രചന : ലത അതിയാരത്ത് ✍

പാട്ടൊന്നു പാടുവാൻ മോഹമുണ്ട് എനി-
ക്കൊരു രാഗമിന്നെന്റെ ഉള്ളിലുണ്ട്
വറ്റാത്ത ഉറവപോൽ സ്നേഹമുണ്ട്-
അതിന് താമരപ്പൂപ്പോലെ ഭംഗിയുണ്ട്.
കൈതപൂവിൻ സുഗന്ധമുണ്ടതിന്
കാട്ടുതേനിന്റെ മധുരമുണ്ട്.

മഴവില്ലൊടിച്ചിട്ടുമുടിയിലായ് ചാർത്തിയ
കാട്ടാറിനേക്കാളേറെ ഭംഗിയുണ്ട്.
വെള്ളികൊലുസ്സിട്ട് തുള്ളുന്ന മഴയുടെ
താളത്തിനേക്കാളേറേ താളമുണ്ട്.
ചുണ്ടുചുവപ്പിച്ചു നിൽക്കുന്ന സുന്ദര-
സ്സന്ധ്യയേക്കാളേറേ അഴകുമുണ്ട്.

പൂവിട്ട് പോകവേ വണ്ട് കുടഞ്ഞിട്ട
പുമ്പോടിയേക്കാളേറേ ചന്തമുണ്ട്
നറുവെണ്ണപോലെ മൃദുലതയുണ്ടതിന്
ചന്ദനത്തിന്റെ തണുപ്പുമുണ്ട്.

പാട്ടൊന്നു പാടുവാൻ മോഹമുണ്ട് എനി-
ക്കതിനൊരു രാഗമെന്നുള്ളിലുണ്ട്
കാത്തിരിപ്പിന്റെ ആലസ്യമുണ്ടതിന്
വേഴാമ്പലിനേക്കാൾ ക്ഷമയുണ്ട്.

ലത അതിയാരത്ത്

By ivayana