രചന : ബിനോയ് പുലക്കോട് ✍
അന്യഗ്രഹ ജീവികളെ പറ്റി അമ്മക്ക്
കൃത്യമായ ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ചൊവ്വയിലെ വളക്കൂറുള്ള മണ്ണിനെപറ്റി
പലതും അമ്മക്കറിയാം.
ഹബിള്‍ സ്‌പേസ് ടെലസ്‌കോപ്പിനുപോലും
എത്തിപെടാനാവാത്ത,
പ്രകാശ വർഷങ്ങൾക്കകലെയുള്ള
മറ്റൊരു ഗ്യാലക്സിയിലെ
ജീവന്റെ തുടിപ്പുകളെയും,
സഹാറ മരുഭൂമിയുടെ നിഗൂഢതകളും,
അതിനടിത്തട്ടിൽ
ഖനനത്തിനായി കാത്തുകിടക്കുന്ന
ഭീമൻ ദിനോസറുകളുടെ
ഫോസിലുകളെപ്പറ്റിയും
അമ്മക്ക് അനവധി പറയുവാനുണ്ട്.
പക്ഷെ !
ഇതിലേതെങ്കിലുമൊക്കെ
ലോകത്തോട് വിളിച്ചുപറയാൻ
തുടങ്ങുമ്പോഴേക്കും
അരി തിളച്ചു മറിയുന്നത് കാണും.
ഉറക്കച്ചടവിനെ അതിനൊപ്പം
വാർത്തുകളഞ്ഞും,
തലേന്നത്തെ കുറ്റപ്പെടുത്തലുകളെ
കൈക്കല തുണിയിൽ തുടച്ചും,
ചെറിയൊരിടവേളയെ
കറികഷ്ണങ്ങളിൽ തിരഞ്ഞുമങ്ങനെ
നിൽക്കുമ്പോഴാണ്
ഒരു രഹസ്യമെങ്കിലും
ഉറക്കെ വിളിച്ചുപറയാൻ
അമ്മക്ക് തോന്നിയത്.
പറഞ്ഞു തുടങ്ങുമ്പോഴേക്കുമത്
പശുക്കുട്ടിയുടെ അമറലിനൊപ്പം
കലർന്നുപോയി.
ഇനിയിപ്പോൾ,
അതിനൊരു പാട്ട വെള്ളം കൊടുത്ത്,
കൊത്തുകൂടി തളർന്ന കോഴികളെ
തുറന്നുവിട്ട്,
ഇന്നലെ ബാക്കിവന്ന
ചോറെടുത്ത് വിതറിയിട്ട്,
പിന്നെയും ശേഷിച്ച സമയത്തെ
അടിച്ചുവാരി കളഞ്ഞും,
ക്ഷീണത്തെ അലക്കി പിഴിഞ്ഞ് വിരിച്ചിട്ടും,
ഉച്ചമയക്കത്തെ,
കോഴികുഞ്ഞിനെ റാഞ്ചാൻ വന്ന
പരുന്തിനൊപ്പം ഓടിച്ചുവിട്ടും,
ഒടുവിൽ,
അത്താഴത്തിലെ അവസാന വറ്റിനെയും
എണ്ണി തിട്ടപ്പെടുത്തി,
താഴേക്ക് വലിയുന്ന കൺപോളകളുമായി
ഉറക്കത്തെ കഴുകി കമിഴ്ത്തി
ഒരുകാലത്തും
ആരും അറിയാൻ സാധ്യതയില്ലാത്ത
എല്ലാ രഹസ്യങ്ങളും പുതച്ചുമൂടി
കട്ടിലിന്റെ, ചുമരിനോട് ചേർന്നുള്ള
മൂലയിൽ അമ്മ ചുരുണ്ടുകൂടും.