലേ അവർക്ക് എങ്ങാനും ഒരു ആപത്ത് വന്നാൽ..
പണ്ടൊക്കെ അതിരാവിലെ ഞങ്ങള് മദ്റസയിൽ പോയിരുന്ന കാലം.
വഴിയില് ആരേലും വളർത്തുന്ന നായകളെ മാത്രമേ കാണാറുള്ളൂ.
എന്നെയോ എന്റെ കൂടെ പഠിച്ചവരെയോ ഞങ്ങളുടെ നാട്ടുകാരെയോ ഏതെങ്കിലും ഒരു നായ ആക്രമിച്ച കഥ പോലും അന്ന് കേട്ടിട്ടില്ല.
മദ്റസ വിട്ട് മൂന്ന് കിലോമീറ്റർ നടന്നാണ് സ്കൂളിൽ പോവാറ്,
ഒറ്റക്ക് നടക്കേണ്ടി വന്നാലും പേടി തോന്നിയിട്ടില്ല..
‘ഒറ്റക്ക് പോണ്ട… നായ ണ്ടാവും വഴിയിലെ’ ന്ന് ഉമ്മ ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
വിരുന്നുകാരൊക്കെ വരുമ്പോ വയൽ വരമ്പും ചിറയും തോടും ചാടിക്കടന്ന് എത്രവട്ടം അടുത്ത കടയിൽ നിന്നും പഴവും കോഴിമുട്ടയും വാങ്ങി തിരിച്ച് ഓടിയിട്ടുണ്ട്,
വയലിന്റെ ഒത്ത നടുക്കുള്ള മരക്കുറ്റിയിലെ കേണിയിൽ എത്രവട്ടം ഒറ്റക്കും കൂട്ടമായും കുളിക്കാൻ പോയിട്ടുണ്ട്..
കൊയ്ത്തൊഴിഞ്ഞ പാടത്ത് നേരം ഇരുട്ടോളം ഉണങ്ങിയ മട്ടലും കൊണ്ട് എത്രവട്ടം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്…
ചേനക്കാടുകൾക്കിടയിൽ ഒളിച്ചിരുന്നു എത്ര വട്ടം സാറ്റ് കളിച്ചിട്ടുണ്ട്..
ഓണക്കാലത്ത് കുഞ്ഞമ്മ ചേച്ചിക്ക് പൂക്കളമിടാൻ അരിപ്പൂവ് തേടി ഏതൊക്കെ പൊന്തക്കാട്ടിൽ വലിഞ്ഞ് കയറിയിട്ടുണ്ട്..
ഒരു തെരുവ് നായയും അന്ന് ഞങ്ങളെ ആക്രമിച്ചിട്ടില്ല,
കടിക്കാൻ ഓടിച്ചിട്ടില്ല,
ആന്റി റാബീസ് വാക്‌സിൻ കുത്തി വെക്കേണ്ടി വന്നിട്ടില്ല..
ഇന്ന്,
പുറത്തേക്കിറങ്ങുമ്പോ പേടിയാണ്,
സ്‌കൂട്ടറിൽ ഇക്കാക്ക് ഒപ്പം പോവുമ്പോ കുരച്ചു ചാടുന്ന നായകൾ ഇടക്ക് പേടി സ്വപ്നമാണ്,
സ്‌കൂൾ വിട്ട് നടന്ന് വരുന്ന മക്കൾ വീട്ടിൽ എത്തുവോളം ആധിയാണ്..
എവിടെയാണ് നമുക്ക് പിഴച്ചത്,
എങ്ങനെയാണ് ഇത്രേയും തെരുവ് നായകൾ നമുക്ക് ചുറ്റും ഉണ്ടായത്,
എന്താണ് അവയെ അക്രമസാക്തമാക്കുന്നത്..
വന്ധ്യംകരണം അഥവാ ആനിമൽ ബർത്ത് കണ്ട്രോൾ പ്രോഗ്രാം ഉദ്ദേശിച്ച രീതിയിൽ നടപ്പിലാക്കാൻ പറ്റാതെ പോയത് എന്ത് കൊണ്ടാവും..
സമ്പൂർണ്ണ വാക്സിനേഷൻ പദ്ധതി എന്ത് കൊണ്ടാണ് വിചാരിച്ച രീതിയിൽ വിജയിക്കാതെ പോയത്..
അപകടകാരികളും അക്രമാസക്‌തരുമായ തെരുവ് നായകളെ എങ്കിലും ഉന്മൂലനം ചെയ്യേണ്ടത് ഇല്ലേ,
പ്രകൃതി സ്നേഹവും മൃഗ സ്നേഹവും എല്ലാം മനുഷ്യന്റെ നില നിൽപ്പിന് തന്നെ ഭീഷണിയാകുന്നുണ്ടോ..
താത്കാലികമായി എങ്കിലും ഷെൽറ്ററുകൾ ഉണ്ടാക്കിയിട്ട്, നായ പ്രേമികൾക്ക് ദത്തെടുക്കാനുള്ള അവസരം ഉണ്ടാക്കിക്കൂടെ, അത് വഴി തെരുവിലാക്കപ്പെടുന്ന നായകളുടെ എണ്ണം കുറച്ചൂടെ..
ആടും പോത്തും കോഴിയും പോലെ ഒരു ജീവി തന്നെയാണ് നായയും. അവയെ ഭക്ഷണമാക്കുന്ന മനുഷ്യർ ഈ ഇന്ത്യാ രാജ്യത്ത് തന്നെയുണ്ട്. ഇത്തരം ഷെൽറ്ററുകളിൽ നിന്ന് അത്തരം നാടുകളിലേക്ക് അവയെ കയറ്റുമതി ചെയ്ത് കൂടെ..
വളർത്തു നായകളെ തെരുവിലേക്ക് വലിച്ചെറിഞ്ഞ് അനാഥമാക്കുന്ന ഒരു ന്യൂനപക്ഷം ‘നായ പ്രേമികൾ’ എങ്കിലും ഉണ്ട്, അതിന് തടയിടാൻ വളർത്ത് നായകൾക്ക് കൃത്യമായ ലൈസൻസിംഗ് സമ്പ്രദായം നടപ്പിലാക്കണം. തെരുവ് മനുഷ്യരോട് നമ്മൾ കാണിക്കുന്ന അലിവും സ്നേഹവും തെരുവ് നായകൾക്കും നൽകണം. പടിപടിയായി എണ്ണം കുറച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കണം.
തെരുവ് നായകൾ ഇല്ലാത്ത ഒരു കേരളത്തിന് വേണ്ടി ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്.
ഇനിയൊരു മനുഷ്യ ജീവനും തെരുവ് നായ കാരണം നഷ്ടമാകരുത്,
ഇനിയൊരു കുഞ്ഞും നമ്മുടെ മനസ്സിൽ നോവായി മാറരുത്..