രചന : റഫീഖ്. ചെറുവല്ലൂർ✍
ഒന്നുമില്ലായ്മയെന്നാൽ
യഥാർത്ഥമീ ജീവിതം തന്നെയോ?
ഏതു ബന്ധങ്ങളെത്ര
തേൻ പുരട്ടിയാലുമതേ,
പറഞ്ഞാലുമെഴുതിയാലുമതേ…
സാമ്പത്തീകമനുഷ്യരായ്,
തർക്കങ്ങളായുടയുന്നു.
ഒറ്റപ്പെട്ട ദ്വീപുകളായ് സ്വയം
മൗനത്തിൻ ഭാരമളക്കുന്നു.
സ്നേഹക്കഥകളെല്ലാം വെറും
വാക്കിലും വരിയിലുമൊടുങ്ങും.
വ്യക്തിസ്വാതന്ത്ര്യമെന്ന പേരിൽ
ജന്മനാ സ്വാർത്ഥതയും,
ഒഴിച്ചു കൂടാപ്രതിബദ്ധതയും
മനോവേദനയാകുന്നൊടുക്കം.
പ്രണയികളും പറയും പരസ്പരം,
ജീവിതമൊരു ഭാരമാകുന്നു!
യൗവ്വനക്കുതിപ്പൊരു കന്മദാകർഷണം.
മിഥ്യാധാരണയാണതിൽ,
മധു കിനിയുമെന്നതു നിത്യം.
കാമം ചടുലമായങ്ങു കത്തിയൊടുങ്ങും,
ചെറുകനലു ബാക്കിയാണെങ്കിൽ
ഉലയും കാറ്റിലതു വീണ്ടുമാളിപ്പടരും.
പല കാരണങ്ങളിൽ പിന്നെയും,
പുകയും കെട്ടടങ്ങും.
കാമമില്ലാത്തൊരു പ്രണയമെങ്കിൽ,
അനശ്വര ദീപ്തി തേടും
മനസ്സാപ്രയാണമത്രെ!
ബാക്കിയിവിടെയീ ജീവിതം
ഒന്നുമില്ലായ്മയെന്ന മിഥ്യ തന്നെ.