രചന : സഫൂ വയനാട്✍
രാത്രിയെന്നോ,പകലെന്നോ
വെയിലെന്നോ മഴയെന്നോ
ഓർമ്മയില്ലാത്തൊരു
അസുലഭ നിമിഷത്തിൽ
ന്റെ വാടിയിലൊരു വയലറ്റ്
പൂവ് മൊട്ടിടും.
ആദ്യമായതിന്റെ ഹൃദയത്തിലൊരു
മഞ്ഞുതുള്ളി തൊട്ട പോൽ
നിന്റെ മുഖം ഞാൻ ദർശിക്കും
തീ നിറച്ച ഉച്ഛ്വാസ വായുവിന്റെ
അവസാന വിയർപ്പു തുള്ളിയും
നിന്നിലേക്കുതിർത്തു കാൽ നഖ
തുമ്പ് തൊട്ടു ചുരുൾ മുടിപ്പിളർപ്പോളം
ഞാനൊരു സൂര്യനെ വരയ്ക്കും.
അധരങ്ങളിൽ പൂത്ത ചുംബന
നനവിൽ നാക്കിൻ തുമ്പിൽ
നക്ഷത്രങ്ങൾ പൊടിയുമ്പോൾ
രാസപരിണാമത്തിന്റെ
പിച്ചകവള്ളികൾ നൂണ്ടുവന്നു
ഉടലുതൊട്ടാത്മാവോളമെന്നെ
വരിഞ്ഞു മുറുക്കും
നിന്റെ തീയിൽ എന്റെ മറുകുകൾ
വെന്തു പാകമാവുകയും
നിന്റെ നോട്ടത്താൽ എന്നിലൂടനീളം
പൂമ്പാറ്റകൾ വിരിയുകയും
നിന്റെ ചേർത്തു വെക്കലുകളിൽ
എന്നിലെ മഴമേഘങ്ങൾ
തോരുകയും ചെയ്യും.
ജീവ ശാസ്ത്രത്തിന്റെ
തന്മാത്രകളൊന്നാകെ
മദനോത്സവമാടുമ്പോൾ
പെയ്ത്തുത്സവത്തിനു
നമ്മുടെ പ്രണയം വേദിയൊരുക്കും
ശ്വേതരക്‌താണുക്കൾ
ഉന്മാദത്തെ വരക്കയും
അഡ്രീനൽ ഗ്രന്ഥികൾ
ആനന്ദ നൃത്തമാടുകയും
വിലക്കപ്പെട്ട കനികൾ
രസമുകുളങ്ങളാൽ
ത്രസിപ്പിക്കപ്പെടുകയും
പ്രണയവാടി ഒന്നാകെയും സുഗന്ധമുള്ള
കാട്ടുപൂക്കൾ വിരിയിക്കുകയും
ചെയ്യുന്നതെത്ര ആവേശത്തോടെയാണ്…
ഒടുവിലറിഞ്ഞ ശ്വാസ രുചിക്കൊപ്പം
എന്നിലേക്കുണർന്നു നീയൊരു
കവിത തൊട്ടു വച്ചു
തിരികെ നടക്കുമ്പോൾ കൺപീലി
നനവിലൊരു കനലു നിറച്ചു വച്ചു
അണയാതെ കാക്കണമെന്ന്
അസ്ഥി പൊട്ടുമാറണച്ചു പിടിക്കുന്നു.
നിന്റെ ധമനികളിലൂടെയൊരു
നിലാവ് പതഞ്ഞൊഴുകുകയും
ഒരു സമുദ്രമായത് പുറത്തേക്ക്
ഒഴുകുകയും ചെയ്യുന്നു
ഹാ…എൻറെ വാടിയിൽ ഒരു
മിന്നാമിന്നി വെട്ടം
ഒന്നല്ല,രണ്ടല്ല ലക്ഷത്തി അമ്പതു വെട്ടങ്ങൾ!
വേരാഴങ്ങളിൽ പോലും കനവ് പൂക്കുന്നു
നിറയെ കിളികൾ, തുമ്പികൾ
അവയെന്റെ കൈപിടിക്കുന്നു
പൊട്ടിപോയൊരാകാശം നിർവൃതി പൂണ്ടു
പിന്നെയും വിശാലമാകുന്നു.
മുറിഞ്ഞു പോയൊരു മുളം തണ്ട്
നീയെന്നുമാത്രം മീട്ടുന്നു.
ഹൃദയസ്പന്ദന ശാഖികളിൽ
ചുടുല താളങ്ങളാർന്ന
വിയർപ്പു ജലപാതകൾ
ദിശയറിയാത്തയേതോ ഭ്രാന്തൊഴുകും
വിനാഴികകളുടെ ആലസ്യത്തിൽ വീണ്ടും
പുതു രസതന്ത്രങ്ങൾ മെനയുന്നു
നോക്കൂ…
നീ വഴിവെട്ടിയതിൽ പിന്നെ
എന്റെ വീഥികളിൽ
എത്രയെത്ര മഴവിൽ വർണ്ണങ്ങളാണ്.