രചന : രാജീവ് ചേമഞ്ചേരി✍
കനലെരിയുന്നു പുകയുന്നു അടുപ്പിൽ –
കാറ്റൂതിയപ്പോളാളിപ്പടർന്നൂ തീ….
കലത്തിലെ തണുത്ത വെള്ളമങ്ങനെ…..
കലുഷമായ് തിളച്ചു മറിയുകയായ് !
കടലാസുകഷണങ്ങൾ ചുരുട്ടി തള്ളി-
കരുത്ത് പകർന്നു അടുപ്പിലെ നെരിപ്പിന്..
കണ്ടത്തിലനാഥരായ് കിടന്നയരിപ്പാലയും..
കാലപ്രമാണത്തിൻ ആചാരമായ് ചൂട്ടുമായി!
കോലവും കാവലും കളകളായ് മാറ്റുന്ന-
കുരുതിക്കളത്തിലെ വീറും വാശിയും……?
കുലങ്ങൾ തകർന്നടിവേരടരുന്നു മുന്നിൽ-
കുറ്റവും ശിക്ഷയും ഇരുട്ടിൽ തപ്പുന്നു!
കുറുക്കൻ്റെ കൗശലബുദ്ധിയുള്ളോർ-
കൊളുത്തിയൊരുക്കും അഗ്നിശരം!
കഷ്ടനഷ്ടങ്ങളാളപായം തീർക്കുന്നു-
കണ്ണീർ കണികയിൽ ചോരമണം മാത്രം!
കണക്കുകൾ കൂട്ടിക്കിഴിച്ചിട്ടു ഭൂവിൽ-
കണക്ക് പിഴയ്ക്കുന്ന ആചാര്യസൂക്തങ്ങൾ!
കാലും മനസ്സും പിടയ്ക്കുന്ന നാഴിക-
കോമരം തുള്ളുന്ന അനുഷ്ഠാനസാരഥ്യം!