രചന : സുരേഷ് പൊൻകുന്നം✍
പാൽക്കാരിയുടെ കണക്ക്
കിറുകൃത്യമാണ്
വന്നത് അഞ്ഞൂറ് പാല്
വിറ്റതും അഞ്ഞൂറ്
പാലൊന്നിന് മുപ്പത്
അപ്പോ അഞ്ഞൂറ് ഇന്റുx മുപ്പത്
പതിനയ്യായിരം
കണക്ക് ശരിയാണ്
കാശ് ശരിയല്ല
പാൽക്കാരി പിന്നെയും ചിന്തിച്ച്
ചിന്തിച്ച് കൊണ്ടേയിരുന്നു
കൃഷ്ണാ…
ഇത് എഴുതുന്ന ആൾക്കൊന്ന്
ഇടപെടാമല്ലോ..
(കവി(പി)
ഒരു പ്രത്യേക പ്രസ്താവന
ബ്രാ. ലുള്ള അക്ഷരം
എന്നെ അപഹസിക്കുന്നവരെ
സന്തോഷിപ്പാൻ ഉള്ളതാണ്.
വീണ്ടുമൊരു അഭ്യർത്ഥന
ബ്രാ. ലുള്ള അക്ഷരം
ബ്രായ്ക്കറ്റിൽ ഉള്ള അക്ഷരം
എന്ന് വായിക്കുക)
മുകളിൽ പറഞ്ഞിരിക്കുന്ന
ബ്രാക്കറ്റിൽ ( )ലുള്ള സാധനം
കവിതയുടെ ഭാഗമല്ല.
ഇത് വേറെ പ്രസ്താവിച്ചതായി
കണക്കാക്കുക..
കവിത തുടരുന്നു…
പാൽക്കാരി പിന്നെയും ചിന്തിച്ച്
ചിന്തിച്ച് കൊണ്ടേയിരുന്നു
കൃഷ്ണാ…
ഇടയ്ക്കിടയ്ക്കിടക്കിവൾ
ഗുരുവായരപ്പാ
എന്നും വിളിക്കുന്നുണ്ട്,
(കവി വീണ്ടും തല നീട്ടുന്നു
ഗുരുവിന് വായുള്ള അപ്പനാണോ
ഗുരു വായിൽ ഉള്ള അപ്പനാണോ
അതോ ഗുരു തമം ആണോ
അത് പോട്ട്
ഇതും കവിതയിൽ ഉള്ളതല്ല.)
പാൽക്കാരി പിന്നെയും ചിന്തിച്ച്
ചിന്തിച്ച് കൊണ്ടേയിരുന്നു
കൃഷ്ണാ…
കണക്കൊരു കൊണപ്പാണ്
കണപ്പാണ്
ക്ണാപ്പാണ്
വന്നത് അഞ്ഞൂറ് പാല്
വിറ്റതും അഞ്ഞൂറ്
പാലൊന്നിന് മുപ്പത്
അപ്പോ അഞ്ഞൂറ് ഇന്റുx മുപ്പത്
പതിനയ്യായിരം
കണക്ക് ശരിയാണ്
കാശ് ശരിയല്ല
ദാ പാൽക്കാരിയുടെ
മൊബൈലിലെ ബാറ്ററി ശൂ
കാക്കുലേറ്റർ ശൂ
പാൽക്കാരി ഒരു കുലസ്ത്രീ ആകുന്നു
വാക്കുകൾ കൂടുതൽ
ഭക്തിമായം* ആകുന്നു
ന്റെ ഗോപാലകാ
ന്നെ ന്തിനാ പരൂക്ഷിക്കുന്നത്
ഗോപാലകനും സംശയം
അങ്ങോർക്ക്
പതിനാറായിരത്തിയൊൻപത്
പശുക്കൾ ഉണ്ടായിരുന്നത്
ഇപ്പോൾ പതിനാറായിരത്തിപ്പത്ത്
ആയിരിക്കുന്നു
ഗോപാലകനും രോമാഞ്ചം
ഇവിടെ കണക്കു തെറ്റിയതിൽ
ഗോപാലകന് സംശയം ഒന്നുമില്ല
സന്തോഷം മാത്രം
ഈ പശുക്കൾ ഇങ്ങനെയാണ്
ചുമ്മാ നക്കിക്കൊണ്ടിരിക്കും
ഒരു മന്ത്രം കേൾക്കുന്നു.
സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേണ മാർഗേണ മഹിം മഹീശാ
ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം
ലോകാ സമസ്താ സുഖിനോ ഭവന്തു.”
കവിതയുമായി ബന്ധമില്ലാത്തഒരു പിൻകുറിപ്പ്.
സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ എന്നാണല്ലോ അവസാനത്തെ വരിയുടെ അർത്ഥം. മറ്റു വരികളുടെ അർത്ഥമിതാണ്.’ സ്വസ്തി’ എന്നത് പൂജകഴിഞ്ഞ് ബ്രാഹ്മണർ അനുഗ്രഹ രൂപത്തിൽ പറയുന്ന പദമാണ്. ന്യായമായ മാർഗ്ഗത്തിലൂടെ രാജാവ് പ്രജകളെ ഭരിക്കട്ടെയെന്നാണ് അടുത്ത വരിയിൽ പറഞ്ഞിരിക്കുന്നത്.ഇവിടെ ന്യായമായ മാർഗ്ഗമെന്നു പറഞ്ഞിരിക്കുന്നത് വിശദീകരിക്കേണ്ടതുണ്ട്. ചാതുർവർണ്ണ്യ വ്യവസ്ഥയിൽ ജനങ്ങളെ ഭരിക്കുന്നത് ക്ഷത്രിയനാണല്ലോ. ക്ഷത്രിയൻ എങ്ങിനെ ഭരിക്കണമെന്ന് മനു വ്യക്തമാക്കുന്നുണ്ട്.
” ബ്രാഹ്മണാൻ പയ്യുപാസീത
പ്രാതരുത്ഥായ പാർത്ഥീവ
ത്രൈ വിദ്യാവിദ്ധാൻ വിദുഷ
സ്തിഷ്ഠേത്തേ ഷാഞ്ച ശാസനേ”
രാജാവ് എന്നും രാവിലെ ഉണർന്ന് മൂന്നു വേദങ്ങളും നീതിശാസ്ത്രങ്ങളും പഠിച്ച ബ്രാഹ്മണരെ വന്ദിച്ച് അവർ പറയുന്നതുപോലെ ഭരണം നടത്തണം. ബ്രാഹ്മണന്റെ ശാസനയനുസരിച്ചു മാത്രമേ ഭരിക്കാവൂ എന്നതാണ് ന്യായമായ മാർഗ്ഗം. അങ്ങനെ ആയാൽ അടുത്ത വരിയിലെ ‘ഗോ ബ്രാഹ്മണേഭ്യ: ശുഭമസ്തു നിത്യം’ സാദ്ധ്യമാകും. അതായത് പശുവിനും ബ്രാഹ്മണനും എന്നെന്നും സുഖംഭവിക്കട്ടെയെന്നു സാരം.
മാംസാഹാരം ഉപേക്ഷിച്ചിട്ടുള്ള ബ്രാഹ്മണനെ നിലനിർത്തുന്നത് പാലും, തൈരും, വെണ്ണയും, നെയ്യും മറ്റുമാണല്ലോ. ആ നിലയ്ക്ക് ബ്രാഹ്മണന്റെ പ്രാധാന്യം ഒരു മൃഗമായ പശുവിനും ഉണ്ടായിരിക്കണമല്ലോ. ഇങ്ങനെ ബ്രാഹ്മണനും പശുവിനും നിത്യസുഖം വന്നാൽ ലോകത്തിനു മുഴുവൻ സുഖം വന്നു എന്നു കരുതിക്കൊള്ളണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ചൂഷണത്തിനു വിധേയമാക്കുന്ന ചാതുർവർണ്ണ്യ വ്യവസ്ഥ നിലനിർത്തിക്കൊണ്ട് സമസ്തലോകത്തിനും സുഖംഭവിക്കട്ടെ എന്നു പറയുമ്പോൾ ബ്രാഹ്മണന്റെ സുഖമാണ് ലോകത്തിന്റെ സുഖം എന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
ഒരു പ്രാകൃത ജനവിഭാഗത്തിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ പാരമ്പര്യത്തിന് മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും പിൻബലത്താൽ കിട്ടിയ ഔന്നത്യമാണ് ആർഷ സംസ്ക്കാരമെന്ന് പെരുമ്പറയടിച്ച് വാഴ്ത്തി വരുന്നത്.ഇതിന്റെ അടിത്തറയായി വർത്തിച്ചിരുന്നത് ഭൂരിപക്ഷം വരുന്ന ജനതയെ എല്ലാവിധ ചൂഷണത്തിനും വിധേയമാക്കുന്ന ഒരു അടിമത്ത സാമൂഹ്യ വ്യവസ്ഥിതിയായിരുന്നു എന്നു കാണാൻ പ്രയാസമില്ല. ആർഷ സംസ്ക്കാരത്തിന്റെ അന്തസത്ത വെറും ആത്മീയത മാത്രമായിരുന്നില്ല; മറിച്ച് ഭൗതിക ചിന്തയുടെ വളർച്ചയും അതിന്റെ വികാസപരിണാമത്തിൽ കാണാൻ കഴിയും. വൈദിക സംസ്കാരത്തിന്റെ പ്രാമാണ്യത്തെ അംഗീകരിക്കാത്ത തത്വശാസ്ത്രവും അന്ന് രൂപം കൊണ്ടിരുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. പരസ്പര വിരുദ്ധങ്ങളായ ദർശനങ്ങളുടെ അനിതരസാധാരണമായ ഒരു സമ്മേളനമാണ് ആർഷ സംസ്ക്കാരത്തിലുള്ളത്. അവയിൽ നിന്നും മാനവ സംസ്കാരത്തെ പരിപോഷിക്കാനുതകുന്ന മൂല്യങ്ങൾ അടർത്തിയെടുത്തിട്ട് കാടും പടലവും വലിച്ചെറിയുകയാണ് ആധുനിക മനുഷ്യന്റെ കടമ. പൗരാണികമായതെന്തും ഋഷി പ്രോക്തമെന്നു കരുതി അഭിമാനം കൊള്ളുന്നത് കാപട്യമാണ്.!!
*ഇത് മനഃപൂർവമായ തെറ്റാണ്