രചന : സതി സുധാകരൻ പൊന്നുരുന്നി.✍
അച്ഛനുമമ്മയും ആരെന്നറിയാതെ
തെരുവിൻ്റെ മകനായ് വളർന്നു ഞാനും
അന്തിമയങ്ങുമ്പോൾ തലയൊന്നു
ചായ്ക്കാൻ കടത്തിണ്ണ തേടി നടന്നു
കത്തുന്ന വയറിലേക്കിത്തിരി ഭക്ഷണം
ആരു തരുമെന്നോർത്തു നടന്ന നേരം
ദാനമായ് നീട്ടുന്ന ഒരു പൊതിച്ചോറിൻ്റെ
നിരയിലായ് കുട്ടുകാർ ഓടിയെത്തി.
കിട്ടിയ പങ്കിൽ നിന്നൊരു പിടിച്ചോറ്
കൂട്ടുകാർ വീതിച്ചെനിക്കു നല്കി.
ആർത്തിയോടെ വാരിക്കഴിച്ചു ഞാൻ
ആളുന്നവയറിന്നൊരാശ്വാസമായ്.
പശിയടങ്ങാതെ പൈപ്പിലെ വെള്ളവും
ആവോളം മോന്തി വയർ നിറച്ചു.
വിശപ്പൊന്നടങ്ങിക്കഴിഞ്ഞപ്പോൾ
ഞാനെൻ്റെ മാതാപിതാക്കളെയോർത്തുപോയി.
എന്നെ തലോടുവാൻ എൻ്റച്ഛനുണ്ടായിരുന്നെങ്കിൽ,
വെറുതെ മോഹിച്ചു ഞാൻ നടന്നു.
കയറിക്കിടക്കുവാൻ ചെറുകുടിലുണ്ടെങ്കിൽ
പേടിയില്ലാതെ കിടന്നുറങ്ങാം.
അച്ഛനുമമ്മയും ഒത്തുള്ള ജീവിതം.
സ്വപ്നമായ് തീർന്നല്ലൊ ജീവിതത്തിൽ.