രചന : മൻസുർ നൈന✍
കടന്നു പോയ വഴികളിലൂടെയുള്ള അനുഭവങ്ങളും ഓർമ്മകളും പങ്കു വെക്കുകയാണ് മഹാപണ്ഡിതനായ ഉമർ മൗലവിയുടെ ‘ഓർമ്മകൾ തീരത്ത് ‘ എന്ന ഗ്രന്ഥം . പൊന്നാനിയിലെ വെളിയങ്കോടാണ് ജന്മദേശമെങ്കിലും സ്ഥിരതാമസം മലപ്പുറം ജില്ലയിലെ തിരൂർക്കാടായിരുന്നു . ഏറെ കാലം കൊച്ചിയിൽ , മട്ടാഞ്ചേരിയിൽ സേവനമനുഷ്ട്ടിച്ചിട്ടുണ്ട് അത് കൊണ്ടു തന്നെ കെ. ഉമർ മൗലവി എന്ന മഹാപണ്ഡിതന് കൊച്ചിയും കൊച്ചീക്കാരും എന്നും പ്രിയപ്പെട്ടതായിരുന്നു .
കൊച്ചിയുടെ പ്രിയ എഴുത്തുകാരൻ
എ.എ. ഹമീദ് സാഹിബിന്റെ തൂലികയിലൂടെ ഉമർ മൗലവിയുടെ അറിവുകളിൽ നിന്നും ഓർമ്മകളിൽ നിന്നും മനോഹരമായ പല ചിത്രങ്ങളും നൽകുന്നുണ്ട് . അതിലൊന്നാണ് ദശകങ്ങൾക്ക് മുൻപുള്ള കൊച്ചിയുടെ പോയ കാലത്തെ പ്രതാപ ഐഷ്വര്യങ്ങളെ കുറിച്ചുള്ള ഈയൊരു ചെറു ചിത്രം ……
“മട്ടാഞ്ചേരി ബസാർ വളരേ പ്രസിദ്ധമാണ്. കൊച്ചി കായലിന്റെ തീരത്ത് തെക്ക് വടക്ക് നീണ്ടു കിടക്കുന്ന റോഡ് . ഫോർട്ടുക്കൊച്ചി ഉൾക്കൊള്ളുന്ന വടക്ക് അന്നത്തെ മദിരാശി സംസ്ഥാനമായി. ഫോർട്ടുക്കൊച്ചിയെയും – മട്ടാഞ്ചേരിയെയും തിരിക്കുന്ന അതിർത്തി കൽവത്തി പാലമായിരുന്നു .
കൽവത്തി പാലത്തിന്റെ താഴെ നിന്നു തെക്കോട്ട് മട്ടാഞ്ചേരി ബസാർ തുടങ്ങുന്നു . പിന്നെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ , ആശുപത്രി , ബോട്ടു ജെട്ടി എന്നീ പ്രമുഖ സ്ഥാപനങ്ങളു കടന്നു പ്രസിദ്ധമായ ജൂതത്തെരുവുവരെ ബസാർ നീണ്ടു കിടക്കുന്നു . കിഴക്കും പടിഞ്ഞാറും പാണ്ടികശാലകൾ കൊണ്ടു നിബിഢമാണ് . കിഴക്ക് കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന വിശാലമായ കായൽ തീരം . അന്ന് ഇടക്കൊച്ചി പാലം ഇല്ല.
കൊല്ലം ജില്ലയിലെ നീണ്ടകര പാലവും അന്നില്ല .
(കൊച്ചിയെ ആലപ്പുഴ ജില്ലയുമായി ബന്ധിപ്പിക്കുന്ന ഇടക്കൊച്ചി പാലം യാഥാർത്ഥ്യമായത് 1960 ലാണ് . പാലത്തിന്റെ രണ്ടറ്റത്തും രണ്ടു ജില്ലകളാണ് എന്നതാണ് ഈ പാലത്തിന്റെ പ്രത്യേകത. നീണ്ടകര പാലം 1930 ൽ വന്നുവെങ്കിലും 1972 -ൽ സമാന്തരമായി മറ്റൊരു പാലം നിർമ്മിക്കുകയായിരുന്നു . ഈ കാര്യം സാന്ദർഭികമായി പറഞ്ഞു എന്നു മാത്രം )
കൊച്ചിയിൽ നിന്നു തെക്കോട്ടുള്ള യാത്ര ബോട്ടിലാണ് . ആലപ്പുഴ , കായങ്കുളം , കൊല്ലം വരെ ബോട്ടു യാത്ര തന്നെ. രാത്രി പത്ത് മണിയോടെ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ബോട്ട് പിറ്റേന്ന് പുലർച്ചെ ആലപ്പുഴയിലെത്തും . ബോട്ട് സർവ്വീസ് വരുന്നതിനു മുൻപ് കടത്ത് വള്ളങ്ങളായിരുന്നു ആശ്രയം . നിത്യവും നൂറുകണക്കിന് വള്ളങ്ങൾ കൊച്ചിയിൽ നിന്നും അരി , പലചരക്ക് സാധനങ്ങളുമായി വേമ്പനാട്ട് കായൽ വഴി നീങ്ങുന്ന കാഴ്ച്ച മനോഹരമായിരുന്നു .
കൊച്ചി കായലിൽ നങ്കൂരമിട്ടു കിടക്കുന്ന കപ്പലുകൾ , അതിൽ നിന്നും ചരക്കുകൾ ഇറക്കാൻ കപ്പലിന്റെ ഇരുവശത്തും നിരനിരയായി ബന്ധിച്ചു കിടക്കുന്ന തോണികൾ, ജോലിക്കാർക്ക് കരയിലേക്കും തിരിച്ചു കപ്പലിലേക്കും യാത്ര ചെയ്യാനുള്ള അനേകം ചെറുവഞ്ചികൾ, ബസാറിലെ ഗോഡൗണുകളിൽ നിന്നും ചരക്കുകൾക്കായി കാത്തു കിടക്കുന്ന നൂറുകണക്കിന് വള്ളങ്ങൾ , ഓരോ വള്ളത്തിലും നാലും അഞ്ചും ജോലിക്കാർ , ഇങ്ങനെ രാപകലുകൾ ജനനിബിഢമായ കൊച്ചി ബസാർ തിരുവതാംകൂർ – കൊച്ചീ രാജ്യങ്ങളുടെ അന്നദാതാവായി നിലകൊണ്ടു .
കച്ചവടക്കാരിൽ പ്രമുഖർ ഗുജറാത്തി വംശജരായിരുന്നു . ഗുജറാത്തി മുസ്ലിംകളായ കച്ചീമേമന്മാരും, ഹാലായികളും കൊച്ചിയിലെ കച്ചവടക്കാരിൽ പ്രമുഖരായിരുന്നു . ബസാറിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ നാനാജാതി മതസ്ഥർ ഇടതൂർന്നു താമസിക്കുന്നു .”
സുഹൃത്തും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അബ്ദുൽ കലാം ആസാദ് പട്ടണത്തിന്റെ ചില ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .