രചന : എൻ.കെ. അജിത് ആനാരി✍
വിവാഹ വാർഷികത്തിൽ ഭാര്യയെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന ചിന്തയിലാണ് സോമു
അങ്ങനെയിരിക്കെയാണ് ചില വനിതാ പ്രസിദ്ധീകരണങ്ങൾ സോമുവിന്റെ കണ്ണിൽ പെട്ടത്
അതിൽ ഒരിടത്ത് വിവാഹ വാർഷികത്തിൽ എങ്ങനെ ഭാര്യയെ സന്തോഷിപ്പിക്കാം എന്ന് എഴുതിയിരുന്നത് സോമു ശ്രദ്ധിച്ചു വായിച്ചു മന:പ്പാഠമാക്കി.
വാർഷികത്തലേന്ന്,
സോമുവിന്റെ ഭാര്യ രമ്യ, വിവാഹവാർഷികമല്ലേ, അല്പം നന്മ ചെയ്തേക്കാമെന്നു കരുതി ചില പുതിയ വസ്ത്രങ്ങളും തന്റെ പഴയ വസ്ത്രങ്ങളും വീട്ടിൽ മീനുമായി വരുന്ന തങ്കമണിക്ക് ചില മധുര പലഹാരങ്ങൾ സഹിതം കൊടുത്തു.
വാർഷിക ദിവസം അതിരാവിലെ സോമുകുളിച്ചു. തന്റെ കഷണ്ടിത്തലയിൽ ഉച്ചിയിൽ നിന്നും നാലു വിരക്കട താഴ്ത്തി വലിയ കുറി തൊട്ടു. നടുക്ക് കുങ്കുമം ചാർത്തി. ഇഷ്ടദൈവങ്ങളെ തൊഴുത് തലേന്ന് വായിച്ചു വച്ച മാസിക വീണ്ടുമെടുത്ത് ഒന്നുകൂടി ഭാര്യയെ തൃപ്തിപ്പെടുത്താൻ അതിൽ വിവരിച്ചവ ഓടിച്ചു വായിച്ചു.
സോമു വേഗംതന്നെ അടുക്കളയിലേക്കു കടന്നു. തലേന്ന് താമസിച്ചുറങ്ങിയതിനാൽ സോമുവിന് ഉറക്കക്ഷീണംമാറിയിട്ടില്ലായിരുന്നു.
അയാൾ വേഗം അടുക്കളയിലേക്കു കടന്നുവരുമ്പോൾ കാണുന്നത് പുറം തിരിഞ്ഞു നില്ക്കുന്ന രമ്യയേയാണ്. ക്ഷിപ്രം അകത്തു പോയി മക്കളെക്കൂടി കൂട്ടിക്കൊണ്ടുവന്നു. സോമു അടുക്കള വാതിലിൽ കൂടി അകത്തു കടന്ന് രമ്യയെ പിറകിൽ നിന്നും കെട്ടിപ്പിടിക്കുകയും രമ്യയെ പോലെ തോന്നിച്ച രൂപം മീനുളുമ്പുള്ള കൈ കൊണ്ടടിച്ചതും ഒരു പോലെ കഴിഞ്ഞു. അടി കൊണ്ട മീൻ ചെതുമ്പൽ പതിഞ്ഞ കവിളുമായി നോക്കുമ്പോഴാണ് അത് രമ്യ കൊടുത്ത അവളുടെ ഡ്രസ് ഇട്ട തങ്കമണിയാണെന്ന് ഞെട്ടലോടെ സോമുവിന് മനസ്സിലായത്. തങ്കമണി കൊണ്ടുവന്ന മീൻ തിരക്കായതിനാൽ രമ്യ അവളെക്കൊണ്ടു തന്നെ വെട്ടിക്കുകയും, എന്തോ എടുക്കാൻ പുറത്തേക്കു പോയ സമയത്താണ് സോമു അവിടെ എത്തിയതെന്ന് സ്പഷ്ടം!
അപ്പോഴേക്കും അയ്യോ ഓടിവായോ കൊച്ചമ്മേ എന്നലറി വിളിച്ച് തങ്കമണി അടുക്കള വാതിൽവഴി വടക്കോട്ടു ചാടി.
തുടർന്ന് സ്ഥലകാലബോധം വന്ന് സോമുനോക്കുമ്പോൾ കനലു കത്തുന്ന കണ്ണുകളോടെ ഒരു വിറകു കൊള്ളിയുമായി രമ്യ !
സോമുവിന് ഒരു കാര്യം ബോധ്യമായി. ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല. എന്നാലും അവൻ ഉറക്കെ വിളിച്ചു പറഞ്ഞു, മസിക ചതിച്ചു മോളേ…,, മാസിക ചതിച്ചൂ…..
അപ്പോഴാണ് രമ്യക്കും സ്ഥലകാല ബോധം വന്നത്. എന്നാലും വിവാഹ വാർഷിക ദിനത്തിൽ മീൻകാരിയെ മക്കൾ നോക്കി നില്ക്കെ ആലിംഗനം ചെയ്യാൻ മുതിർന്ന സോമുവിനോട് അവൾക്ക് പുച്ഛം തോന്നി.
ആ സമയം അടക്കളവാതില്ക്കൽ മറ്റ് നാലു കണ്ണുകൾ കൂടി വന്നു. അച്ഛനും അമ്മയും. എല്ലാം ക്ഷമിക്കുന്ന അമ്മയുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് സോമു ആ മാസിക വച്ചുനീട്ടി.
അമ്മയതു വായിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
വിവാഹ ദിവസം അതിരാവിലെ അച്ഛനും, അമ്മയും മകളും നോക്കിനില്ക്കെ ഭാര്യയെ ഗാഡമൊന്നു പുണരുന്നതും, ആ മൂർദ്ധാവിൽ ചുംബിക്കുന്നതും അവളെ എല്ലാവർക്കും മുന്നിൽ അംഗീകരിക്കുന്നതിന് തുല്യമാണെന്നും, അക്കാരണം കൊണ്ടു തന്നെ അവൾ അടിമയെപ്പോലെ ഭർത്താവിനെ, മക്കളെ, അമ്മായി അച്ഛനെ, അമ്മയെ പരിചരിക്കും എന്നൊക്കെ.
അത് വായിച്ചാണ് സോമു ഈ പുതിയ പുറപ്പാടിന് തുനിഞ്ഞത് എന്ന് എല്ലാവർക്കും മനസ്സിലായി. സ്വന്തം അച്ഛന്റെ മുന്നിൽ തലയും താഴ്ത്തി അകത്തേക്ക് പോകും വഴി സോമു ഇത്രയും ഉറക്കെ പറഞ്ഞു.
അവളാ കണക്ക് തെറ്റിച്ചത്. അവളോടാരുപറഞ്ഞു തങ്കമണിക്ക് അവളുടെ പഴയ ഡ്രസ് കൊടുക്കാൻ?
അപ്പോഴാണ് രമ്യക്കും, തങ്കമണിക്കും പറ്റിയ തെറ്റ് മനസ്സിലായത്.
ഒരു നിഷ്കളങ്കനെ ചതിച്ച നീറ്റലോടെ തങ്കമണിയെ ഓടിച്ച് രമ്യ തിരികെ വരുമ്പോൾ, പുറത്ത് മഴ പൊഴിക്കുകയും, അടുപ്പിലെ ചട്ടിയിൽ എന്തോ കരിയുകയും ചെയ്യുന്നുണ്ടായിരുന്നു.
പുതുമഴയിൽ കാന്താരിപ്പല്ലുകൾ കാട്ടി കുഞ്ഞുങ്ങൾ മഴയത്തേക്ക് ചാടവേ,
എന്നാലും ഇവൻ ആള് മോശമല്ല എന്ന് അമ്മ, അച്ഛനോട് പറയുന്നതു കേട്ട് സോമു വീണ്ടും പുരയ്ക്ക് വലം വച്ച് അടുക്കളയിലേക്ക് നീങ്ങുന്നുണ്ടായിരുന്നു…..😛😛😜😛😛😛
വാല്ക്കഷ്ണം : അടുത്ത ദിവസം മാസികയുമായി വന്ന പത്രക്കാരനെ സോമു കണക്കു പറഞ്ഞ് പണം കൊടുത്തു പിരിച്ചുവിട്ടു!